സെക്രട്ടറിക്കെതിരെ അച്ചടക്ക നടപടിക്ക് തിരൂരങ്ങാടി നഗരസഭ കൗൺസിൽ യോഗം ചേരുന്നു

തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭ സെക്രട്ടറിയെ മാറ്റുന്ന കാര്യം ചർച്ച ചെയ്യാൻ 18ന് കൗൺസിൽ ചേരുന്നു. സെക്രട്ടറി എസ്. ജയകുമാറിനെതിരെയാണ് ഭരണസമിതി രംഗത്ത് വന്നിരിക്കുന്നത്. സെക്രട്ടറിക്കെതിരെ നിരവധി കുറ്റങ്ങളാണ് നഗരകാര്യ ഡയറക്ടർക്ക് ചെയർപേഴ്സൻ തയാറാക്കിയ പരാതിയിൽ പറയുന്നത്. നഗരസഭ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം നഗരസഭ കൗൺസിലി​െൻറയും ചെയർപേഴ്സ​െൻറയും നിയമപ്രകാരമുള്ള നിർദേശങ്ങൾ സെക്രട്ടറി പാലിക്കുന്നില്ലെന്ന് പരാതിയിൽ പറയുന്നു. നഗരസഭ വാർഷിക പദ്ധതിയുടെ പ്ലാൻ കോഓഡിനേറ്ററായ അദ്ദേഹം പദ്ധതി തുക വിനിയോഗിക്കുന്നതിൽ കാണിച്ച അലംഭാവം വികസന പ്രവർത്തനങ്ങളിൽ വലിയ ഇടിവുണ്ടാക്കിയെന്നും 2017-18 വർഷത്തെ പദ്ധതി നിർവഹണം പൂർത്തിയാക്കേണ്ട അവസാന സമയങ്ങളിൽ പോലും ഇവ ചെലവഴിക്കാൻ ഒരു പരിശ്രമവും നടത്തിയില്ലെന്നും ഇതുസംബന്ധിച്ച് ചെയർപേഴ്‌സ‍​െൻറ നിർദേശത്തെ പുച്ഛിച്ച് തള്ളുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു. പദ്ധതി നിർവഹണം പൂർത്തീകരിച്ച് പദ്ധതി വിഹിതം ചെലവഴിക്കുന്നതുമായി ബന്ധപ്പെട്ട് മാർച്ച് 27ന് ക്രിയാത്മകമായ നിർദേശങ്ങൾ നൽകിയ ചെയർപേഴ്‌സനോട് സഭ്യേതര ഭാഷയിൽ സംസാരിച്ചതിന് തിരൂരങ്ങാടി പൊലീസ് കേസെടുത്തിട്ടുണ്ട്. ഡയറി ഫാം നിർമിക്കാൻ അപേക്ഷ നൽകിയ സ്വകാര്യ വ്യക്തിക്ക് ചട്ടവിരുദ്ധമായി നമ്പർ അനുവദിച്ചതായും കത്തിൽ പറ‍യുന്നു. ധനകാര്യ വകുപ്പിലെ ഉദ്യോഗസ്ഥരുടെ സ്റ്റാറ്റ്യൂട്ടറി ചുമതലയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇടപെട്ട് ജനപ്രതിനിധിയോടൊപ്പം ജോലിചെയ്യാൻ ഒരു സർക്കാർ ഉദ്യോഗസ്ഥൻ എന്ന നിലക്ക് തനിക്ക് സാധിക്കില്ലെന്നും മറ്റും രേഖപ്പെടുത്തി ചെയർപേഴ്‌സന് കുറിപ്പ് നൽകിയ ശേഷം താലൂക്ക് ആശുപത്രിയിൽനിന്ന് മെഡിക്കൽ സർട്ടിഫിക്കറ്റ് തരപ്പെടുത്തി ഇദ്ദേഹം അവധിയിൽ പോവുകയായിരുന്നു. ഇക്കഴിഞ്ഞ ബജറ്റ് അവതരണ യോഗത്തിലും സെക്രട്ടറി ഹാജരാവുകയോ, മറ്റൊരാൾക്ക് ചുമതല നൽകുകയോ നഗരസഭ ചെയർപേഴ്‌സനെ അറിയിക്കുകയോ ചെയ്തില്ല. തുടർന്ന് ഓഫിസ് ഫയലുമായി ചെന്ന നഗരസഭ ജീവനക്കാരോട് സഭ്യേതര ഭാഷയിൽ സംസാരിച്ചു. കെട്ടിടനിർമാണവുമായി ബന്ധപ്പെട്ട് നിയമാനുസൃതം മാത്രമേ പെർമിറ്റും ഒക്യുപൻസിയും അനുവദിക്കാവൂ എന്ന് നിർദേശം നൽകിയ ചെയർപേഴ്‌സന് അത് ത​െൻറ അധികാരമാണെന്ന മറുപടിയാണ് സ്ഥിരമായി നൽകുന്നത്. ബഹുനില കെട്ടിടങ്ങൾക്ക് ഫയർ എൻ.ഒ.സിയോ, കെ.എം.ബി.ആറിൽ പറയുന്ന അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാതെ കെട്ടിട നമ്പർ അനുവദിക്കുന്ന സെക്രട്ടറിയുടെ നടപടിയിൽ വ്യാപക പ്രതിഷേധവും പരാതിയുമുള്ളതായും പരാതിയിൽ പറയുന്നു. നഗരസഭയുടെ കത്തിടപാടുകൾ ചെയർപേഴ്‌സനെ അറിയിക്കാതെയാണ് സെക്രട്ടറി ചെയ്യുന്നത്. 25,000 രൂപയിൽ കൂടുതൽ തുകക്കുള്ള ചെലവുകൾ നിർവഹിക്കുന്നതുതന്നെ അറിയിക്കാറില്ലെന്നും ഫയലുകൾ കാണിക്കാറില്ലെന്നും പരാതിയിലുണ്ട്. കെട്ടിട നിർമാണ അപേക്ഷകളിൽ എടുത്ത നടപടികളും സാമ്പത്തിക ഇടപാടുകളിൽ സ്വീകരിച്ച നടപടികളും അന്വേഷിക്കണമെന്നും ചെയർപേഴ്‌സൻ പരാതിയിൽ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.