ജീവകാരുണ്യ പ്രവർത്തനത്തിൽ മാതൃകയായി വല്ല്യാളക്കൽ ക്ഷേത്ര കമ്മിറ്റി

തിരൂരങ്ങാടി: സംഭാവനയായി ലഭിച്ചതിൽ മിച്ചം വന്ന അരി പാവപ്പെട്ടവർക്ക് നൽകി ക്ഷേത്രകമ്മിറ്റിയുടെ മാതൃക. തൃക്കുളം വല്ല്യാളക്കൽ ക്ഷേത്ര കമ്മിറ്റിയാണ് ക്ഷേത്രകലങ്കരി ഉത്സവത്തിന് സംഭാവനയായി ലഭിച്ച അരി ദാനം ചെയ്തത്. അന്നദാനത്തിലേക്ക് ലഭിച്ച അരി ഉപയോഗിച്ച് ഉത്സവത്തിന് ക്ഷേത്രത്തിൽ എത്തിയ എല്ലാവർക്കും പ്രസാദ ഊട്ട് നടത്തിയിരുന്നു. മിച്ചംവന്ന അരി പള്ളിപ്പടി മുതൽ വെന്നിയൂർപറമ്പ് വരെയുള്ള സ്ഥലങ്ങളിൽനിന്ന് നിത്യരോഗികൾ, വിധവകൾ, ആൺമക്കൾ ഇല്ലാത്തവർ, ക്വാർട്ടേഴ്‌സിൽ താമസിക്കുന്നവർ എന്നീ വിഭാഗങ്ങളിൽപ്പെട്ട പാവപ്പെട്ട കുടുംബങ്ങളെ കണ്ടെത്തി അവരുടെ വീടുകളിൽ എത്തിക്കുകയായിരുന്നു. കഴിഞ്ഞ മൂന്നുവർഷമായി ക്ഷേത്രകമ്മിറ്റി ഇത്തരത്തിൽ ജീവകാരുണ്യ പ്രവർത്തനം നടത്തുന്നു. കോഹിനൂരിലെ ശ്രീലക്ഷ്മി ബാലിക സദനത്തിലേക്കും മൂന്നുവർഷമായി അരി നൽകി വരുന്നുണ്ട്. മൊത്തം 50ഓളം കുടുംബങ്ങൾക്ക് അരി വിതരണം നടത്തി. അരി വിതരണം വരുംകാലങ്ങളിലും തുടരാനാണ് ഉദ്ദേശ്യമെന്ന് സംഘാടകർ പറഞ്ഞു. കൈനിക്കര കൃഷ്ണൻ, കൈനിക്കര ഉണ്ണി, ചോണാത് രാജേഷ്, ചാത്തമ്പാടൻ സുനിൽ, കൈനിക്കര ശ്രീധരൻ, കല്ലിടുമ്പിൽ ബാലകൃഷ്ണൻ, തൊട്ടിയിൽ വേലായുധൻ എന്നിവരടങ്ങുന്നതാണ് ക്ഷേത്ര കമ്മിറ്റി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.