പരപ്പനങ്ങാടി മത്സ്യബന്ധന തുറമുഖം: പ്രതീക്ഷകൾ തീരമണയുന്നു

പരപ്പനങ്ങാടി: പതിറ്റാണ്ടുകാലമായി ചുവപ്പുനാടയിൽ കുരുങ്ങിയ പരപ്പനങ്ങാടി മത്സ്യബന്ധന തുറമുഖം യാഥാർഥ്യമാക്കാൻ തിരക്കിട്ട നീക്കം. പ്രാദേശിക തർക്കങ്ങളും ശാസ്ത്രീയ തടസ്സങ്ങളും രാഷ്ട്രീയ കൊമ്പുകോർക്കലുകളും കാരണം മത്സ്യത്തൊഴിലാളികളുടെ ചിരകാല വികസന സ്വപ്നം നാളിതുവരെയായി അവഗണനയുടെ കടലൊഴുക്കം നേരിടുകയാണ്. നേരത്തെ വടക്കെ കടപ്പുറം, ചാപ്പപ്പടി, അങ്ങാടി കടപ്പുറം തീരങ്ങൾ തുറമുഖത്തിനായി പരിഗണിച്ചിരുന്നെങ്കിലും കേന്ദ്ര പാരിസ്ഥിതിക പഠനസംഘത്തി​െൻറ നിർദേശത്തി​െൻറ അടിസ്ഥാനത്തിൽ മുറിത്തോടിന് വടക്ക് ഭാഗത്ത് അങ്ങാടി തീരക്കടലിൽ ഹാർബറിനായി ബോറിങ് തുടങ്ങുകയായിരുന്നു. എന്നാൽ, പ്രാദേശികവും രാഷ്ട്രീയവുമായ സമ്മർദത്തിനൊടുവിൽ മുറിത്തോട് തിരിച്ചുവിട്ട് സാങ്കേതിക തടസ്സം അതിജീവിക്കാമെന്ന കണക്കുകൂട്ടലിൽ ആദ്യം പരിഗണിച്ച ചാപ്പപ്പടി കടലോരത്ത് കഴിഞ്ഞ സർക്കാറി​െൻറ കാലത്ത് ഹാർബറിന് ശിലയിട്ടു. എന്നാൽ, മുറിത്തോട് തിരിച്ചുവിടാനോ നിർമാണ പദ്ധതിക്ക് രൂപം നൽകാനോ യു.ഡി.എഫ് സർക്കാറിന് കഴിഞ്ഞില്ല. നടപടിക്രമങ്ങൾ പൂർത്തിയാക്കാതെയും നേരത്തെ ബോറിങ് നടത്തിയ പ്രദേശം ഉപേക്ഷിച്ചതി​െൻറ കാരണം വ്യക്തമാക്കാതെയും തെരഞ്ഞെടുപ്പിന് മുമ്പ് ധൃതിപിടിച്ച് ചാപ്പപടിയിൽ ഹാർബറിന് തറക്കല്ലിട്ടത് മത്സ്യത്തൊഴിലാളികളെ കൂടെനിർത്താനുള്ള ചൊട്ടുവിദ്യയാെണന്നാക്ഷേപം ഉയർന്നിരുന്നു. എന്നാൽ, ഭരണമാറ്റത്തോടെ, നേരത്തെ ബോറിങ് നടത്തിയ അങ്ങാടി കടപ്പുറത്ത് ഉടൻ പണി തുടങ്ങുമെന്ന് ഇടതുപക്ഷവും ഇടതനുകൂല കോൺഗ്രസ് പക്ഷവും ആവേശം കൊണ്ടിരുന്നെങ്കിലും വകുപ്പ് മന്ത്രി മേഴ്സികുട്ടി അമ്മ ഇതുസംബന്ധിച്ച് പഠനം നടത്താൻ മൂന്നംഗ ശാസ്ത്രപഠന ഉപസമിതിക്ക് രൂപം നൽകുകയായിരുന്നു. പഠനസമിതി റിപ്പോർട്ട് സമർപ്പിച്ചതോടെയാണ് ജില്ലയിലെ ഏറ്റവും വലിയ ഹാർബർ പദ്ധതിക്ക് വീണ്ടും ജീവൻ പകർന്നത്. നേരത്തെ നിശ്ചയിച്ചതും ബോറിങ് നടന്നതുമായ അങ്ങാടി തീരക്കടലിന് തെക്ക് മുറിത്തോട് വരെ നീളുന്ന ഹാർബർ, മുറിത്തോട് പതിയുന്ന ഭാഗത്തിനുമീതെ ഉപരിതല പാത, ഇതിന് തെക്ക് ഭാഗത്ത് ഇവയോട് ചേർന്ന് ചാപ്പപ്പടി പ്രദേശവാസികൾക്ക് ഹാർബറിനോട് ചേർന്ന് വിശാലമായ ലാൻഡിങ് കേന്ദ്രം എന്നിവ നിർമിച്ച് പ്രശ്നപരിഹാരം കാണാമെന്നാണ് പഠനസംഘം നൽകിയ റിപ്പോർട്ടിലുള്ളതെന്നറിയുന്നു. ഇക്കാര്യത്തിൽ രൂപരേഖകളൊന്നും കൈക്കൊണ്ടിട്ടില്ലെങ്കിലും പദ്ധതി യാഥാർഥ്യമാക്കാൻ തിരക്കിട്ട നീക്കങ്ങളാരംഭിച്ചിട്ടുണ്ടെന്ന് ഫിഷറീസ് കേന്ദ്രങ്ങൾ വ്യക്തമാക്കി. പരപ്പനങ്ങാടി ഭാഗത്ത് ഹാർബർ ഇല്ലാത്തതിനാൽ ഇതിനകം നിരവധി മത്സ്യത്തൊഴിലാളികളുടെ ജീവനുകൾ നഷ്ടപ്പെടുകയും കോടിക്കണക്കിന് രൂപയുടെ ധനനഷ്ടമുണ്ടാവുകയും ചെയ്തിട്ടുണ്ട്. അതേസമയം, തർക്കം മതിയാക്കി പദ്ധതി യാഥാർഥ്യമാക്കാൻ ഒന്നിച്ചുനിൽക്കാനുള്ള മനോഭാവം മത്സ്യത്തൊഴിലാളി നേതാക്കളിലും പ്രകടമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.