'കണ്ടകശനി' വിട്ടൊഴിയാതെ ഒറ്റപ്പാലം നഗരസഭ ബസ്​സ്​റ്റാൻഡ്

ഒറ്റപ്പാലം: കൊട്ടിഘോഷിച്ച് നിർമാണോദ്‌ഘാടനം നടക്കുമ്പോൾ ആലോചനയിൽപോലും ഇല്ലാതിരുന്ന പല ബൃഹത് പദ്ധതികളും യാഥാർഥ്യമായി വർഷങ്ങൾ പിന്നിടുമ്പോഴും ഒറ്റപ്പാലം നഗരസഭ ബസ്സ്റ്റാൻഡി​െൻറ 'കണ്ടകശനി' വിട്ടൊഴിയുന്നില്ല. അനാവശ്യമായി 13 വർഷങ്ങളെടുത്ത് കോടികൾ തുലച്ചിട്ടും ലക്ഷ്യത്തിലെത്താത്ത ബസ്സ്റ്റാൻഡ്, നീതിതേടി കോടതികളെ വരെ സമീപിക്കേണ്ട അവസ്ഥയിലെത്തിനിൽക്കുന്നു. 2005ൽ പദ്ധതിക്ക് തറക്കല്ലിടുമ്പോൾ 3.51 കോടിയുണ്ടായിരുന്നത് ഇന്നിപ്പോൾ എത്തിനിൽക്കുന്നത് 21 കോടി രൂപയിലാണ്. തറക്കല്ലിട്ടതി​െൻറ തൊട്ടടുത്ത വർഷം ആരംഭിച്ച നിർമാണം നഗരസഭയും കരാറുകാരനുമായുണ്ടായ തർക്കത്തെ തുടർന്ന് അധികം വൈകാതെതന്നെ സ്തംഭനാവസ്ഥയിലായി. പ്രശ്നപരിഹാരത്തിനുള്ള സർക്കാർ ഉത്തരവിനായി കാത്തിരിക്കേണ്ടി വന്നത് പിന്നെയും രണ്ടരവർഷം. മുടങ്ങിയും മുടന്തിയും നടന്ന നിർമാണം പിന്നീട് സ്ഥിരം സ്തംഭനത്തിലാണെത്തിച്ചത്. നിശ്ചലമായ നിർമാണം പുനരാരംഭിക്കാൻ രണ്ടാം ഉദ്‌ഘാടനം നടത്തേണ്ടി വന്നു. 2011ൽ മന്ത്രിയായിരുന്ന പി.കെ. കുഞ്ഞാലിക്കുട്ടിയാണ് ഇത് നിർവഹിച്ചത്. അപ്പോഴേക്കും എസ്റ്റിമേറ്റ് 14.82 കൊടിയായും ഉയർന്നിരുന്നു. ഫണ്ട് കണ്ടെത്താൻ കേരള അർബൻ ആൻഡ് റൂറൽ ഡെവലപ്‌മ​െൻറ് ഫിനാൻസ് കോർപറേഷനുമായി ധാരണയാവുകയും 12.86 കോടി രൂപ വായ്പ അനുവദിക്കുകയുമുണ്ടായി. ഇക്കാലയളവിൽ നിർമാണത്തെച്ചൊല്ലി കോടതിയിൽ വ്യവഹാരവും കരാറുകാരനും സെക്രട്ടറിയും തമ്മിൽ ൈകയാങ്കളിയും വീണ്ടും ടെൻഡർ ക്ഷണിക്കലും തുടങ്ങിയ നാടകങ്ങൾ പലത് അരങ്ങേറി. 2005ൽ നടന്ന കല്ലിടൽ ചടങ്ങിൽ രണ്ടുവർഷം കൊണ്ട് പൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ച പദ്ധതിയുടെ മുക്കാലും പൂർത്തിയാക്കാനായത് 2014ഓടെയാണ്. എന്നാൽ, സുപ്രധാന നിർമാണങ്ങൾ എസ്റ്റിമേറ്റിൽ ഉൾപ്പെട്ടിട്ടില്ലെന്ന തിരിച്ചറിവുണ്ടായത് ഇക്കാലത്താണ്. ബസ്സ്റ്റാൻഡ് പ്രവർത്തിക്കാനാവശ്യമായ അടിസ്ഥാന പ്രവൃത്തികളാണ് എസ്റ്റിമേറ്റ് തയാറാക്കിയതിൽ വിട്ടുപോയത്. തൃശൂരിലെ ഗവ. എൻജിനീയറിങ് കോളജ് വിദഗ്ധരെ ചുമതലപ്പെടുത്തിയാണ് വിട്ടുകളഞ്ഞ നിർമാണങ്ങൾ ഉൾപ്പെടുത്തി പുതിയ എസ്റ്റിമേറ്റ് തയാറാക്കിയത്. ഇതിനിടെ കേരള അർബൻ ആൻഡ് റൂറൽ ഡെവലപ്‌മ​െൻറ് ഫിനാൻസ് കോർപറേഷനിൽനിന്ന് വീണ്ടുമെടുത്ത വായ്‌പയുടെ തിരിച്ചടവ് പലവട്ടം മുടങ്ങി. ഭീമമായ പലിശത്തുക അടക്കാൻ വീണ്ടും വായ്പ വേണമെന്ന അവസ്ഥയാണ്. മുന്നൂറിലേറെ ബസുകൾ കയറിയിറങ്ങുന്ന നിലവിലെ സ്റ്റാൻഡിൽ യാത്രക്കാർക്ക് സുരക്ഷയോ അടിസ്ഥാന സൗകര്യങ്ങളോ ഇല്ല. വിപുലീകരണ ഭാഗമായി നിലവിലെ ബസ്സ്റ്റാഡിൽ പാതിവഴിയിലായി നിൽക്കുന്ന നിർമാണ പ്രവൃത്തികൾ പരിമിതമായ സ്ഥലവും നഷ്ടമാക്കി. അസൗകര്യങ്ങളും അപകടങ്ങളും പതിവായതോടെ സ്റ്റാൻഡ് വിഷയം താലൂക്ക് വികസന സമിതി യോഗങ്ങളിലെ മുഖ്യ പരാതികളിലൊന്നായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.