ന്യായവില നൽകുന്നില്ല; ലാറ്റക്സ് കമ്പനികൾ ചെറുകിട റബർ കർഷകരെ പിഴിയുന്നു

കരുവാരകുണ്ട്: ന്യായവില നൽകാതെയും മുൻകൂർ പണം നൽകി വശത്താക്കിയും ലാറ്റക്സ് കമ്പനികൾ റബർ കർഷകരെ ചൂഷണം ചെയ്യുന്നതായി പരാതി. ചെറുകിട കർഷകരാണ് ഇവരുടെ ചൂഷണത്തിന് കൂടുതലും വിധേയരാകുന്നത്. തൊഴിലാളി ക്ഷാമം കാരണമാണ് മിക്ക കർഷകരും റബർപാൽ ലാറ്റക്സ് കമ്പനികൾക്ക് നൽകുന്നത്. ഇങ്ങനെയാകുമ്പോൾ ടാപ്പ് ചെയ്ത് പാൽ ശേഖരിച്ചാൽ മാത്രം മതി. ഷീറ്റുകളാക്കുകയോ ഉണക്കുകയോ വേണ്ടതില്ല. കർഷകരിൽ മിക്കവരും ഇങ്ങനെ ചെയ്യാൻ നിർബന്ധിതരാവുന്നതിനാലാണ് ലാറ്റക്സ് കമ്പനികൾ അവരെ ചൂഷണം ചെയ്യുന്നത്. റബർ ഷീറ്റാക്കി വിൽക്കുന്നതിനെ അപേക്ഷിച്ച് കുറഞ്ഞ വിലയാണ് കർഷകർക്ക് ലഭിക്കുന്നത്. ആദ്യ തവണകളിൽ പാലിന് ന്യായവില നൽകി കർഷകരെ തങ്ങളുടെ വരുതിയിലാക്കുകയും പിന്നീട് പല കാരണങ്ങൾ ചൂണ്ടിക്കാട്ടി വില കുറച്ചുനൽകുകയുമാണ് ചെയ്യുന്നത്. പാലിൽ കൊഴുപ്പ് (ക്രിയാറ്റിൻ) കുറവാണെന്നതാണ് ലാറ്റക്സ് കമ്പനികൾ വില കുറക്കാനായി നിരത്തുന്ന കാരണങ്ങളിലൊന്ന്. ഡി.ആർ.സി (ഡ്രൈ റബർ കണ്ടൻറ്) പരിശോധന നടത്താതെയാണ് കൊഴുപ്പ് കുറവാണെന്ന് കമ്പനിക്കാർ പറയുന്നതെന്നും കർഷകർ പറയുന്നു. ഇത് ശരിയാണോ എന്നറിയണമെങ്കിൽ കർഷകർ സ്വന്തം ചെലവിൽ പാൽ പരിശോധനക്കയക്കണം. ഇതി​െൻറ ലാബ് നിലവിൽ പട്ടാമ്പിയിലെ കാർഷിക വികസന കേന്ദ്രത്തിൽ മാത്രമേയുള്ളൂ. അതിനാൽ കമ്പനിക്കാർ പറയുന്നത് വിശ്വസിച്ച് അവർ നൽകുന്ന വില വാങ്ങുകയേ കർഷകർക്ക് നിർവാഹമുള്ളൂ. റബർപാൽ സൂക്ഷിക്കുന്ന ബാരലിൽ പാലിനോടൊപ്പം വെള്ളവും ചേർത്ത് ഒരു കർഷകൻ നടത്തിയ പരീക്ഷണത്തിലാണ് ഇവരുടെ തട്ടിപ്പ് പുറത്തായത്. ഇവർ തുടർച്ചയായി നൽകുന്ന വിലതന്നെ വെള്ളം കലർത്തിനൽകിയ റബർ പാലിനും ലഭിച്ചുവെന്നാണ് കർഷകർ പറയുന്നത്. ഡി.ആർ.സി ഒരിക്കൽപോലും നോക്കാതെ തോന്നുന്ന വില നൽകി കർഷകരെ വഞ്ചിക്കുകയാെണന്നും ഇവർ പറയുന്നു. ടാപ്പിങ് നിർത്തിവെക്കുന്ന ദിവസങ്ങളിൽ സാമ്പത്തിക പ്രയാസം കാരണം കമ്പനികളിൽനിന്ന് പല കർഷകരും മുൻകൂറായി പണം വാങ്ങാറുണ്ട്. ഇതുവെച്ച് കർഷകരെ സമ്മർദത്തിലാക്കി തങ്ങൾ നിശ്ചയിക്കുന്ന വിലക്ക് കമ്പനിക്കാർ പാൽ കൊണ്ടുപോവുകയാണെന്നും കർഷകർ പറയുന്നു. തൊഴിലാളി ക്ഷാമം നേരിടുന്ന വൻകിട തോട്ടങ്ങളും പാൽ ലാറ്റക്സ് കമ്പനികൾക്ക് നൽകുകയാണ്. എന്നാൽ, വൻകിടക്കാർക്ക് ഇവർ ന്യായവില നൽകുന്നുമുണ്ടത്രെ. റബർ ബോർഡി​െൻറ നിർദേശമനുസരിച്ച് ഷീറ്റ് നിർമിച്ച് വിൽപന നടത്തിയാൽ ലാറ്റക്സ് ഏജൻസികൾ നൽകുന്ന വിലയുടെ ഇരട്ടിതുക ലഭിക്കുമെന്ന് ചില റബർ ബോർഡ് ഉദ്യോഗസ്ഥരും കർഷകരും വ്യക്തമാക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.