കടലുണ്ടിക്കടവ് പാലം അപ്രോച്ച് റോഡ്: സ്ഥലം വിട്ടു നൽകിയവർ നഷ്​ടപരിഹാരത്തിനായി നെട്ടോട്ടത്തിൽ

വള്ളിക്കുന്ന്: കടലുണ്ടിക്കടവ് പാലത്തി​െൻറ അപ്രോച്ച് റോഡിനായി സ്ഥലം വിട്ടുനൽകിയവർക്ക് 12 വർഷം കഴിഞ്ഞിട്ടും നഷ്ടപരിഹാരം ലഭിച്ചില്ല. ഓഫിസുകൾ കയറിയിറങ്ങുകയാണ് എട്ടോളം കുടുംബങ്ങൾ. കോഴിക്കോട്-മലപ്പുറം ജില്ലകളെ തമ്മിൽ ബന്ധിപ്പിച്ച് അഴിമുഖ പ്രദേശത്ത് നിർമിച്ച പാലത്തിന് 2006ലാണ് ഇവർ സ്ഥലം വിട്ടുനൽകിയത്. 1998ൽ നിർമാണം തുടങ്ങിയ പാലം 2008ലാണ് ഗതാഗതത്തിനായി തുറന്നു കൊടുത്തത്. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിൽപെട്ട മുല്ലക്കകത്ത് പാത്തുമ്മ, മാളിയേക്കൽ കുഞ്ഞിപോക്കർ, പുഴക്കലകത്ത് ബഷീർ, മാളിയേക്കൽ ഫൗസിയ, വടക്കേപുറത്ത് നുറുദ്ദീൻ, വടക്കേ പുറത്ത് അസ്മ തുടങ്ങി എട്ടോളം കുടുംബാംഗങ്ങൾക്കാണ് നഷ്ടപരിഹാരം ലഭിക്കാനുള്ളത്. തീരദേശത്ത് താമസിക്കുന്ന ഇവർ മത്സ്യത്തൊഴിലാളി, കയർ തൊഴിലാളി കുടുംബാംഗങ്ങളാണ്. പല സർക്കാറുകൾ മാറി വന്നിട്ടും തങ്ങളുടെ നഷ്ടപരിഹാരത്തി​െൻറ കാര്യത്തിൽ തീരുമാനമായില്ലെന്ന് കയർ തൊഴിലാളി ആയിരുന്ന മുല്ലക്കകത്ത് പാത്തുമ്മ പറഞ്ഞു. പരാതിയുമായി സമീപിച്ച ഇവരുടെ ഫയൽ കാണാനില്ലെന്ന് പറഞ്ഞ് പിന്നീട് തിരിച്ചയക്കുകയും ചെയ്തു. വർഷങ്ങൾക്ക് മുമ്പ് ഇക്കാര്യം ചൂണ്ടിക്കാട്ടി മാധ്യമം വാർത്ത നൽകിയിരുന്നു. വാർത്ത ശ്രദ്ധയിൽപെട്ട ഉദ്യോഗസ്ഥ സംഘം പിന്നീട് ഇവരുടെ വീടുകളിലെത്തി എത്രയും പെട്ടെന്ന് പണം ലഭിക്കാനുള്ള നടപടികൾ പൂർത്തിയാക്കുമെന്ന് അറിയിച്ചു. വീണ്ടും അധികൃതരോട് അന്വേഷിച്ചപ്പോൾ റവന്യൂ വകുപ്പിന് ചെക്ക് നൽകിയിട്ടുണ്ടെന്ന മറുപടിയാണ് പൊതുമരാമത്ത് വകുപ്പിൽനിന്ന് ഇവർക്ക് ലഭിച്ചത്. 12 വർഷമായി ഓഫിസുകൾ കയറിയിറങ്ങിയിട്ടും നടപടി ഇല്ലാത്തതിൽ നിരാശയിലാണീ കുടുംബങ്ങൾ. അടുത്തിടെ പി. അബ്ദുൽ ഹമീദ് എം.എൽ.എ.ക്കും ഇക്കാര്യം ചൂണ്ടിക്കാട്ടി ഇവർ പരാതി നൽകിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.