പൊന്നാനി നഗരസഭ സെക്രട്ടറിക്കെതിരെ വകുപ്പുതല നടപടി വേണമെന്ന് പ്രതിപക്ഷം

പൊന്നാനി: നഗരസഭ സെക്രട്ടറി കെ.കെ. മനോജ് ഭരണമുന്നണിയുടെ ആജ്ഞാനുവർത്തിയായി തരംതാഴുകയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. നിലം നികത്താനുള്ള അധികാരം റവന്യൂ വകുപ്പിന് മാത്രം നിക്ഷിപ്തമായിരിക്കെ കൊതുകി​െൻറ പേര് പറഞ്ഞ് സാമ്പത്തിക നേട്ടത്തിനായി സ്വകാര്യവ്യക്തിയുടെ നിലം നികത്താൻ അനധികൃത ഉത്തരവിറക്കിയ സെക്രട്ടറി അധികാര ദുർവിനിയോഗവും ചട്ടലംഘനവും അഴിമതിയും നടത്തിയതായി തെളിഞ്ഞ സാഹചര്യത്തിൽ വകുപ്പുതല നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. കൊതുകുശല്യത്തിന് നഗരസഭ കൊതുക് നശീകരണ പ്രവൃത്തികളാണ് നടത്തേണ്ടത്. ഇക്കാര്യത്തിൽ ഭരണപക്ഷ പാർട്ടിയായ സി.പി.എമ്മി​െൻറയും ചെയർമാ​െൻറയും മൗനം സംശയകരമാണ്. രണ്ടുവർഷം പൂർത്തിയാകുന്ന ഭരണമുന്നണിയും സെക്രട്ടറിയും അഴിമതിയും ചട്ടലംഘനവും അധികാര ദുർവിനിയോഗവും നടത്തിയ സാഹചര്യത്തിൽ പൊന്നാനിക്കാരോട് മാപ്പ് പറഞ്ഞ് തൽസ്ഥാനത്തുനിന്ന് മാറി നിൽക്കണം. സ്ഥലമുടമയിൽനിന്ന് ഭീമമായ പ്രതിഫലം കൈപ്പറ്റാനുള്ള അണിയറ നീക്കമാണ് നിലം നികത്താൻ സെക്രട്ടറിയെ പ്രേരിപ്പിച്ചത്. കൗൺസിലിൽ അജണ്ടയായി വരാതെ രഹസ്യമായി ഇതിന് ശ്രമിച്ചതിന് പിന്നിലും ദുരൂഹതയുണ്ട്. എല്ലാ നിയമവും പാലിച്ചുകൊണ്ട് മൂന്ന് വർഷമായി പ്രവർത്തിക്കുന്ന തിയറ്റർ പൂട്ടിച്ചതിന് പിന്നിലും രാഷ്ട്രീയ താൽപര്യമാണ്. പ്രദർശനത്തിന് തടസ്സമില്ലാത്ത നിലയിൽ നടപടി കൈക്കൊള്ളണമെന്ന് ഹൈകോടതി വിധി ഉണ്ടായിരിക്കെയാണ് സെക്രട്ടറി നിയമവിരുദ്ധമായി തിയറ്റർ അടച്ചുപൂട്ടിയത്. നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന സെക്രട്ടറിക്കെതിരെയും എല്ലാതിനും മൗനസമ്മതം നൽകുന്ന ചെയർമാനെതിരെയും നിയമപരമായും രാഷ്ട്രീയപരമായും യു.ഡി.എഫ് നേതൃത്വം ഇടപെടുമെന്നും പ്രതിപക്ഷ നേതാവ് എം.പി. നിസാർ വ്യക്തമാക്കി. ഉണ്ണികൃഷ്ണൻ പൊന്നാനി, സേതുമാധവൻ, ഫസലുറഹ്മാൻ, ജയപ്രകാശ്, ആയിശ അബ്ദു, വി. ചന്ദ്രവല്ലി തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.