ഈ വേനൽക്കാലത്ത് അട്ടപ്പാടിയിൽ പൊലീസ് 'ആടും പാടും'

അഗളി: അട്ടപ്പാടിയെ ലഹരിമുക്തമാക്കാനും ജനങ്ങളുമായി സൗഹൃദം വർധിപ്പിക്കാനും പുതിയ രീതികളുമായി പൊലീസ്. 'ഒരു വേനൽക്കാല നിനവ്' പേരിൽ കുട്ടികളിലെ സർഗാത്മക കഴിവ് പ്രോത്സാഹിപ്പിക്കുകയും പഠനത്തിൽ താൽപര്യം വർധിപ്പിക്കുകയും വഴി പുതുതലമുറയെ ലഹരിമുക്തമാക്കുകയാണ് ലക്ഷ്യം. നഴ്സറി കുട്ടികൾ മുതൽ മുതിർന്നവരെ വരെ പദ്ധതിയിൽ ഉൾപ്പെടുത്തുന്നുണ്ട്. വൈകീട്ട് അഞ്ചോടെ പലഹാരങ്ങളും മിഠായി പൊതിയുമായി പൊലീസ് വാഹനങ്ങൾ ഊരുകളിലെത്തും. ഊരുമൂപ്പൻ, എസ്.ടി പ്രൊമോട്ടർ, കുടുംബശ്രീ ഭാരവാഹികൾ എന്നിവരെ പങ്കെടുപ്പിച്ച് ഊരിലെ പ്രധാന വിഷയങ്ങളും പ്രശ്നങ്ങളും ചർച്ച ചെയ്യും. ലഹരി ഉപയോഗമുണ്ടാക്കുന്ന ദൂഷ്യ വശങ്ങളെക്കുറിച്ച് ഊരുവാസികൾക്ക് ഉപദേശവും നൽകും. പരമ്പരാഗത ആട്ടവും പാട്ടുമെല്ലാമുണ്ടാകും. കുട്ടികൾക്ക് കൗതുകകരവും വിജ്ഞാനപ്രദവുമായ സിനിമകൾ പ്രദർശിപ്പിക്കും. അട്ടപ്പാടിയിലെ 192 ആദിവാസി ഊരിലും പദ്ധതിയുമായി ഈ വേനൽക്കാലത്തുതന്നെ എത്താനാണ് ലക്ഷ്യമിടുന്നത്. അഗളി സർക്കിൾ ഇൻസ്പെക്ടർ സലീഷ് എൻ. ശങ്കറാണ് പദ്ധതിക്ക് രൂപം നൽകിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.