പൊന്നാനി കടലിൽ മത്സ്യക്ഷാമം രൂക്ഷം; ഭൂരിഭാഗം ബോട്ടുകളും വിശ്രമത്തിൽ

പൊന്നാനി: മലപ്പുറം ജില്ലയിലെ പ്രധാന തുറമുഖമായ പൊന്നാനിയിൽ രണ്ടാഴ്ചയിലേറെയായി മത്സ്യക്ഷാമം രൂക്ഷം. ഇതുമൂലം പൊന്നാനിയിലെ 400ഓളം ഫിഷിങ് ബോട്ടുകളിൽ ഭൂരിഭാഗവും കടലിൽ പോകാനാവാതെ ഫിഷിങ് ഹാർബറിൽ കെട്ടിയിട്ടിരിക്കുകയാണ്. ട്രോളിങ് നിരോധനത്തിനു ശേഷം ഏറെ പ്രതീക്ഷയോടെ കടലിലിറങ്ങിയ ബോട്ടുകളാണ് ആവശ്യത്തിന് മത്സ്യം ലഭിക്കാത്തതിനാൽ പ്രയാസത്തിലായിരിക്കുന്നത്. മത്സ്യക്ഷാമം രൂക്ഷമാകാൻ പല കാരണങ്ങളാണ് തൊഴിലാളികൾ പറയുന്നത്. ഇതര സംസ്ഥാന തൊഴിലാളികളുടെ പെലാഞ്ചി മത്സ്യബന്ധനമാണ് മത്സ്യസമ്പത്ത് ഗണ്യമായി കുറയാനിടയാക്കിയതെന്നാണ് ഭൂരിഭാഗം തൊഴിലാളികളും പറയുന്നത്. രണ്ട് ബോട്ടുകൾ ഒരുമിച്ച് ചേർത്ത് ഒരു വല ഉപയോഗിച്ച് മത്സ്യക്കുഞ്ഞുങ്ങളെ പിടിക്കുന്നതിനാൽ പ്രജനനസമയത്തുതന്നെ മത്സ്യങ്ങൾ ഇല്ലാതാവുകയാണ്. കൂടുതൽ സംഭരണശേഷിയുള്ള വലിയ ബോട്ടുകൾ ഉപയോഗിച്ച് പെലാഞ്ചി വലി എന്ന മാർഗത്തിൽ മത്സ്യബന്ധനം നടത്തുമ്പോൾ മീനുകൾ കൂട്ടത്തോടെ വലക്കകത്ത് കയറുന്നതിനാൽ മറ്റു ബോട്ടുകൾക്ക് മത്സ്യലഭ്യത കുറയുകയാണ്. ഇത്തരം ബോട്ടുകൾ പത്തുദിവസത്തോളമാണ് കടലിൽ മത്സ്യബന്ധനം നടത്തുന്നത്. 80 അടി മുതൽ 110 അടി വരെ വലുപ്പമുള്ള ബോട്ടുകളിൽ 65 അടി വലുപ്പമുള്ള സ്റ്റോറേജിലാണ് മത്സ്യം സംഭരിക്കുന്നത്. ഇതുമൂലം ചെറുമത്സ്യങ്ങളടക്കം വലയിൽ കയറുന്നതും മറ്റു ബോട്ടുകാരെ പ്രയാസത്തിലാക്കുന്നുണ്ട്-. തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽനിന്നുള്ള തൊഴിലാളികളാണ് ഇത്തരത്തിൽ മത്സ്യബന്ധനം നടത്തുന്നത്. ഇതുമൂലം വില കൂടിയ കൂന്തൽ, ആവോലി, ചെമ്മീൻ എന്നിവ മറ്റുള്ളവർക്ക് ലഭിക്കുന്നുമില്ല. ഇതു കൂടാതെ കർണാടകയിൽനിന്നുള്ള തൊഴിലാളികൾ സ്പീഡ് വല വെച്ച് മത്സ്യം പിടിക്കുന്നുമുണ്ട്. ഡബിൾ നെറ്റുപയോഗിച്ചാണ് ഇത്തരത്തിൽ മത്സ്യബന്ധനം നടത്തുന്നത്. കൂടാതെ കാലാവസ്ഥ വ്യതിയാനവും മത്സ്യബന്ധനത്തെ പ്രതികൂലമായി ബാധിക്കുകയാണ്. സാധാരണ ബോട്ട് മൂന്ന് ദിവസം കടലിൽ പോയി വരാൻ ആയിരം ലിറ്റർ ഡീസലാണ് ആവശ്യം. 62,000ത്തോളം രൂപ ഡീസലിന് മാത്രം ചെലവ് വരും. ഒരു ബോട്ടിൽ 12 തൊഴിലാളികളാണുണ്ടാവുക .ഇവരുടെ കൂലിയും കഴിച്ചാൽ നഷ്ടമാണ് ബോട്ടുടമക്കുണ്ടാവുക. ഇത്തരത്തിൽ നഷ്ടം സഹിച്ച് കടലിലേക്കിറങ്ങുന്നതിനേക്കാൾ നല്ലത് കരയിൽതന്നെ കെട്ടിയിടുന്നതാണെന്നാണ് ഉടമകൾ പറയുന്നത്. രണ്ടാഴ്ചയായി തൊഴിലില്ലാത്തതിനാൽ തൊഴിലാളികൾ പട്ടിണിയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.