പടുക്ക വനത്തില്‍ കാട്ടുതീ; എട്ട് ഹെക്ടര്‍ അടിക്കാടുകള്‍ നശിച്ചു

എടക്കര: പടുക്ക വനത്തിലുണ്ടായ കാട്ടുതീയില്‍ ഹെക്ടര്‍ കണക്കിന് അടിക്കാടുകള്‍ ചാമ്പലായി. ഞായറാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് കരുളായി റേഞ്ചിലെ പടുക്ക വനമേഖലയില്‍ ഉച്ചക്കുളം ആദിവാസി കോളനിക്ക് ഒരു കിലോമീറ്റര്‍ അകലെയായി തീപടര്‍ന്നത്. വിവരമറിഞ്ഞ് വനം അധികൃതരും കോളനിവാസികളും നിയന്ത്രിക്കാന്‍ ശ്രമിച്ചെങ്കിലും കൂടുതല്‍ പ്രദേശത്തേക്ക് വ്യാപിക്കുകയായിരുന്നു. കനത്ത ചൂടില്‍ അതിവേഗം ആളിപ്പടര്‍ന്ന തീയില്‍ എട്ട് ഹെക്ടറോളം വരുന്ന സ്ഥലത്തെ അടിക്കാടുകള്‍ കത്തിനശിച്ചു. നിലമ്പൂരില്‍നിന്ന് അഗ്നിശമന സേന സ്ഥലത്തത്തെി. വൈകീട്ട് അഞ്ചരയോടെയാണ് തീ പൂര്‍ണമായും നിയന്ത്രണവിധേയമായത്. കഴിഞ്ഞ ദിവസങ്ങളിലും പടുക്ക വനമേഖലയിലെ വരയന്‍മല, പുഞ്ചക്കൊല്ലിയുടെ ഭാഗങ്ങള്‍, എടക്കുറ്റി, ഒണക്കപ്പാറ എന്നിവിടങ്ങളിലും വ്യാപകമായി തീപടര്‍ന്നിരുന്നു. ജി.ഡി ഫയര്‍മാന്‍ ഇന്‍ ചാര്‍ജ് പ്രദീപിന്‍െറ നേതൃത്വത്തില്‍ ഫയര്‍മാന്മാരായ പി.ടി. ശ്രീജേഷ്, പ്രശാന്ത്, ശറഫുദ്ദീന്‍, അഫ്സല്‍, നിഖില്‍ദാസ്, അമീറുദ്ദീന്‍, അനൂപ്, റജീഷ്, ഹോംഗാര്‍ഡുമാരായ ചാക്കോ, ഗോപാലകൃഷ്ണന്‍ എന്നിവരും പടുക്ക സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ എം. വിജയന്‍, ബി.എഫ്.ഒമാരായ മുനീര്‍, അനൂപ്കുമാര്‍, വാച്ചര്‍മാര്‍ എന്നിവരാണ് തീയണക്കാന്‍ ഉണ്ടായിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.