കേരള പ്രീമിയർ ലീഗ് ഫുട്ബാളിന് തിരൂർ സ്​റ്റേഡിയം: ഹോം ഗ്രൗണ്ടിന് നഗരസഭയുടെ പച്ചക്കൊടി കാത്ത് സാറ്റ്

തിരൂർ: കേരള പ്രീമിയർ ലീഗ് ഫുട്ബാൾ മത്സരത്തിന് താഴെപ്പാലം രാജീവ് ഗാന്ധി സ്മാരക മുനിസിപ്പൽ സ്റ്റേഡിയം വേദിയാക്കാൻ നഗരസഭയുടെ കനിവ് തേടി സാറ്റ് (സ്പോർട്സ് അക്കാദമി തിരൂർ) ഫുട്ബാൾ ടീം. അറ്റകുറ്റപ്പണിക്ക് അടച്ചുപൂട്ടിയ സ്റ്റേഡിയത്തിൽ കളിക്കാൻ നഗരസഭ പച്ചക്കൊടി ഉയർത്തണം. സാറ്റ് ഹോം ഗ്രൗണ്ടായി തെരഞ്ഞെടുത്തിട്ടുള്ളത് തിരൂർ സ്റ്റേഡിയമാണ്. വിഷു ദിനത്തിലാണ് ഇവരുടെ ആദ്യകളി. കഴിഞ്ഞവർഷം ഏറെ ആവേശമായി പ്രീമിയർ ലീഗിന് ഇത്തവണയും തിരൂർ വേദിയാകണോയെന്ന തീരുമാനത്തിൽ പന്ത് നഗരസഭയുടെ കോർട്ടിലാണ്. അറ്റകുറ്റപ്പണിക്ക് നഗരസഭ ഒരുമാസത്തിലേറെയായി സ്റ്റേഡിയം അടച്ചിട്ടിരിക്കുകയാണ്. പ്രഭാത സവാരിക്കാരെ വരെ പുറത്താക്കിയാണ് സ്റ്റേഡിയം സംരക്ഷണം നഗരസഭ ഏറ്റെടുത്തത്. നന ലഭിച്ചതിനെ തുടർന്ന് മൈതാനത്തെ പുൽ മിക്കഭാഗത്തും പൂർവ സ്ഥിതിയിലായിട്ടു‍ണ്ട്. മറ്റ് പ്രവൃത്തികൾ നഗരസഭയുടെ അണ്ടജയിലില്ല. സ്റ്റേഡിയം തുറക്കുന്നത് സംബന്ധിച്ച് നഗരസഭ മനസ്സ് തുറന്നിട്ടില്ല. കളിക്ക് അനുമതി തേടി നഗരസഭക്ക് കത്ത് നൽകിയതായി സാറ്റ് മാനേജറും നഗരസഭ കൗൺസിലറുമായ വി. മൊയ്തീൻകുട്ടി അറിയിച്ചു. സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം വിലക്കിയിട്ടുള്ളതിനാൽ കാക്കടവിലെ മൈതനായിലാണ് സാറ്റ് ടീം പരിശീലനം നടത്തുന്നത്. കഴിഞ്ഞവർഷം ടൂർണമ​െൻറിൽ സാറ്റ് സെമിഫൈനലിൽ പ്രവേശിച്ചിരുന്നു. നഗരസഭ അനുകൂല നിലപാടെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മൊയ്തീൻകുട്ടി പറഞ്ഞു. അറ്റകുറ്റപ്പണി പൂർത്തിയായിട്ടില്ലാത്തതിനാൽ സ്റ്റേഡിയം തുറക്കുന്നത് സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ലെന്ന് നഗരസഭധ്യക്ഷൻ അഡ്വ. എസ്. ഗിരീഷ് പറഞ്ഞു. പണികൾ പുരോഗമിക്കുകയാണ്. പുൽ വളരാത്ത ഭാഗങ്ങളിൽ പുതിയതിനായി വിത്ത് പാകിയിട്ടുണ്ട്. മറ്റ് പണികളും ബാക്കിയുണ്ട്. എങ്കിലും പ്രീമിയർ ലീഗിന് മാത്രമായി സ്റ്റേഡിയം വിട്ടുനൽകുന്നത് പരിഗണിച്ച് വരികയാണെന്നും ഉടൻ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. നഗരസഭ സ്റ്റേഡിയം അനുവദിച്ചാലും കളിക്ക് പാകപ്പെടുത്തേ ണ്ടതുണ്ടെന്ന് കായിക പ്രേമികൾ ചൂണ്ടിക്കാട്ടുന്നു. അശാസ്ത്രീയമായ ഉപയോഗം മൂലം മൈതാനിയുടെ സമനിരപ്പ് നഷ്ടമായിട്ടുണ്ടെന്നും ഇത് പൂർവ സ്ഥിതിയിലാക്കാതെ കളി നടത്താനാകില്ലെന്നും ഇവർ പറയുന്നു. നഗരസഭ ഉടൻ അനുകൂല നിലപാടെടുത്താലേ ഇത് സാധ്യമാകുകയുള്ളൂവെന്ന് ഫുട്ബാൾ താരങ്ങൾ വ്യക്തമാക്കി. നഗരസഭ പച്ചക്കൊടി ഉയർത്തിയില്ലെങ്കിൽ കേരളത്തിലെ പ്രമുഖ ടൂർണമ​െൻറിന് വേദിയാകാനുള്ള അവസരമാണ് തിരൂരിന് നഷ്ടമാകുക. സാറ്റ് തിരൂരി‍​െൻറ ആദ്യ കളി കൊച്ചിൻ പോർട്ട് ട്രസ്റ്റിനെതിരെയാണ്. കേരള പൊലീസ്, എസ്.ബി.ഐ, കേരള ബ്ലാസ്റ്റേഴ്സ് എന്നിവക്കെതിരെയും ഇവിടെ കളികളുണ്ടാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.