വാഴക്കാട്: ചികിത്സിക്കാൻ മതിയായ ഡോക്ടർമാരോ മരുന്നോ ഇല്ലാതെ വാഴക്കാട് സർക്കാർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തുന്ന രോഗികൾ ദുരിതം പേറുന്നു. സമീപ പ്രദേശങ്ങളിലെ കമ്യൂണിറ്റി ഹെൽത്ത് സെൻററിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും 3000 ഒ.പിക്ക് മൂന്നും നാലും ഡോക്ടർമാരുള്ളപ്പോൾ 6000 ഒ.പിയുള്ള വാഴക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ആകെയുള്ളത് ഒരു ഡോക്ടർ മാത്രം. ജനകീയ പ്രക്ഷോഭങ്ങളുടെ ഫലമായി ഉച്ചക്ക് ശേഷവും ഡോക്ടർമാരുടെ സേവനം ലഭ്യമായിരുന്ന ഇൗ ആശുപത്രിയിൽ ഇപ്പോൾ ഉച്ചക്ക് ശേഷം ഡോക്ടർമാരുടെ സേവനം തീരെയില്ല. ഗ്രാമീണ മേഖലയിൽ സ്ഥിതി ചെയ്യുന്ന വാഴക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തുന്ന രോഗികളിൽ തൊണ്ണൂറ് ശതമാനവും സാധാരണക്കാരാണ്. ദിനേന ഇവിടെയെത്തുന്ന രോഗികളുടെ എണ്ണം കൂടുതലാണെങ്കിലും അനുവദിച്ച മരുന്നിെൻറ അളവ് വർധിപ്പിച്ചിട്ടില്ല. 3000 രോഗികൾ എത്തുന്ന സമീപ പ്രദേശത്തെ ആശുപത്രിയിലേക്കും 6000 രോഗികൾ ചികിത്സ തേടിയെത്തുന്ന വാഴക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിനും അനുവദിച്ച മരുന്നിെൻറ അളവ് തുല്യമാണ്. ആവശ്യത്തിന് മരുന്നില്ലാത്തതിനാൽ സ്വകാര്യ മരുന്ന് കടകളിൽനിന്ന് ഭീമമായ വില കൊടുത്ത് മരുന്നു വാങ്ങേണ്ട ഗതികേടിലാണ് രോഗികൾ. രോഗികളുടെ എണ്ണത്തിനനുസരിച്ച് കൂടുതൽ ഡോക്ടർമാരെ നിയമിക്കുക, ഉച്ചക്ക് ശേഷം എൻ.ആർ.എച്ച്.എം ഡോക്ടർമാരുടെ സേവനം ലഭ്യമാക്കുക, ആവശ്യത്തിന് മരുന്ന് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആരോഗ്യവകുപ്പ് മന്ത്രിക്കും ജില്ല കലക്ടർക്കും പരാതി നൽകിയതായി ജനകീയ ആരോഗ്യസമിതി നേതാക്കളായ സി.കെ. അബൂബക്കർ, വി.സി. മുഹമ്മദ് കുട്ടി എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.