സഞ്ചാരികളുടെ മനം കവർന്ന് കോഴിപ്പാറ വെള്ളച്ചാട്ടം

നിലമ്പൂര്‍: സഞ്ചാരികളുടെ മനംകവര്‍ന്ന് ചാലിയാര്‍ പഞ്ചായത്തിലെ കക്കാടംപൊയിലും കോഴിപ്പാറ ടൂറിസം കേന്ദ്രവും. കോഴിക്കോട്-, മലപ്പുറം ജില്ലകളുടെ അതിര്‍ത്തി പങ്കിടുന്ന കക്കാടംപൊയിലിന് മൂന്ന് കിലോമീറ്റര്‍ അകലെ വാളംതോടിനും തോട്ടപ്പള്ളിക്കും ഇടയിലുള്ള ജില്ലയിലെ പ്രധാന ജല ടൂറിസം കേന്ദ്രമായ കോഴിപ്പാറ വെള്ളച്ചാട്ടം കാണാൻ ഏറെ പേരാണെത്തുന്നത്. വെള്ളച്ചാട്ടത്തി​െൻറ മേല്‍ നോട്ടത്തിനായി വനംവകുപ്പ് മൂന്ന് ദിവസ വേതന വാച്ചര്‍മാരെ നിയമിച്ചിട്ടുണ്ട്. സംസ്ഥാനത്തി‍​െൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സഞ്ചാരികൾ കുടംബസമ്മേതം ദൃശ്യ ഭംഗി ആസ്വദിക്കാനെത്തുന്നുണ്ട്. മഴക്കാലത്ത് വെള്ളച്ചാട്ടം കൂടുതൽ മനോഹരിയാവുന്നതാണ് സഞ്ചാരികളുടെ കുത്തൊഴുക്കിന് കാരണം. പന്തീരായിരം ഉള്‍വനത്തിലെ വെള്ളരിമലയില്‍നിന്ന് ഉത്ഭവിക്കുന്ന കുറുവന്‍പുഴയുടെ ജലസമൃദ്ധിയാണ് കോഴിപ്പാറ വെള്ളച്ചാട്ടം. സമുദ്ര നിരപ്പില്‍നിന്ന് 3500 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കക്കാടംപൊയില്‍ നിലമ്പൂരിലെ ഏക ഹില്‍ സ്റ്റേഷനാണ്. മിനി ഊട്ടിയെന്നറിയപ്പെടുന്ന ഇവിടം തണുപ്പ് കാലാവസ്ഥയാണ്. മൂലേപ്പാടം പാലം വന്നതോടെ നിലമ്പൂര്‍- -അകമ്പാടം --കക്കാടംപൊയില്‍ റൂട്ടിലൂടെ മേഖലയിലേക്ക് സഞ്ചാരികളെത്തുന്നത് വർധിച്ചിട്ടുണ്ട്. ഒരു കിലോമീറ്ററോളം നീളത്തില്‍ പാറക്കെട്ടുകളിലൂടെ ഒഴുകിയെത്തുന്ന ചെറുതും വലുതുമായ 12 വെള്ള ചാട്ടങ്ങള്‍ ഈ മേഖലയിലുണ്ട്. പന്തീരായിരം വനമേഖലയോട് ഇഴുകി ചേര്‍ന്നാണ് കുറുവന്‍പുഴ ഒഴുകിയെത്തി സഞ്ചാരികൾക്ക് മനോഹര കാഴ്ച സമ്മാനിക്കുന്നത്. മലബാറി‍​െൻറ ടൂറിസം ഭൂപടത്തില്‍ ഏറെ സാധ്യതകളുള്ള പ്രദേശമാണ് കക്കാടംപൊയിൽ. നിലമ്പൂരില്‍നിന്ന് ഇവിടേക്ക് കെ.എസ്.ആര്‍.ടി.സി ബസ് സർവിസ് ഉണ്ട്. നിലമ്പൂരില്‍നിന്ന് അകമ്പാടം വഴി 20 കിലോമീറ്ററാണ് കക്കാടംപൊയിലിലേക്കുള്ളത്. കോഴിക്കോട്- -മുക്കം- -കൂടരഞ്ഞി- -കൂമ്പാറ റൂട്ടില്‍ 50 കിലേമീറ്റര്‍ യാത്ര ചെയ്താല്‍ കോഴിക്കോട് ഭാഗത്തുനിന്ന് കക്കാടംപൊയിലിലെത്താം. ടൂറിസം ക്ലബി‍​െൻറയും വിവിധ ക്ലബുകളുടെയും സഹകരണത്തോടെ ഓഫ് റോഡ് റൈസിങ്, റോക്ക് ക്ലൈബിങ്, റിവര്‍ ക്രോസിങ്, റാപ്ലിങ് തുടങ്ങിയ സാഹസിക പ്രകടനങ്ങളും ഇവിടെ നടക്കാറുണ്ട്. മേഖലയിലെ കോടമഞ്ഞും തണുപ്പും സഞ്ചാരികളെ ഏറെ ആകർഷിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.