മാന്ദ്യം: ചരക്കു വാഹനങ്ങൾ പൊളിച്ചുവിൽക്കുന്നു

രണ്ട് വർഷമായി തുടരുന്ന പ്രവണത നോട്ട് അസാധുവാക്കിയ ശേഷം വർധിക്കുകയായിരുന്നു പാലക്കാട്: നോട്ട് അസാധുവാക്കലിനെ തുടർന്ന് വ്യവസായ-നിർമാണ മേഖലയിലുണ്ടായ മാന്ദ്യം കാരണം ഇരുമ്പ് വിലക്ക് ചരക്കുവാഹനങ്ങൾ പൊളിച്ചുവിൽക്കൽ വർധിക്കുന്നു. ചരക്കു നീക്കത്തിലെ കുറവ്, പഴയ വാഹനങ്ങൾ റോഡിലിറക്കുന്നതിലെ നിയന്ത്രണം, ചരക്കുസേവന നികുതി നടപ്പാക്കൽ എന്നിവയെ തുടർന്നുള്ള വിറ്റൊഴിക്കൽ ഏഴ് ജില്ലകളിൽ വ്യാപകമാണെന്ന് ലോറി ഉടമകൾ പറയുന്നു. രണ്ട് വർഷമായി തുടരുന്ന പ്രവണത നോട്ട് അസാധുവാക്കിയ ശേഷം വർധിക്കുകയായിരുന്നു. ആർ.ടി ഓഫിസുകളിൽ അപേക്ഷ നൽകി എൻ.ഒ.സി വാങ്ങിയ ശേഷമാണ് ഭൂരിഭാഗം വാഹനങ്ങളും തമിഴ്നാട്ടിലെ വിവിധ കേന്ദ്രങ്ങളിൽ പൊളിക്കാൻ നൽകുന്നത്. പാലക്കാടിന് പുറമെ കോഴിക്കോട്, തൃശൂർ, മലപ്പുറം, കൊല്ലം, തിരുവനന്തപുരം, കണ്ണൂർ ജില്ലകളിലാണ് ചരക്ക് ഗതാഗത മേഖലയെ മാന്ദ്യം വല്ലാതെ ബാധിച്ചതെന്ന് ലോറി ഒാണേഴ്സ് അസോസിയേഷൻ ജില്ല സെക്രട്ടറി എം. നന്ദകുമാർ പറയുന്നു. ഒരു തരത്തിലും വ്യവസായം മുന്നോട്ട് കൊണ്ടുപോകാനാവാത്ത അവസ്ഥയാണ്. ഗുഡ്സ് ഓട്ടോ മുതൽ വലിയ ചരക്ക് ലോറികൾ വരെ മുന്നൂറോളം വാഹനങ്ങൾ പത്ത് മാസത്തിനിടെ തമിഴ്നാട് പൊള്ളാച്ചിയിലെ പഴയ മാർക്കറ്റിൽ പൊളിക്കാൻ വിറ്റതായാണ് കണക്ക്. മറ്റു ജില്ലകളിലും സ്ഥിതി വ്യത്യസ്തമല്ല. 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങൾക്ക് പെർമിറ്റ് ഇല്ലാതാവുമെന്ന ആശങ്കയും ഇതിനു കാരണമാണ്. മദ്യകമ്പനികൾക്ക് വേണ്ടി ഒാടിയിരുന്ന 32 വാഹനങ്ങൾ ജില്ലയിൽ നിന്ന് പൊളിക്കാൻ അയച്ചതായി നന്ദകുമാർ പറഞ്ഞു. ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് വായ്പയെടുത്ത് തിരിച്ചടക്കാൻ വഴിയില്ലാത്തവരും വാഹനം പൊളിച്ചു വിൽക്കാൻ നിർബന്ധിതരാവുകയാണ്. കമ്പനി യാർഡുകളിൽ നിർത്തിയിടുന്ന വാഹനങ്ങൾ ലേലത്തിൽ പോയില്ലെങ്കിൽ പൊളിച്ചുവിൽപനയാണ് പോംവഴി. മൂന്ന് മുതൽ മൂന്നര ലക്ഷം വരെ വില ലഭിക്കുന്ന പഴയ വാഹനങ്ങൾക്ക് ഒന്നേകാൽ ലക്ഷത്തിൽ താഴെയാണ് പൊളിച്ചു വിൽക്കുേമ്പാൾ ലഭിക്കുക. പൊള്ളാച്ചിക്ക് പുറമെ ചെന്നൈ, ആനമലൈ, കോയമ്പത്തൂർ എന്നിവിടങ്ങളിലും പൊളിക്കൽ കേന്ദ്രങ്ങളുണ്ട്. വിറ്റ് കൈയൊഴിയാനുള്ള പ്രവണത വർധിച്ചതോടെ വില കുറയുന്ന അവസ്ഥയുമുണ്ട്. പ്രത്യേക ഏജൻറുമാർ മുഖേനയാണ് ഇടപാടുകൾ. ചരക്ക് കടത്തിനുള്ള അവസരം മൂന്നിലൊന്നായി കുറയുകയും ഇൻഷുറൻസും നികുതിയും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഫീസും വർധിക്കുകയും ചെയ്തതോടെ മേഖല വിട്ട് മറ്റ് ഉപജീവന മാർഗം തേടിയവർ ഏറെയാണ്. ടി.വി. ചന്ദ്രശേഖരൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.