കർഷകരെ ചുമട്ട് തൊഴിലാളികളും പിഴിയുന്നു

പാലക്കാട്: പ്രതിസന്ധിയിലേക്ക് നീങ്ങുന്ന നെൽകർഷകർക്ക് ഇരുട്ടടിയായി ചുമട്ട് കൂലി വർധനയും. 50 കിലോ നെൽചാക്കിന് 15 മുതൽ 30 രൂപവരെയാണ് ചുമട്ടുതൊഴിലാളികൾ ഈടാക്കുന്നതെന്ന് കർഷകർ ആരോപിക്കുന്നു. ചുമട്ടുതൊഴിൽ തർക്കത്തെ തുടർന്ന് മേയിൽ ജില്ല ലേബർ ഓഫിസറുടെ സാന്നിധ്യത്തിൽ തൊഴിലാളി പ്രതിനിധികളും വ്യാപാരികളും കർഷക പ്രതിനിധികളും നടത്തിയ യോഗത്തിൽ നിലവിലെ കൂലിയിൽ 20 ശതമാനം വർധിപ്പിക്കാൻ തീരുമാനമായി. 51-75 കിലോ തൂക്കമുള്ള ചാക്കുകൾക്ക് 25 മീറ്റർ പരിധിയിൽ 9.86 രൂപയായിരുന്നു നിശ്ചയിച്ചിരുന്നത്. സിമൻറ് ചാക്കുകൾക്ക് പോലും ഇതേ നിരക്ക് കൂലിയാണ് നൽകുന്നതെങ്കിലും നെല്ലിന് ഏറ്റവും കുറഞ്ഞത് 15 രൂപയാണ് ചുമട്ട് തൊഴിലാളികൾ ഈടാക്കുന്നത്. കൂലി കുറക്കണമെന്നാവശ്യപ്പെട്ട് കർഷകർ രംഗത്തുവന്നതിനെ തുടർന്ന് കഴിഞ്ഞ ഒന്നാം വിള സീസണിൽ കലക്ടറുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിൽ ഈ വർഷം 15 രൂപ നിരക്കിൽ നൽകണമെന്ന് തീരുമാനിച്ചു. ഇത് കലക്ടറുടെ ഏകപക്ഷീയ തീരുമാനമായിരുന്നുവെന്നും കർഷകർ കുറ്റപ്പെടുത്തുന്നു. ഈ തീരുമാനത്തിന് നവംബർ വരെയേ പ്രാബല്യമുള്ളൂ. മറ്റുള്ളവരിൽനിന്ന് ഈടാക്കുന്ന കൂലിയേ തങ്ങളിൽനിന്നും ഈടാക്കാൻ പാടുള്ളൂവെന്നാണ് കർഷകരുടെ നിലപാട്. കരാർപ്രകാരമുള്ള ദൂരം പിന്നിട്ടാൽ അമിതമായ കൂലിയാണ് പലരും ഈടാക്കുക. ഈ വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ദേശീയ കർഷക സംരക്ഷണ സമിതി സെക്രട്ടറി പാണ്ടിയോട് പ്രഭാകരൻ ആവശ്യപ്പെട്ടു. നെല്ല് മില്ലുടമകൾ കയറ്റിക്കൊണ്ടുപോകണമെന്നാണ് കർഷകരുടെ നിർദേശം. കയറ്റുകൂലിയായി മില്ലുടമകൾ ആറ് രൂപയാണ് കർഷകർക്ക് നൽകുക. ജില്ലയിലെ മിക്ക കർഷകരും നെല്ല് കയറ്റുന്നതിന് ചുമട്ടുതൊഴിലാളികളെയാണ് ആശ്രയിക്കുന്നത്. നെല്ല് കയറ്റുന്നതിന് യൂനിയനിലുൾപ്പെട്ട തൊഴിലാളികളെ വിളിക്കണമെന്ന് നിർബന്ധമില്ലെങ്കിലും മറ്റു തൊഴിലാളികളെ ലഭിക്കാത്തതിനാലാണ് ഇവരെ ആശ്രയിക്കുന്നത്. സ്വന്തം ലേഖകൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.