സംസ്ഥാനത്തെ ആദ്യത്തെ ഉരുക്ക്​ തടയണയുടെ നിലനിൽപ്​ ഭീഷണിയിൽ

ഷൊർണൂർ: സംസ്ഥാനത്തെ ആദ്യത്തെ ഉരുക്ക് തടയണയുടെ നിലനിൽപ് ഗുരുതരമായ ഭീഷണിയിലായി. ഉരുക്ക് തടയണ സ്ഥിതി ചെയ്യുന്ന ഭാഗത്ത് പുഴയുടെ അരിക് ഭിത്തി തകർന്ന് തുടങ്ങിയതാണ് നിലനിൽപ്പിന് ഭീഷണിയായത്. പാലക്കാട് ജില്ലയിലെ മാന്നനൂരിനെയും തൃശൂർ ജില്ലയിലെ പൈങ്കുളത്തെയും ബന്ധിപ്പിച്ചാണ് ഭാരതപ്പുഴയിൽ സംസ്ഥാനത്തെ ആദ്യത്തെ ഉരുക്ക് തടയണ നിർമിച്ചിട്ടുള്ളത്. പുഴക്ക് കുറുകെ ഇരുമ്പ് ഷട്ടറുകൾ ആധുനിക രീതിയിൽ പൈലിങ് നടത്തിയാണ് സ്ഥാപിച്ചിട്ടുള്ളത്. സമാന്തരമായി പാറ വരെ താഴ്ത്തി ഉറപ്പിച്ചിട്ടുള്ള ഇരുമ്പ് ഷീറ്റുകൾക്കിടയിൽ മണ്ണിട്ട് നികത്തി മുകളിൽ കമ്പി ഉപയോഗിച്ചുള്ള വലകൾക്കുള്ളിൽ കരിങ്കൽ പാകി ഉറപ്പ് കൂട്ടിയിട്ടുണ്ട്. എന്നാൽ, സാമൂഹിക ദ്രോഹികൾ ഈ കമ്പി വലകൾ വ്യാപകമായി അറുത്ത് മാറ്റിയത് പ്രശ്നമായിട്ടുണ്ട്. ഇതിന് പുറമെയാണ് കഴിഞ്ഞദിവസങ്ങളിൽ പുഴ കൂലംകുത്തിയൊഴുകിയതോടെ അരിക് ഭിത്തി വൻതോതിൽ തകർത്തത്. അരിക് ഭിത്തിക്ക് ബലം നൽകിയ വൻ മരങ്ങളും കടപുഴകി വീണിട്ടുണ്ട്. ഈ സ്ഥിതി തുടർന്നാൽ തടയണ ഇല്ലാതാകും. പുഴയുടെ തൃശൂർ അതിർത്തി ഭാഗത്ത് പാറയായതിനാൽ ഈ പ്രശ്നം അവിടെയില്ല. പാലക്കാട് അതിർത്തിയിൽ ഇരുമ്പ് ഷീറ്റ് കൊണ്ട് കുറച്ച് ഭാഗത്ത് സംരക്ഷണ ഭിത്തി നിർമിച്ചിട്ടുണ്ട്. ഇതി​െൻറ ബലത്തിലാണ് ഇപ്പോൾ തടയണ നിൽക്കുന്നത്. എന്നാൽ, കൂടുതൽ വെള്ളം കുത്തിയൊഴുകിയാൽ അരിക് ഭിത്തി ഇടിയാൻ സാധ്യത കൂടുതലാണ്. തടയണ ഏത് വകുപ്പ് സംരക്ഷിക്കേണ്ടതെന്ന് വ്യക്തതയില്ല. ഇതാണ് തടയണയുടെ നിലനിൽപ്പിനെ പ്രതിസന്ധിയിലാക്കുന്നത്. നിർമാണത്തിനോ, പണി പൂർത്തിയാക്കിയതിനോ ഉദ്ഘാടന ചടങ്ങുകളൊന്നും ഉണ്ടാവാതെയാണ് പൊടുന്നനെ ഈ തടയണ നിർമാണം പൂർത്തിയായത്. കഴിഞ്ഞ വേനൽ കാലത്ത് പുഴയുടെ ഇരുകരകളിലുമുള്ളവർക്ക് തടയണയിലെ വെള്ളം അനുഗ്രഹമായിരുന്നു. ഇവിടെയുള്ള കുടിവെള്ള പദ്ധതികൾ 24 മണിക്കൂറും പ്രവർത്തിച്ചിരുന്നു. മറ്റ് പ്രദേശങ്ങൾക്കെല്ലാം മാതൃകയായി മാറിയ തടയണ സംരക്ഷിച്ചുനിർത്താൻ അടിയന്തര നടപടി വേണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.