വാർഡ് വിഭജന നടപടി തുടങ്ങി; കേരള എസ്​റ്റേറ്റ് ഗ്രാമപഞ്ചായത്തിന് ആവശ്യമുയരുന്നു

കരുവാരകുണ്ട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് രണ്ടുവർഷം അടുത്തെത്തിനിൽക്കെ വാർഡ് വിഭജന നടപടികൾ തുടങ്ങി. ഇതി​െൻറ ഭാഗമായി ഗ്രാമപഞ്ചായത്തുകളിലെ നിലവിലുള്ള വിവരങ്ങൾ പ്രത്യേക സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. വില്ലേജ് അടിസ്ഥാനത്തിൽ ഗ്രാമപഞ്ചായത്തുകളെ ക്രമീകരിക്കുക എന്നത് കാലങ്ങളായുള്ള ആവശ്യമാണ്. ഇപ്പോൾ പല ഗ്രാമപഞ്ചായത്തുകളും ഒന്നിൽ കൂടുതൽ വില്ലേജുകൾ ഉൾക്കൊള്ളുന്നതാണ്. ചിലയിടങ്ങളിൽ മൂന്ന് വില്ലേജുകൾ വരെയുണ്ട്. ഇത് ജനങ്ങൾക്ക് കടുത്ത പ്രയാസങ്ങളാണുണ്ടാക്കുന്നത്. ഇത്തവണ ഇതിന് പരിഹാരം കാണാൻ നീക്കമുണ്ടെന്നാണ് വിവരം. ഗ്രാമപഞ്ചായത്തിൽ എത്ര വില്ലേജുകളുണ്ട് എന്ന് സമിതി പ്രത്യേകം ചോദിക്കുന്നുണ്ട്. കരുവാരകുണ്ട് ഗ്രാമപഞ്ചായത്തിൽ നിലവിൽ 21 വാർഡുകളാണുള്ളത്. കരുവാരകുണ്ട്, കേരള എസ്റ്റേറ്റ് എന്നീ വില്ലേജുകളുമുണ്ട്. 20 വാർഡുകളിൽ കൂടുതലുള്ളതും 25,000ത്തിനുമേൽ ജനസംഖ്യയുള്ളതുമായ ഗ്രാമപഞ്ചായത്തുകൾ വിഭജിക്കാമെന്നുണ്ടെങ്കിലും കഴിഞ്ഞതവണ പഞ്ചായത്ത് വിഭജന അജണ്ട സർക്കാറിനുണ്ടായിരുന്നില്ല. ഇത്തവണ വാർഡ് വിഭജനത്തിൽ രണ്ടുമുതൽ നാലുവരെ വാർഡുകൾ കൂടിയേക്കും. 40,000ത്തിലേറെയാണ് ഗ്രാമപഞ്ചായത്തിലെ ജനസംഖ്യ. മിക്ക വാർഡുകളിലും ആയിരത്തിലേറെ വോട്ടർമാരുമുണ്ട്. ചില വാർഡുകളിൽ ഇത് രണ്ടായിരത്തിനടുത്താണ്. കരുവാരകുണ്ടിനെ വിഭജിച്ച് കേരള എസ്റ്റേറ്റ് ഗ്രാമപഞ്ചായത്തുണ്ടാക്കുകയെന്നത് ഈ മേഖലയിലെ ജനങ്ങളുടെ വർഷങ്ങളായുള്ള ആവശ്യമാണ്. ഇതിനോട് തൊട്ടടുത്തുള്ള അവികസിത ഗ്രാമങ്ങളായ അടക്കാകുണ്ട്, നീലാഞ്ചേരി എന്നിവ കൂട്ടിച്ചേർത്ത് മലയോര ഗ്രാമപഞ്ചായത്ത് വേണമെന്നാണ് ആവശ്യം. കേരള എസ്റ്റേറ്റ്, കൽക്കുണ്ട് എന്നീ മേഖലകളിലും അരിമണൽ, കുട്ടത്തി, തുരുമ്പോട തുടങ്ങിയ ഉൾപ്രദേശങ്ങളിലും വികസനം വേണ്ടത്ര എത്തിയിട്ടില്ല. ആയിരക്കണക്കിന് കുടുംബങ്ങൾ താമസിക്കുന്ന ഈ മേഖലയിൽ ഒരു യു.പി സ്കൂൾ, രണ്ട് ബദൽ സ്കൂളുകൾ എന്നിവ മാത്രമാണുള്ളത്. ആരോഗ്യ കേന്ദ്രവുമില്ല. ഗതാഗത മാർഗങ്ങളും കുറവാണ്. പാന്ത്ര, മഞ്ഞൾപാറ പോലുള്ള തൊഴിലാളി കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളിൽ സ്വന്തമായി വീടില്ലാത്ത നിരവധി കുടുംബങ്ങളാണുള്ളത്. പുറംലോകവുമായി ബന്ധമില്ലാത്ത പട്ടികജാതി-വർഗ കോളനികളും ഒന്നിലധികമുണ്ട്. വാർഷിക പദ്ധതി ഫണ്ട് വാർഡുകളിൽ തുല്യമായി വീതംവെക്കുമ്പോൾ ജനസംഖ്യയും വിസ്തൃതിയും നിർധനരും താരതമ്യേന ഇരട്ടിയോളം വരുന്ന ഈ മേഖല അവഗണിക്കപ്പെടാറാണ് പതിവ്. യു.ഡി.എഫ് സർക്കാറി​െൻറ കാലത്ത് കേരള എസ്റ്റേറ്റ് ഗ്രാമപഞ്ചായത്ത് വേണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് മണ്ഡലം കമ്മിറ്റി മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. ഗ്രാമപഞ്ചായത്ത് എന്ന ആവശ്യവുമായി വീണ്ടും രംഗത്തിറങ്ങാനൊരുങ്ങുകയാണ് പ്രദേശവാസികൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.