പാലക്കാട്: കെ.എസ്.ആർ.ടി.സി പെൻഷൻകാരുടെ ദുരിതത്തിന് അറുതിയില്ല. അർഹതപ്പെട്ട പെൻഷൻ കിട്ടാൻ പ്രതിഷേധവുമായി അധികാരികളുടെ മുമ്പിൽ നിൽക്കാനാണ് ജീവിത സായ്ഹാനത്തിലും ഇവരുടെ ദുർവിധി. സമരം ചെയ്ത് പെൻഷൻ വിതരണത്തിനായി വായ്പ എടുപ്പിച്ച പണം വകമാറ്റി കോർപറേഷൻ വീണ്ടും പെൻഷൻകാർക്ക് ഇരുട്ടടി നൽകി. ബാക്കിയുള്ളതിൽ ഒരു മാസത്തെ പെൻഷൻ നവംബർ ഒന്നിന് ഉറപ്പ് നൽകിയിട്ടുണ്ടെങ്കിലും ലഭിക്കുമെന്ന് പ്രതീക്ഷയില്ല. നൽകിയ വാക്കുകളൊന്നും ഇതുവരെ പാലിച്ചിട്ടില്ലാത്ത കെ.എസ്.ആർ.ടി.സിയുടെ ചരിത്രം തന്നെയാണ് പെൻഷൻകാരുടെ അവിശ്വാസത്തിെൻറ അടിസ്ഥാനവും. സെപ്റ്റംബർ മാസത്തെ മുഴുവൻ പെൻഷൻ വിതരണം ചെയ്യാനുണ്ട്. ജൂൺ മാസത്തിലെയാകട്ടെ 10,000 രൂപവരെയുള്ള പെൻഷനേ കെ.എസ്.ആർ.ടി.സി വിതരണം ചെയ്തിട്ടുള്ളൂ. കുടിശ്ശികവിതരണം ചെയ്യാനായി പെൻഷൻകാരുടെ സംഘടനകൾ നടത്തിയ നിരന്തരസമരങ്ങളുടെ ഭാഗമായി മുഖ്യമന്ത്രിയുടേയും ധനകാര്യമന്ത്രിയുടേയും നേതൃത്വത്തിൽ ചർച്ച നടന്നിരുന്നു. കെ.ടി.ഡി.എഫ്.സി (കേരള ട്രാൻസ്പോർട്ട് ഡെവലപ്മെൻറ് ഫിനാൻസ് കോർപറേഷൻ) യിൽനിന്ന് പെൻഷൻ വിതരണത്തിനായി 150 കോടി രൂപ വായ്പയെടുക്കാനും തീരുമാനിച്ചിരുന്നു. ലഭിച്ച 150 കോടിയിൽ 90 കോടി രൂപ മാത്രമേ പെൻഷൻ കുടിശ്ശിക നൽകുന്നതിലേക്ക് നീക്കിയുള്ളൂ. ബാക്കിയുള്ള 60 കോടി വകമാറ്റി. ഇത് കൂടി പെൻഷനായി നൽകിയിരുന്നെങ്കിൽ തങ്ങളുടെ കുടിശ്ശിക തീരുമായിരുന്നുവെന്ന് ഇവർ പറയുന്നു. സംസ്ഥാനത്ത് മുഴുവൻ പെൻഷൻ വിതരണത്തിനായി വേണ്ടത് 59 കോടി രൂപയാണ്. ജില്ലയിൽ മാത്രം 800ലധികം പെൻഷൻകാരാണ് കെ.എസ്.ആർ.ടി.സിക്കുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.