മങ്കടയിലെ ഗതാഗതക്കുരുക്കിന് പരിഹാരമില്ല

മങ്കട: ഏറെ വര്‍ഷത്തെ ആവശ്യമുണ്ടായിട്ടും മങ്കട ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരമായില്ല. വാഹനങ്ങളുടെ ആധിക്യവും അനിയന്ത്രിതമായ പാര്‍ക്കിങ്ങും റോഡി​െൻറ വീതികുറവും ട്രാഫിക് നിയന്ത്രിക്കാന്‍ ആളിലാത്തതുമാണ് പലപ്പോഴും ഗതാഗതക്കുരുക്കിന് കാരണാമാകുന്നത്. മഞ്ചേരി- പെരിന്തല്‍മണ്ണ റൂട്ടില്‍ മഞ്ചേരി മെഡിക്കല്‍ കോളജിലേക്കും പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രികളിലേക്കുമായി ദിനേന നിരവധി ആംബുലന്‍സുകള്‍ സര്‍വിസ് നടത്തുന്ന ഈ സംസ്ഥാന പാതയിലെ കുരുക്ക് പലപ്പോഴും ഭീഷണിയാകാറുണ്ട്. റോഡ് വളരെ വീതികുറഞ്ഞ ടൗണില്‍ കാല്‍നടയാത്രക്കാര്‍ക്ക് സുരക്ഷിതമായി നടന്നുപോകാനുള്ള ഫുട്പാത്തുകള്‍ പോലുമില്ല. കൂട്ടിൽ റോഡില്‍ പള്ളിക്ക് മുന്‍വശത്ത് റോഡില്‍ പാര്‍ക്കിങ് നിരോധിച്ചിട്ടുണ്ടെങ്കിലും ഇത് പാലിക്കപ്പെടുന്നില്ല. മഞ്ചേരി, പെരിന്തല്‍മണ്ണ, കൂട്ടില്‍ ഭാഗങ്ങളിലേക്കുള്ള ബസ്സ്റ്റോപ്പുകള്‍ റോഡ് വീതികുറഞ്ഞ ടൗണിലെ പ്രധാന ഭാഗത്തുതന്നെയാണ് ഇപ്പോഴും ഉള്ളത്. മഞ്ചേരി പെരിന്തല്‍മണ്ണ ഭാഗങ്ങളിലേക്കുള്ള ബസ്സ്റ്റോപ്പുകള്‍ കഴിഞ്ഞവര്‍ഷം മാറ്റി സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും ബസുകള്‍ നിര്‍ത്തുന്നത് മലപ്പുറം, കൂട്ടില്‍ റോഡുകള്‍ക്ക് തടസ്സമുണ്ടാകുന്ന രീതിയിലാണ്. ഇത് നിയന്ത്രിക്കുന്നതിനോ നിരീക്ഷിക്കുന്നതിനോ ഇവിടെ സംവിധാനങ്ങളില്ല. നേരത്തേ ഉണ്ടായിരുന്ന ഹോം ഗാര്‍ഡുകളും മാസങ്ങളായി സേവനത്തിനില്ല. കൂട്ടില്‍ റോഡിലേക്കുള്ള വെള്ളൊടി കോംപ്ലക്‌സ് ബൈപാസ് നവീകരിച്ച് വണ്‍വേ ആയി ഉപയോഗപ്പെടുത്തണമെന്ന ആവശ്യവും അംഗീകരിക്കപ്പെട്ടിട്ടില്ല. ടൗണില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെടുമ്പോള്‍ നാട്ടുകാരും വ്യാപാരികളും ഇടപെട്ടാണ് ട്രാഫിക് നിയന്ത്രിക്കുന്നത്. മങ്കട പൊലീസ് സ്റ്റേഷനിലുള്ള ഭൂരിഭാഗം പേര്‍ക്കും സ്റ്റേഷന് പുറത്ത് ഡ്യൂട്ടിയുള്ളതിനാൽ ആവശ്യത്തിന് പൊലീസ് സഹായവും ടൗണില്‍ ലഭിക്കുന്നില്ല. കഴിഞ്ഞദിവസം ഉച്ചക്ക് 12 മണിയോടെയുണ്ടായ കുരുക്ക് ഏകദേശം ഒരുമണിക്കൂറോളമാണ് ഗതാഗത തടസ്സമുണ്ടാക്കിയത്. നാട്ടുകാരും യാത്രക്കാരുമാണ് ട്രാഫിക് നിയന്ത്രിച്ചത്. പിന്നീട് മങ്കട സ്റ്റേഷനില്‍നിന്ന് രണ്ടു പൊലീസുകാരെത്തിയാണ് കുരുക്കഴിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.