പാലക്കാട്: നഗരസഭ കൗൺസിലിൽ അപ്രതീക്ഷിതമായി നേരിടേണ്ടിവന്ന ആരോപണത്തിൽ ആടിയുലഞ്ഞ് ബി.ജെ.പി. മുതിർന്ന കൗൺസിൽ അംഗം എൻ. ശിവരാജൻ നഗരസഭ സെക്രട്ടറിക്കെതിരെ ഉന്നയിച്ച ആരോപണം തിരിഞ്ഞുകൊത്തിയതാണ് ബി.ജെ.പിക്ക് തിരിച്ചടിയായത്. പ്രതിപക്ഷം സമ്മർദം ശക്തമാക്കിയതോടെ വിജിലൻസ് അന്വേഷണം ആവശ്യപ്പെടാൻ ചെയർപേഴ്സണ് തീരുമാനമെടുക്കേണ്ടി വന്നത് ബി.ജെ.പിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ക്ലബിലെ റസ്റ്റാറൻറിന് നിയമവിരുദ്ധമായി ലൈസൻസ് നൽകാൻ ശിവരാജൻ സമ്മർദം ചെലുത്തിയെന്ന് സെക്രട്ടറി ആരോപിച്ചതോടെ ആയുധം ലഭിച്ച പ്രതിപക്ഷം ആരോപണം രാഷ്ട്രീയമായി ഉപയോഗിച്ചതോടെ ബി.ജെ.പി വെട്ടിലായി. ആരോപണം ഉന്നയിച്ച ദിവസം ശിവരാജനെ പിന്തുണക്കാൻ മടിച്ച ബി.ജെ.പി അംഗങ്ങൾ ശനിയാഴ്ച ശക്തമായി രംഗത്തുവന്നു. ബി.ജെ.പി നേതാവ് എസ്.ആർ. ബാലസുബ്രഹ്മണ്യം, നടേശൻ എന്നിവർ ശിവരാജൻ നിരപരാധിയാണെന്ന് ആവർത്തിച്ചു. വിജിലൻസ് അന്വേഷണത്തെ അനുകൂലിച്ചെങ്കിലും ശിവരാജനെതിരെയല്ല, വിഷയമാണ് അന്വേഷിക്കുകയെന്ന് ചെയർപേഴ്സൻ വ്യക്തമാക്കി. ആദ്യദിവസം ശിവരാജന് രാഷ്ട്രീയ പിന്തുണ നൽകാത്ത ബി.ജെ.പി അംഗങ്ങളുടെ നടപടി പാർട്ടിക്കുള്ളിലും ആർ.എസ്.എസിലും വിമർശനത്തിനിടയാക്കിയിരുന്നു. ആരോപണം വന്നയുടനെ ശിവരാജനെ പ്രതിസ്ഥാനത്ത് നിർത്തുന്ന നിലപാടാണ് ബി.ജെ.പി അംഗങ്ങൾ സ്വീകരിച്ചതെന്ന് പാർട്ടിക്കുള്ളിൽ വിമർശനം ഉയർന്നു. ഇതിനെ തുടർന്നാണ് ശനിയാഴ്ച ബി.ജെ.പി അംഗങ്ങൾ ശിവരാജന് പ്രതിരോധം തീർത്തത്. ശിവരാജൻ കൗൺസിലറുടെ കടമ നിർവഹിക്കുക മാത്രമാണ് ചെയ്തതെന്നും സെക്രട്ടറിയാണ് നിയമവിരുദ്ധ പ്രവർത്തനം നടത്തിയതെന്നുമാണ് ബി.ജെ.പി വാദം. സമ്മർദം ചെലുത്തിയതിന് തെളിവില്ലെന്നും ബി.ജെ.പി വാദിച്ചു. എന്നാൽ, സെക്രട്ടറി കുറ്റക്കാരനാണെങ്കിൽ ശിവരാജനും കുറ്റക്കാരനാണെന്ന് പ്രതിപക്ഷം വാദിച്ചു. സെക്രട്ടറിയുടെ ആരോപണം രേഖപ്പെടുത്തിയ മിനിറ്റ്സ് പ്രധാന തെളിവാണെന്നും പ്രതിപക്ഷം പറഞ്ഞു. ബി.ജെ.പി കൗൺസിലർ നടേശൻ കോൺഗ്രസ് സമരത്തെ അവഹേളിച്ച് സംസാരിച്ചതും വിവാദമായി. പരമാർശം നടേശൻ പിൻവലിച്ചാണ് തടിയൂരിയത്. കഴിഞ്ഞദിവസം അന്തരിച്ച പുനത്തില്‍ കുഞ്ഞബ്ദുല്ല, ഐ.വി. ശശി എന്നിവരെ യോഗം അനുശോചിച്ചു. കൊടുവള്ളി മുനിസിപ്പാലിറ്റിയില്‍നിന്നും ജില്ലയിലെ തുമ്പാര്‍മുഴി മാലിന്യ പ്ലാൻറ് സന്ദര്‍ശനത്തിനെത്തിയ കൊടുവള്ളി നഗരസഭ പ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കി. നഗരസഭ ജീവനക്കാർക്ക് നൽകേണ്ട ശമ്പള, പെൻഷൻ കുടിശ്ശിക നൽകാൻ സംസ്ഥാന സർക്കാർ ഫണ്ട് അനുവദിക്കണമെന്ന് നഗരസഭ സി.പി.എം വിയോജന കുറിപ്പോടെ പ്രമേയം പാസാക്കി. ആരോപണത്തിന് പിന്നിൽ വ്യക്തിവിരോധം -ബി.ജെ.പി പാലക്കാട്: എൻ. ശിവരാജനെതിരെയുള്ള ആരോപണത്തിന് പിന്നിൽ നഗരസഭ സെക്രട്ടറിയുടെ വ്യക്തി വിരോധമാണെന്ന് ബി.ജെ.പി കൗൺസിൽ യോഗത്തിൽ എസ്.ആർ. ബാലസുബ്രഹ്മണ്യമാണ് സെക്രട്ടറിക്കെതിരെ ആരോപണമുന്നയിച്ചത്. മലിനീകരണ നിയന്ത്രണ ബോർഡ് അനുമതി സർട്ടിഫിക്കറ്റ് ഹാജരാക്കാത്തതിനെ തുടർന്ന് 22ന് ലൈസൻസ് റദ്ദാക്കിയതായി സെക്രട്ടറി രേഖാമൂലം സ്ഥാപനത്തെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യം മറച്ചുവെച്ച് നഗരസഭയെ തെറ്റിദ്ധരിപ്പിച്ച് 23ന് നടന്ന കൗൺസിലിൽ ലൈസൻസ് വീണ്ടും റദ്ദ് ചെയ്യിപ്പിച്ചു. സെക്രട്ടറി നഗരസഭയെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തത്. അവധി ദിനമായ ഞായറാഴ്ച ലൈസൻസ് റദ്ദാക്കിയ സെക്രട്ടറിയുടെ നടപടി സംശയാസ്പദമാണെന്നും ബി.ജെ.പി ആരോപിച്ചു. (((ബോക്സ്)))
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.