മലപ്പുറം: ദേശീയപാത വികസനത്തിന് ബന്ധപ്പെട്ട കൺസൽട്ടൻസി തയാറാക്കിയ രൂപരേഖയിൽ നിർദേശങ്ങളും ആവശ്യങ്ങളും ഉൾപ്പെടുത്തി റിപ്പോർട്ട് തുടർ നടപടികൾക്കായി സർക്കാറിന് കൈമാറിയതായി ജില്ല കലക്ടർ അമിത് മീണ അറിയിച്ചു. കൺസൽട്ടൻസി നിർദേശിച്ച രൂപരേഖയിൽ രണ്ടിടത്ത് മാത്രമാണ് ജില്ല ഭരണകൂടം ജനപ്രതിനിധികളുടെ ആവശ്യപ്രകാരം മാറ്റം ആവശ്യപ്പെട്ടിരിക്കുന്നത്. ദേശീയപാത ഇടിമൂഴിക്കൽ ഭാഗത്ത് പടിഞ്ഞാറ് 500 മീറ്റർ മാറി സമാന്തര പാതയാണ് ഉദ്ദേശിച്ചിരുന്നത്. എന്നാൽ, ഇവിടെ ജനസാന്ദ്രത കൂടിയതിനാൽ പൊതുജനങ്ങളുടെ പ്രതിഷേധത്തിന് കാരണമാവുമെന്നും പാതയുടെ ദിശാമാറ്റം ആവശ്യമില്ലെന്നും ചേലേമ്പ്ര ഗ്രാമ പഞ്ചായത്ത് ആവശ്യപ്പെട്ടിരുന്നു. കൊളപ്പുറം ഭാഗത്ത് ഇതുപോലെ 400 മീറ്റർ ദൂരത്തേക്കുള്ള മാറ്റമായിരുന്നു ഉദ്ദേശിച്ചിരുന്നത്. ഇവിടെയും മാറ്റം വേണ്ടെന്ന് ജനപ്രതിനിധികളുടെ വികാരം ദേശീയപാത വിഭാഗത്തെ അറിയിച്ചിട്ടുണ്ട്. എന്നാൽ, ഇത് സംബന്ധിച്ച അന്തിമതീരുമാനം ദേശീയപാത വിഭാഗത്തിേൻറതായിരിക്കും. ദേശീയപാത വരുമ്പോൾ തേഞ്ഞിപ്പലം വില്ലേജ് ഓഫിസ് കെട്ടിടം പൂർണമായും നഷ്ടപ്പെടും. പകരം സ്ഥലം വില്ലേജിൽ നൽകാനില്ലെന്ന് അറിയിച്ചിട്ടുണ്ട്. ആയതിനാൽ നിലവിൽ ദേശീയപാത വിഭാഗത്തിെൻറ കൈവശം തേഞ്ഞിപ്പലം വില്ലേജിലുള്ള സ്ഥലം വിട്ടുനൽകണമെന്ന് നിർദേശിച്ചിട്ടുണ്ട്. തെന്നല വില്ലേജ് ഓഫിസ്, പഞ്ചായത്ത് ഓഫിസ്, കൃഷിഭവൻ എന്നിവ ദേശീയപാത വരുന്നതോടെ മാറ്റേണ്ടിവരും. അത് തെന്നലയിൽ ദേശീയപാതയുടെ കൈവശമുള്ള സ്ഥലത്തേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ടു. ദേശീയപാതയുടെ മധ്യവര നിർണയിക്കുന്ന പ്രവൃത്തികൾ തുടങ്ങാനും സ്ഥലമേറ്റെടുക്കുന്നതിന് ആവശ്യമായ നിർദേശങ്ങൾ ലഭ്യമാക്കാനും ജില്ല കലക്ടർ ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോർട്ട് പഠിച്ച ശേഷം ആവശ്യമായ നിർദേശങ്ങളോടെ സർക്കാർ ഇത് ദേശീയപാത വിഭാഗത്തിന് കൈമാറും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.