ബിബിൻ വധം: അവസാന ഗൂഢാലോചന നരിപ്പറമ്പിൽ

തിരൂർ: ആർ.എസ്.എസ് പ്രവർത്തകൻ ബിബിനെ വധിക്കാൻ പ്രതികൾ ഏറ്റവും ഒടുവിൽ ഗൂഢാലോചന നടത്തിയത് നരിപ്പറമ്പിലെന്ന് സൂചന. ബിബിനെ വധിക്കുന്നതിന് തലേന്നായിരുന്നു അവസാന വട്ട ആസൂത്രണമെന്നും ഗുഢാലോചന കേസിൽ അറസ്റ്റിലായി പൊലീസ് കസ്റ്റഡിയിലുള്ള പ്രതികൾ മൊഴി നൽകിയതായി വിവരം. പെരുന്തല്ലൂർ ആലുക്കൽ മുഹമ്മദ് അൻവർ (39), പറവണ്ണ കാഞ്ഞിരക്കുറ്റി തലേക്കര വീട്ടിൽ തുഫൈൽ (32) എന്നിവരെയാണ് പൊലീസ് ചോദ്യം ചെയ്തുവരുന്നത്. തിരൂർ, പൊന്നാനി താലൂക്കുകളിലുള്ളവരാണ് കൃത്യത്തിൽ പങ്കെടുത്തിട്ടുള്ളവരെന്ന് സ്ഥിരീകരിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. നരിപ്പറമ്പിൽ നടന്ന യോഗത്തിൽ കൃത്യത്തിൽ ഉൾപ്പെട്ട എല്ലാവരും പങ്കെടുത്തു. ബിബി​െൻറ യാത്രാവിവരങ്ങളും യാത്രാ രീതികളും മറ്റും നേരത്തേ തന്നെ ശേഖരിച്ചിരുന്നു. ഗൂഢാലോചനക്ക് നേതൃത്വം നൽകിയവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം. സംഘം ചേരുന്നത് പൊതുജന ശ്രദ്ധയിൽ പെടാതിരിക്കാനാണ് വ്യത്യസ്ത കേന്ദ്രങ്ങളിൽ ഒത്തുകൂടി കൊല ആസൂത്രണം ചെയ്തത്. എല്ലാവർക്കും എളുപ്പത്തിൽ എത്തിപ്പെടാവുന്ന പ്രദേശമെന്ന നിലയിലാണ് അവസാന വട്ട യോഗത്തിന് നരിപ്പറമ്പിനെ തെരഞ്ഞെടുത്തത്. ഫൈസൽ വധക്കേസിൽ ജാമ്യത്തിലിറങ്ങുന്നതിന് മുമ്പുതന്നെ ബിബിനെ വധിക്കാൻ സംഘം തീരുമാനിച്ചിരുന്നു. ബിബിൻ ജാമ്യത്തിലിറങ്ങിയ ശേഷം പല തവണ പ്രതികൾ ഒത്തുകൂടി. തുടർന്ന് ബിബി​െൻറ നീക്കങ്ങൾ നിരീക്ഷിക്കാൻ വ്യത്യസ്ത ആളുകളെ ചുമതലപ്പെടുത്തി. അതിനുശേഷമാണ് കൊലപാതത്തിന് അന്തിമ രൂപം തയാറാക്കിയത്. കൃത്യം നിർവഹിക്കേണ്ടവരെ നിയോഗിച്ചവരിലുൾപ്പെടുന്ന മുഖ്യൻ തുഫൈലാണെന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന സൂചന. തിങ്കളാഴ്ച പ്രതികളെ പൊന്നാനിയിലും നരിപ്പറമ്പിലും കൊ‍ണ്ടുപോയി തെളിവെടുപ്പ് നടത്തും. ഞായറാഴ്ച രാത്രിവരെയും അൻവറിനെയും തുഫൈലിനെയും ചോദ്യം ചെയ്തു. വ്യത്യസ്ത കേന്ദ്രങ്ങളിലാണ് ചോദ്യം ചെയ്യൽ. നിർണായക വിവരങ്ങൾ ഇവരിൽനിന്ന് ലഭിച്ചിട്ടുണ്ട്. ശനിയാഴ്ച എടപ്പാൾ നടുവട്ടത്ത് തുഫൈലിനെ ഉപയോഗിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. 10 ദിവസത്തേക്കാണ് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടുനൽകിയിട്ടുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.