അജ്ഞതയും അധികൃതരുടെ അവഗണനയും: ചോക്കാട് നാല്‍പത് സെൻറ് കോളനിയില്‍ അകാല മരണങ്ങള്‍ തുടര്‍ക്കഥ

കാളികാവ്: പ്രാക്തന ഗോത്ര വിഭാഗങ്ങള്‍ താമസിക്കുന്ന ജില്ലയിലെ ഏറ്റവും വലിയ ആദിവാസി കോളനിയായ നാല്‍പത് സ​െൻറിലെ ആനന്ദി​െൻറ മരണം മതിയായ ചികിത്സ ലഭിക്കാതെ. പട്ടികവർഗ വിഭാഗത്തിന് ഒരു വകുപ്പും അതിനായി പ്രത്യേക വിഭാഗവും പ്രവര്‍ത്തിക്കുമ്പോഴും കോളനിയില്‍ അകാല മരണങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. മതിയായ ചികിത്സയും ആരോഗ്യ പരിചരണവും ഒരുക്കാന്‍ പട്ടികവർഗ വകുപ്പ് ശ്രമിക്കാത്തതും ഈ വിഭാഗങ്ങള്‍ക്കിടയിൽ ഇന്നും തുടരുന്ന പിന്നോക്കാവസ്ഥയുമാണ് ഇവരെ അവശ ജനതയാക്കി നിലനിർത്തുന്നത്. അറിവില്ലായ്മ, അന്തവിശ്വാസം, ചൂഷണം, പോഷകാഹാരക്കുറവ്, ലഹരി വസ്തുക്കളുടെ ഉപയോഗം എന്നിവക്കു പുറമെ അധികൃതരുടെയും ജനപ്രതിനിധികളുടെയും അവഗണനയും അലംഭാവവുമാണ് ഇന്നും ആദിവാസി സമൂഹം നേരിടുന്ന പ്രതിസന്ധിക്ക് കാരണം. വെള്ളിയാഴ്ച മരണപ്പെട്ട 26കാരന്‍ ആനന്ദ് മൂന്ന് വര്‍ഷത്തോളമായി വേദന തിന്ന് ജീവിക്കുകയായിരുന്നു. മാധ്യമ പ്രവര്‍ത്തകരുടെ ഇടപെടലാണ് ഒരുവര്‍ഷം മുമ്പ് ആനന്ദിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ കാരണം. എന്നാല്‍ തുടര്‍ ചികിത്സ നൽകുന്നതിൽ അധികൃതരുടെ ഭാഗത്ത് നിന്ന് കുറ്റകരമായ അനാസ്ഥയാണ് ഉണ്ടായത്. കഴിഞ്ഞ 23ന് ഗുരുതരാവസ്ഥയില്‍ മുറിവില്‍ പുഴുവരിച്ച നിലയില്‍ കിടന്നിരുന്ന ആനന്ദി​െൻറ സഹോദരങ്ങളും മാതാവും മണിക്കൂറുകള്‍ നീണ്ട സമ്മർദങ്ങള്‍ക്കൊടുവിലാണ് ആനന്ദിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ സമ്മതിച്ചത്. ഏതാനും വര്‍ഷത്തിനിടെ 40 സ​െൻറ് കോളനിയില്‍ മാത്രം നിരവധി പേരാണ് മതിയായ ചികിത്സ ലഭിക്കാതെ മരിച്ചത്. മഞ്ഞപ്പിത്തം പിടിപെട്ട് മരിച്ച അയ്യ, പട്ടിണിയും രോഗവും മൂലം മരണപ്പെട്ട കുട്ടിപ്പാലൻ, മാനസിക രോഗം മൂലം മരണപ്പെട്ട രമണി, അർബുദം ബാധിച്ച് മരണപ്പെട്ട ചക്കി, സുന്ദരി, ശങ്കരന്‍ എന്നിവരടങ്ങുന്ന പട്ടികയിൽ ഒടുവിലത്തെ പേരാണ് ആനന്ദ്. ആനന്ദി​െൻറ മൃതദേഹത്തോടും അധികൃതര്‍ ക്രൂരത കാണിച്ചെന്ന് ആക്ഷേപമുണ്ട്. വെള്ളിയാഴ്ച ഉച്ചക്ക് മരണപ്പെട്ട ആനന്ദി​െൻറ മൃതദേഹം വൈകുന്നേരം ആറോടെയാണ് കോളനിയില്‍ എത്തിച്ചത്. ആദിവാസി ക്ഷേമ വകുപ്പ് അധികൃതര്‍ തിരിഞ്ഞ് നോക്കിയില്ല. ശവമടക്കാന്‍ പോലും പണമില്ലാത്തതിനാല്‍ പ്രയാസപ്പെടുകയായിരുന്നു കുടുംബം. ഒടുവില്‍ ചിലരുടെ ഇടപെടൽ തുണയായി. വൈദ്യുതി ഇല്ലാത്തതും കനത്ത മഴയും ദുരിതങ്ങള്‍ക്ക് കാഠിന്യം കൂട്ടി. നിലമ്പൂര്‍ ജില്ല ആശുപത്രി അധികൃതര്‍ ആനന്ദിന് മതിയായ ചികിത്സ നല്‍കാത്തതിനാല്‍ കൈകാലുകള്‍ ചുരുണ്ടുകൂടിയ നിലയിലായിരുന്നു. ഏറെ പണിപ്പെട്ടാണ് ശനിയാഴ്ച മൃതദേഹം മറവ് ചെയ്തത്. പട്ടികവർഗ വകുപ്പിന് കീഴില്‍ ആദിവാസി വിഭാഗങ്ങളെ പുനരുദ്ധരിക്കാന്‍ പി.വി.ടി.ജി പോലുള്ള പദ്ധതികളുണ്ട്. കഴിഞ്ഞ സർക്കാരി​െൻറ കാലത്ത് പട്ടിക വര്‍ഗവകുപ്പിന് ആ വിഭാഗത്തില്‍നിന്നുതന്നെ ഒരു മന്ത്രിയുണ്ടായിട്ടും ഒരു പ്രാവശ്യം പോലും ഈ കോളനിയെ എത്തിനോക്കിയിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.