ബനാറസ്​ ആശുപത്രിയിലെ കൂട്ടമരണം അനസ്​തേഷ്യക്ക്​ ഉപയോഗിച്ചത്​ വ്യവസായ ആവശ്യത്തിനുള്ള വാതകം

ബനാറസ് ആശുപത്രിയിലെ കൂട്ടമരണം: അനസ്തേഷ്യക്ക് ഉപയോഗിച്ചത് വ്യവസായ ആവശ്യത്തിനുള്ള വാതകം വാരാണസി: ബനാറസ് ഹിന്ദു യൂനിവേഴ്സിറ്റിയുടെ ഭാഗമായുള്ള ആശുപത്രിയിലെ ശസ്ത്രക്രിയ വാർഡിൽ ജൂൺ ആറുമുതൽ എട്ടുവരെ 14 പേർ മരിച്ചതിന് കാരണം അനസ്തേഷ്യക്ക് വിഷവാതകം ഉപയോഗിച്ചതാണെന്ന് കണ്ടെത്തൽ. വ്യവസായിക ആവശ്യത്തിന് തയാറാക്കിയ നൈട്രസ് ഒാക്സൈഡ് ആണ് രോഗികളിൽ കുത്തിവെച്ചിരുന്നത്. മരുന്നായി ഉപയോഗിക്കരുതാത്ത അളവിൽ ഉൽപാദിപ്പിക്കുന്ന ഇത്, അനുവദനീയ മരുന്നുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് യു.പി ഭക്ഷ്യസുരക്ഷ, മരുന്നുവിഭാഗം തയാറാക്കിയ റിപ്പോർട്ട് പറയുന്നു. വിതരണം ചെയ്ത അലഹബാദ് ആസ്ഥാനമായ പരേരട്ട് ഇൻഡസ്ട്രിയൽ എൻറർപ്രൈസസ് എന്ന കമ്പനിക്ക് ലൈസൻസ് ഇല്ലെന്നും കണ്ടെത്തി. കമ്പനി ഡയറക്ടർ അശോക് കുമാർ ബജ്പെയ് അലഹബാദ് നിയമസഭ മണ്ഡലത്തിൽനിന്ന് ബി.ജെ.പിയെ പ്രതിനിധാനംചെയ്യുന്ന ഹർഷ്വർധൻ ബജ്പെയിയുടെ പിതാവാണ്. സ്റ്റീൽ, കെമിക്കലുകൾ, പേപ്പർ മില്ലുകൾ, സോളാർ വൈദ്യുതി തുടങ്ങി വിവിധ മേഖലകളിൽ സാന്നിധ്യമുള്ള കമ്പനിയിൽ ഹർഷ്വർധനനും ഒാഹരി പങ്കാളിത്തമുണ്ട്. കമ്പനിക്ക് ലൈസൻസ് ഇല്ലായിരുന്നുവെന്ന് ഉടമ സമ്മതിച്ചിട്ടുണ്ട്. എന്നാൽ, മരണം സംഭവിച്ചത് ഇതുമൂലമാണെന്നത് ശരിയല്ലെന്നും ലഖ്നോയിലെയും അലഹബാദിലെയും ആശുപത്രികൾക്കും ഇതേ മരുന്ന് വിതരണം ചെയ്തിട്ടുണ്ടെന്നും ബി.ജെ.പി എം.എൽ.എ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.