സരസ്മേള അവലോകന യോഗത്തെച്ചൊല്ലി കുടുംബശ്രീ പ്രവർത്തകർ തമ്മിൽ ബഹളം

മലപ്പുറം: സരസ് മേളയിൽ പങ്കെടുത്ത കുടുംബശ്രീ പ്രവർത്തകരെ മാത്രം വിളിച്ചുകൂട്ടി കോട്ടക്കുന്നിൽ നടത്തിയ അവലോകന യോഗത്തിനൊടുവിൽ ബഹളവും വാക്കേറ്റവും. വ്യാഴാഴ്ച ഉച്ചയോടെ ജില്ല മിഷൻ കോഓഡിനേറ്ററും അസി. മിഷൻ കോഓഡിനേറ്ററും മടങ്ങിയ ശേഷമാണ് സംഭവം. ക്ഷണിക്കാതെ വിവേചനം കാട്ടിയെന്നാരോപിച്ച് ഒരു വിഭാഗം സി.ഡി.എസ് ചെയർപേഴ്സന്മാർ രംഗത്തെത്തുകയും ഇത് റിപോർട്ട് ചെയ്യാൻ ചെന്ന മാധ്യമപ്രവർത്തകരെ പരിപാടിയിൽ പങ്കെടുത്തവർ തടഞ്ഞ് ബഹളം വെക്കുകയുമായിരുന്നു. തുടർന്ന് കുടുംബശ്രീ പ്രവർത്തകർ ചേരിതിരിഞ്ഞ് വാക്കേറ്റവുമുണ്ടായി. എടപ്പാളിൽ ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ നടന്ന സരസ് മേളയോട് ജില്ലയിലെ ആകെ 110 സി.ഡി.എസ് ചെയർപേഴ്സന്മാരിൽ പകുതിയോളം പേരേ സഹകരിച്ചിരുന്നുള്ളൂ. കൂട്ടത്തിൽ അഞ്ച് ദിവസത്തിലധികം സജീവമായിരുന്ന സി.ഡി.എസ് ചെയർപേഴ്സന്മാർ, അക്കൗണ്ടൻറുമാർ ഉൾപ്പെടെയുള്ളവരാണ് കോട്ടക്കുന്നിലെത്തിയത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ അനൗദ്യോഗിക പരിപാടിയായാണ് സംഘടിപ്പിച്ചതെന്നും ഒത്തുചേരൽ മാത്രമായിരുന്നു ഇതെന്നും പങ്കെടുത്തവർ പറയുന്നു. ജില്ല മിഷൻ കോഓഡിനേറ്ററും അസി. മിഷൻ കോഓഡിനേറ്ററും ഔദ്യോഗിക വാഹനത്തിലാണ് എത്തിയത്. പരിപാടിയിലേക്ക് ക്ഷണം ലഭിക്കാത്ത യു.ഡി.എഫ് അനുകൂല സി.ഡി.എസ് ചെയർപേഴ്സന്മാരും ഇതറിഞ്ഞ് കോട്ടക്കുന്നിൽ കയറി. സമ്മാനം വിതരണം ചെയ്യാനടക്കം ഉദ്ദേശിച്ചാണ് യോഗം സംഘടിപ്പിച്ചതെന്നും വിവാദമാവുമെന്നറിഞ്ഞ് വേദി മാറ്റുകയും കാര്യപരിപാടി വെട്ടിച്ചുരുക്കുകയുമായിരുന്നുവെന്നും ഇവർ ആരോപിച്ചു. ഇരുവിഭാഗവും തമ്മിൽ വാക്കേറ്റവുമുണ്ടായി. ഒത്തുചേരലും പ്രതിഷേധവും റിപോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർ, അനുവാദമില്ലാതെ ദൃശ്യങ്ങൾ പകർത്തിയെന്നാരോപിച്ചാണ് ചിലർ ബഹളം വെച്ചത്. പ്രസ് ക്ലബ് സെക്രട്ടറി സുരേഷ് എടപ്പാൾ സ്ഥലത്തെത്തി ഇവരുമായി സംസാരിച്ചു. അതേസമയം, തനിക്ക് വന്ന അജ്ഞാത ഫോൺ സന്ദേശത്തിലൂടെയാണ് കോട്ടക്കുന്നിലെ പരിപാടിയെപ്പറ്റി അറിയുന്നതെന്ന് ജില്ല മിഷൻ കോഓഡിനേറ്റർ സി.കെ. ഹേമലത പറയുന്നു. ഇത് എന്താണെന്ന് അന്വേഷിക്കാനൊരുങ്ങവേയാണ് കോട്ടക്കുന്നിലെത്തിയവർ വിളിക്കുന്നത്. സരസ്മേളയിൽ അഞ്ച് ദിവസത്തിലധികം പങ്കെടുത്തവർ ഒത്തുകൂടിയിട്ടുണ്ടെന്നും അങ്ങോട്ട് ചെല്ലണമെന്നും തന്നോട് പറഞ്ഞു. അവർ പാട്ടുപാടിയും അന്താക്ഷരി കളിച്ചും മടങ്ങിയെന്നും ഔദ്യോഗിക ചടങ്ങുകളൊന്നും നടന്നിട്ടില്ലെന്നും ഹേമലത കൂട്ടിച്ചേർത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.