മിന്നൽ ഹർത്താലിൽ ജനം വലഞ്ഞു

പാലക്കാട്: നിനച്ചിരിക്കാതെ ഇടുത്തീ പോലെ വന്ന ഹർത്താലിൽ പെരുവഴിയിൽ കുടുങ്ങിയത് പൊതുജനം. ദീർഘദൂര യാത്രകഴിഞ്ഞ് എത്തിയവർ പലരും ഹർത്താലെന്ന് കേട്ടപ്പോൾ ഞെട്ടി. യാത്ര തുടങ്ങുമ്പോൾ ഇല്ലാത്ത ഹർത്താലിൽ വാഹനം പോലും കിട്ടാതെ പലരും റെയിൽവേ സ്റ്റേഷനിലും ബസ്സ്റ്റാൻഡിലും കുടുങ്ങി. സ്വകാര്യ വാഹനങ്ങളിൽ ഇവരെ കൂട്ടാൻ എത്തിയവരും സമരാനുകൂലികളുടെ പ്രതിഷേധത്തിന് ഇരയായി. പലരെയും പ്രതിഷേധക്കാർ വഴിയിൽ തടഞ്ഞിട്ടു. ഹർത്താലിനിടെ ജില്ലയിൽ ഒറ്റപ്പെട്ട ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തു. രാവിലെ നടന്ന പ്രതിഷേധ പ്രകടനത്തി‍​െൻറ മറവിൽ, ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ സി.പി.എം സ്ഥാപിച്ച പ്രചാരണബോർഡുകൾ നശിപ്പിക്കപ്പെട്ടു. പാലക്കാട്ടെ കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂനിയൻ(സി.ടി.യു) ജില്ല കമ്മിറ്റി ഓഫിസിന് നേരെ നടന്ന കല്ലേറിൽ ജനൽ ചില്ലുകൾ പൊട്ടി. നഗരത്തിലെ സി.പി.എമ്മി‍​െൻറ കൊടിമരവും നശിപ്പിക്കപ്പെട്ടു. മലബാർ സിമൻറ്സിലേക്ക് തൊഴിലാളികളെ കൊണ്ടുപോയ വാഹനത്തിന് നേരെയും വാണിയംകുളത്ത് ആബുലൻസിന് നേരെയും കല്ലേറുണ്ടായി. പലയിടത്തും പൊലീസ് ഇടപെട്ടാണ് തടഞ്ഞിട്ട വാഹനങ്ങളെ വിട്ടയച്ചത്. എന്നാൽ, വ്യവസായ മേഖലയെ ഹർത്താൽ കാര്യമായി ബാധിച്ചില്ല. ഞായറാഴ്ച മിക്ക കമ്പനികളും അവധിയായിരുന്നു. തുറന്ന് പ്രവർത്തിച്ചവയിൽ എത്തിയ തൊഴിലാളികളുടെ എണ്ണം കുറവായിരുന്നു. ഹർത്താലിനെ തുടർന്ന് പാലക്കാട്ടുനിന്ന് കെ.എസ്.ആർ.ടി.സിയുടെ നാമമാത്ര സർവിസുകളെ നടന്നുള്ളു. തിരുവന്തപുരത്തേക്ക് സർവിസ് നടത്തിയ ബസ് സമരനുകൂലികൾ വഴിയിൽ തടഞ്ഞിട്ടു. പഴനിക്ക് രാവിലെ പോയ ബസ് മാത്രമാണ് ഹർത്താൽ കഴിയുന്നതുവരെ നടത്തിയ ഏക അന്തർസംസ്ഥാന സർവിസ്. യാത്രക്കാർ ആവശ്യപ്പെട്ടതിനെ തുടർന്ന് പൊലീസ് സുരക്ഷയിൽ തൃശൂർക്ക് ഉച്ചക്ക് 2.30ഓടെ കെ.എസ്.ആർ.ടി.സി സർവിസ് നടത്തി. ഞായറാഴ്ച വന്ന ഹർത്താൽ വിവാഹങ്ങളെയും കാര്യമായി ബാധിച്ചു. ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ ബി.ജെ.പി പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നു. പാലക്കാട് നഗരത്തിൽ നടന്ന പ്രകടനത്തിന് ബി.ജെ.പി മുതിർന്ന നേതാവ് എൻ. ശിവരാജൻ. സംസ്ഥാന സെക്രട്ടറി സി. കൃഷ്ണകുമാർ, ജില്ല പ്രസിഡൻറ് അഡ്വ. ഇ. കൃഷ്ണദാസ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.