മാവോവാദി നേതാവ് കീഴടങ്ങിയതാണെന്ന്​ അഭ്യൂഹം

പാലക്കാട്: അട്ടപ്പാടിയിൽ പിടിയിലായ മാവോവാദി നേതാവ് കാളിദാസൻ എന്ന ശേഖർ കീഴടങ്ങിയതാണെന്ന് സൂചന. അട്ടപ്പാടി ഷോളയൂർ പഞ്ചായത്തിലെ കള്ളക്കര ആദിവാസി കോളനിയിൽനിന്ന് കാളിദാസിനെ പിടികൂടി അറസ്റ്റ് ചെയ്തെന്നായിരുന്നു പൊലീസ് വാദം. എന്നാൽ, രോധബാധിതനായ കാളിദാസ് കീഴടങ്ങിയതാണെന്നാണ് ലഭിക്കുന്ന വിവരം. പൊലീസ് നൽകുന്ന വിവരങ്ങളിലെ പൊരുത്തക്കേടുകളും ഈ വാദത്തിന് ബലമേകുന്നു. വ്യാഴാഴ്ച ഉച്ചയോടെ കാളിദാസനെ മൂലക്കൊമ്പ് ഊരിൽനിന്ന് പിടികൂടിയെന്നാണ് പൊലീസ് അറിയിച്ചിരുന്നത്. മറ്റ് ആറോളം മാവോവാദികൾ കൂടെയുണ്ടായിരുന്നെങ്കിലും കാളിദാസൻ മാത്രമാണ് പിടിയിലായതെന്നും വെളിപ്പെടുത്തിയിരുന്നു. എന്നാൽ, പിന്നീട് മൂലക്കൊമ്പിൽനിന്നല്ല കള്ളക്കരയിൽനിന്നാണ് പിടിയിലായതെന്ന് പൊലീസ് തിരുത്തി. ഉന്നത ഉദ്യോഗസ്ഥനടക്കം മൂന്നംഗ സംഘമാണ് കാളിദാസനെ പിടികൂടാൻ ഊരിലേക്ക് പുറപ്പെട്ടത്. ഒരു തുള്ളി ചോര വീഴ്ത്താതെയാണ് ഉന്നത മാവോവാദി നേതാവിനെ പിടികൂടിയതെന്ന് പൊലീസ് വാർത്ത കുറിപ്പിൽ അവകാശപ്പെടുന്നു. മാവോവാദികളുടെ സംഘമുണ്ടായിരുന്നെങ്കിൽ ഇരുവിഭാഗവും തമ്മിൽ ഏറ്റുമുട്ടലിന് സാധ്യതയുണ്ടായിരുന്നു. ഊരുകളിൽ ഒറ്റക്ക് സഞ്ചരിക്കുന്ന സ്വഭാവവും മാവോവാദികൾക്കില്ല. പിടിയിലായ കാളിദാസനെ വൈദ്യപരിശോധനക്കായി അഗളി പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയതിലും ദുരൂഹതയുണ്ട്. കൂടുതൽ സൗകര്യങ്ങളുള്ള കോട്ടത്തറ, പൂതൂർ ആശുപത്രികളിൽ കൊണ്ടുപോകാതെയായിരുന്നു അഗളിയിലേക്ക് കൊണ്ടുപോയത്. കോട്ടത്തറ, പൂതൂർ ആശുപത്രികളിൽ സി.സി.ടി.വി കാമറയുണ്ട്. കോടതിയിൽ റിപോർട്ടിങ്ങിനെത്തിയ മനോരമ ലേഖകൻ ജയരാജിനെ എ.എസ്.പി ജി. പൂങ്കുഴലി അകത്തേക്ക് പ്രവേശിക്കാൻ അനുവദിക്കാത്തതും ദുരൂഹതയുണർത്തുന്നുണ്ട്. ഒരു വിഭാഗം ഉദ്യോഗസ്ഥരെ അറിയിക്കാതെ ഉന്നത മാവോവാദി നേതാവിനെ പിടികൂടാൻ പോയതിൽ പൊലീസുകാർക്കിടയിലും ഭിന്നതയുണ്ട്. കാളിദാസൻ അസുഖ ബാധിതനാണെന്ന് സൂചനയുണ്ടായിരുന്നെങ്കിലും ചികിത്സ വേണമെന്ന് ഇയാൾ കോടതിയിൽ ആവശ്യപ്പെട്ടിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.