മഞ്ചേരി: മഞ്ചേരി പഴയ ബസ്സ്റ്റാൻഡിെൻറ കാര്യത്തിൽ അനുയോജ്യമായ തീരുമാനം കൈക്കൊള്ളാനാവാതെ നഗരസഭ. നൂറുകണക്കിനു യാത്രക്കാർ ദിവസവും വന്നു പോവുന്ന ഇവിടെ വൃത്തിഹീനവും സ്ത്രീകളടക്കമുള്ളവർക്ക് അടിസ്ഥാന സൗകര്യമില്ലാതെയും കിടക്കുകയാണ്. നഗരസഭയുടെ അംഗീകാരമോ അനുമതിയോ ഇല്ലാതെ നടക്കുന്ന കച്ചവടക്കാരും മാലിന്യം തള്ളാൻ സൗകര്യമില്ലാത്ത കടകളിൽനിന്ന് പുറത്തുവിടുന്ന മലിന ജലവും കാരണമാണ് ബസ്റ്റാൻഡ് വൃത്തിഹീനമായി കിടക്കുന്നത്. ഇത് പൊളിച്ച് ഷോപ്പിങ് കോംപ്ലക്സ് നിർമിക്കാൻ തീരുമാനിച്ചെങ്കിലും ഫണ്ട് ലഭ്യമാക്കാനും പദ്ധതിക്ക് അനുമതി വാങ്ങാനും കാലതാമസമെടുക്കും. എന്നാൽ ഇപ്പോഴും വിവിധ സ്ഥലങ്ങളിലേക്ക് പോവുന്ന ബസുകളും യാത്രക്കാരും വിദ്യാർഥികളും സ്ഥിരമായി കയറി ഇറങ്ങുന്ന ഇവിടെ കൂടുതൽ പണച്ചെലവില്ലാതെ വൃത്തിയാക്കാമെന്നിരിക്കെ അതിനും മുതിരുന്നില്ല. ഇതര സംസ്ഥാന തൊഴിലാളികൾ പുകവലി കേന്ദ്രമാക്കുന്നതും കഞ്ചാവു വിൽപനക്കാർ കേന്ദ്രമാക്കുന്നതും ഇവിടെയാണ്. നേരത്തെ സൗന്ദര്യവൽക്കരണ പദ്ധതികൾ നഗരസഭ ഏറെ ആലോചിച്ചതാണ്. നഗരസഭയുടെ ചെലവിൽ ഒന്നു പോലും നടപ്പായിട്ടില്ല. അറ്റകുറ്റപ്പണിയും നവീകരണവും നടത്താത്തത് പൊളിക്കാനിട്ട ഷോപ്പിങ് കോംപ്ലക്സാണെന്നതിനാലാണ്. ചായക്കച്ചവടങ്ങളിലെയും ബേക്കറികളിലെയും മലിന ജലം ഇവിടെ തന്നെ പുറം തള്ളുകയാണ്. ട്രാഫിക് ജങ്ഷനോടു ചേർന്നായതിനാൽ സിഗ്നൽ തെളിഞ്ഞാൽ ഒാട്ടോകളും ഇരുചക്രവാഹനങ്ങളും ബസ്റ്റാൻഡ് ഒാഡിറ്റോറിയത്തിലൂടെയാണ് എളുപ്പവഴി കണ്ടെത്തുന്നത്. ഇത് അപകട സാധ്യത കൂട്ടുകയാണ്. ചെറിയ പട്ടണങ്ങളിൽ പോലും ബസ്സ്റ്റാൻഡ് കേന്ദ്രീകരിച്ച് പൊലീസ് പരിശോധന നടക്കാറുണ്ടെങ്കിലും മഞ്ചേരി പഴയ ബസ്റ്റാൻഡിൽ അതുമില്ല. അതേസമയം പ്രധാന സ്ഥലങ്ങളിലേക്കും സമീപ സ്ഥലങ്ങളിലേക്കുമുള്ള ബസുകൾ ഇവിടെ വന്നാണ് സർവിസ് തുടരുന്നത്. ബസ്റ്റാൻഡ് പൊളിക്കുന്നത് വരെ യാത്രക്കാർക്കു വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്നും ശുചിത്വം നിലനിർത്താൻ നഗരസഭ ആരോഗ്യ വിഭാഗം നടപടി സ്വീകരിക്കണമെന്നുമാണ് യാത്രക്കാരുടെ ആവശ്യം. caption മഞ്ചേരി പഴയ ബസ്റ്റാൻഡ് പൊട്ടിപ്പൊളിഞ്ഞ നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.