ബിബിൻ വധം: കൃത്യത്തിനുപയോഗിച്ച വാൾ ഭാരതപ്പുഴയിൽനിന്ന് കണ്ടെടുത്തു

തിരൂർ: ബിബിൻ വധക്കേസിൽ കൊലയാളിസംഘം ഉപയോഗിച്ച വാൾ ഭാരതപ്പുഴയിൽനിന്ന് പൊലീസ് കണ്ടെടുത്തു. രണ്ടാംപ്രതി തൃപ്രങ്ങോട് പരപ്പേരി സാബിനൂൾ നൽകിയ വിവരമനുസരിച്ച് നരിപ്പറമ്പ് പമ്പ് ഹൗസ് ഭാഗത്ത് നടത്തിയ തിരച്ചിലിലാണ് ആയുധം ലഭിച്ചത്. തിരൂർ സി.ഐ എം.കെ. ഷാജി, എസ്.ഐ സുമേഷ് സുധാകർ എന്നിവരുടെ നേതൃത്വത്തിൽ വ്യാഴാഴ്ച വൈകീട്ടായിരുന്നു തിരച്ചിൽ. പമ്പ് ഹൗസിന് സമീപത്ത് പായൽ മൂടിക്കിടക്കുന്ന ഭാഗത്തായിരുന്നു വാൾ. ആദ്യം പ്രദേശവാസികളുടെ സഹായത്തോടെ നടത്തിയ തിരച്ചിൽ വിജയിച്ചില്ല. തുടർന്ന് മുങ്ങൽ വിദഗ്ധൻ കൂടിയായ കൊണ്ടോട്ടി എസ്.ഐ കെ.ആർ. രഞ്ജിത്തി​െൻറ നേതൃത്വത്തിൽ പൊലീസുകാർ മുങ്ങിത്തപ്പുകയായിരുന്നു. തിരൂർ ആർ.ഡി.ഒ ഓഫിസിലെ സീനിയർ സൂപ്രണ്ട് അൻവർ സാദത്ത് പെരിങ്ങോടൻ, ലാൻഡ് അക്വിസിഷൻ (ജനറൽ) സ്പെഷൽ തഹസിൽദാർ പി.ടി. ജാഫറലി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു തെളിവെടുപ്പ്. ആയുധം വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും. ബിബിനെ കൊലപ്പെടുത്തിയ ശേഷം പുളിഞ്ചോട്-മുസ്ലിയാരങ്ങാടി റോഡ് വഴി രക്ഷപ്പെട്ട് എല്ലാവരും നരിപ്പറമ്പ് പമ്പ് ഹൗസ് പരിസരത്തെത്തി. പുഴയിലിറങ്ങി കുളിച്ച് വസ്ത്രങ്ങൾ മാറിയ ശേഷം പിരിയുകയായിരുന്നെന്നും ഇതിനിടെ താൻ ഉപയോഗിച്ച വാൾ പുഴയിലേക്ക് എറിയുകയായിരുന്നെന്നും സാബിനൂൾ മൊഴി നൽകി. കഴിഞ്ഞ ദിവസം സാബിനൂളി​െൻറ വീട്ടിൽ നടത്തിയ പരിശോധനയിൽ രണ്ട് വാളുകളും ഒരു ഇരുമ്പ് ദണ്ഡും കണ്ടെടുത്തിരുന്നു. Tir G2 ayudham: ഭാരതപ്പുഴയിൽനിന്ന് കണ്ടെടുത്ത വാൾ പൊലീസ് പരിശോധിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.