മാലിന്യം തള്ളിയതിന് സമീപത്തെ ഗൃഹനാഥൻ കുഴഞ്ഞുവീണ്​ മരിച്ചു

kuttasseriyil maranappetta മുഹമ്മദ് ഹാജി മഞ്ചേരി: എളങ്കൂർ കുട്ടശ്ശേരിയിലെ ജനവാസകേന്ദ്രത്തിൽ തള്ളിയ കോഴിമാലിന്യം കണ്ടുനിൽക്കെ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു. മാലിന്യം തള്ളിയവരെ പിടികൂടാത്തതിലും നീക്കാൻ നടപടി സ്വീകരിക്കാത്തതിലും നാട്ടുകാർ പ്രതിഷേധിക്കുന്നതിനിടെയാണ് സമീപവാസിയായ കരിക്കാടൻകുണ്ട് മുഹമ്മദ് ഹാജി എന്ന കുഞ്ഞാപ്പ ഹാജി (85) കുഴഞ്ഞുവീണത്. ആശുപത്രിയിലേക്ക് എത്തിച്ചപ്പോഴേക്കും മരിച്ചു. മാലിന്യത്തി‍​െൻറ ദുർഗന്ധത്തെത്തുടർന്നുണ്ടായ ഛർദ്ദി കൂടിയാണ് കുഴഞ്ഞുവീണതെന്ന് പ്രദേശവാസികൾ ആരോപിച്ചു. സംഭവത്തിൽ അരീക്കോട് സ്വദേശികൾക്കെതിരെ കേസെടുത്തതായി മഞ്ചേരി പൊലീസ് അറിയിച്ചു. ശനിയാഴ്ച പുലർച്ചയാണ് രണ്ട് വാഹനങ്ങളിലായി കുട്ടശ്ശേരി മേലേതിൽ അലവിയുടെ ക്വാറിയിൽ മാലിന്യം തള്ളിയത്. തള്ളിയവരെക്കുറിച്ച് നാട്ടുകാർ പൊലീസിന് വിവരം നൽകിയിരുന്നു. ശനിയാഴ്ച നടപടിയുണ്ടായില്ല. ഞായറാഴ്ച പുലർച്ച ഒന്നോടെ, മാലിന്യം തള്ളിയവർതന്നെ ഏർപ്പെടുത്തിയ തൊഴിലാളികളടക്കം മൂന്നുപേരെത്തി നീക്കം ചെയ്യാൻ ആരംഭിച്ചു. നേരം പുലർന്നിട്ടും തീർന്നില്ല. അതിനിടെയാണ് മാലിന്യം നീക്കുന്നത് നോക്കിനിൽക്കെ മുഹമ്മദ് ഹാജി കുഴഞ്ഞുവീണത്. ഇത് നാട്ടുകാരുടെ പ്രതിഷേധം ശക്തമാക്കി. മാലിന്യം പകൽ സമയത്ത് കൊണ്ടുപോകാൻ സാധിക്കില്ലെന്നും രാത്രിയാവുന്നത് വരെ ഇവിടെ നിർത്തിയിടണമെന്നും തൊഴിലാളികൾ ആവശ്യപ്പെട്ടിരുന്നു. ഇത് നാട്ടുകാർ സമ്മതിച്ചില്ല. പിന്നീട് പൊലീസിടപെട്ട് പ്രദേശവാസികൾക്ക് ബുദ്ധിമുട്ടില്ലാത്ത വിധത്തിൽ വാഹനം സമീപത്ത് നിർത്തിയിടാൻ സമ്മതിച്ചു. എം. ഉമ്മർ എം.എൽ.എ, ബ്ലോക്ക് പഞ്ചായത്ത് അംഗം നാരായണൻ, ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ എന്നിവർ സ്ഥലത്തെത്തി. ആമിനയാണ് മുഹമ്മദ് ഹാജിയുടെ ഭാര്യ. മക്കൾ: മുഹമ്മദ് സഈദ്, അസൈനാർ, ജമീല. മരുമക്കൾ: ആയിശ, ആമിന, ശൈഖ് മുഹമ്മദ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.