ഗെയിൽ: കീഴുപറമ്പിലെ പ്രവൃത്തി അവസാനഘട്ടത്തിലായേക്കും

അരീക്കോട്: കീഴുപറമ്പ് ഗ്രാമപഞ്ചായത്തിൽ ഗെയിൽ വാതക പൈപ്പ് ലൈൻ സ്‌ഥാപിക്കുന്ന പ്രവൃത്തി ജില്ലയിൽ ഏറ്റവും ഒടുവിൽ നടത്തിയേക്കും. മലപ്പുറം നഗരസഭയിലെയും മാറാക്കര, പൂക്കോട്ടൂർ, പുൽപ്പറ്റ, കാവനൂർ, അരീക്കോട് ഗ്രാമപഞ്ചായത്തുകളിലെയും പ്രവൃത്തി പൂർത്തീകരിച്ചിട്ടേ കീഴുപറമ്പിലേക്ക് പ്രവേശിക്കൂ എന്നാണ് സൂചന. കീഴുപറമ്പിന് തൊട്ടടുത്തുള്ള കോഴിക്കോട് ജില്ലയിലെ എരഞ്ഞിമാവിൽ പൈപ്പിടൽ പ്രവൃത്തിയുമായി ബന്ധപ്പെട്ട് രൂക്ഷമായ പ്രശ്നങ്ങളാണ് നടന്നത്. ആകെ 73 കിലോമീറ്റർ ജനവാസകേന്ദ്രത്തിലൂടെ ഗെയിൽ പൈപ്പ് ലൈൻ കടന്നുപോകുമ്പോൾ ഒമ്പത് കിലോമീറ്റർ കീഴുപറമ്പിലൂടെയായിരിക്കും. ഒരുവീട് പോലും നഷ്ടപ്പെടില്ല എന്ന് അധികൃതർ ഉറപ്പുനൽകുന്നുണ്ടെങ്കിലും ജില്ലയിലെ ഏറ്റവും ജനസാന്ദ്രതയേറിയതും ഏറ്റവും വിസ്തൃതി കുറഞ്ഞ രണ്ടാമത്തെ ഗ്രാമപഞ്ചായത്തുമായ കീഴുപറമ്പിലെ ജനങ്ങൾക്ക് ഇക്കാര്യത്തിൽ വലിയ ആശങ്കയാണുള്ളത്. 175 വീടെങ്കിലും നഷ്ടപ്പെട്ടേക്കാമെന്ന് സമരസമിതി ഭാരവാഹികൾ പറയുന്നുണ്ട്. കീഴുപറമ്പിനെ സംബന്ധിച്ച് വീടുകൾ നഷ്ടപ്പെടാതെ പൈപ്പ് ലൈൻ കൊണ്ടു പോകുന്നത് എങ്ങനെ സാധിക്കും എന്ന ചോദ്യമാണ് ഇവിടത്തെ ജനപ്രതിനിധികൾ ഉയർത്തുന്നത്. ആശങ്ക സംബന്ധിച്ച് ഒരു വ്യക്തതയും ഗെയിൽ അധികൃതർ ഇതുവരെയും വരുത്താൻ ശ്രമിക്കാത്ത സാഹചര്യത്തിൽ കടുത്ത ചെറുത്തുനിൽപ്പ് കീഴുപറമ്പിൽ ഇരകളുടെ ഭാഗത്തുനിന്ന് ഉണ്ടാകാനിടയുണ്ടെന്ന വിവരത്തെത്തുടർന്നാണ് ഇവിടത്തെ പ്രവൃത്തി അന്തിമഘട്ടത്തിലേക്ക് മാറ്റിവെച്ചതെന്നും പറയപ്പെടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.