കനത്ത മഴയിലും ഷൊർണൂർകാർക്ക്​ കുടിവെള്ളം കിട്ടാക്കനി

ഷൊർണൂർ: പ്രധാന ജലസ്രോതസ്സായ ഭാരതപ്പുഴയിൽ വെള്ളമുണ്ടായിട്ടും ഷൊർണൂരിലുള്ളവർക്ക് കുടിവെള്ളം കിട്ടാക്കനി. ഉയർന്ന പ്രദേശങ്ങളിലുള്ളവരാണ് ദിവസങ്ങളായി കുടിവെള്ളം കിട്ടാതെ വലയുന്നത്. പ്രധാന ലൈനിലടക്കം നിരവധി സ്ഥലങ്ങളിൽ പൈപ്പ് പൊട്ടി വെള്ളം വ്യാപകമായി പാഴാവുകയാണ്. ഉയർന്ന സ്ഥലങ്ങളിലേക്ക് വെള്ളം കയറാനുള്ള ശക്തി കിട്ടാത്തതാണ് പ്രശ്നമാകുന്നത്. പ്രധാന പൈപ്പ് ലൈനിലടക്കം വലിയ പൊട്ടലുണ്ടായാൽ പോലും അധികൃതർക്ക് ഒരു കുലുക്കവുമില്ല. ദൈനം ദിനം ഓരോ പ്രദേശങ്ങളിലും പരിശോധന നടത്താനുള്ള സംവിധാനം ജല അതോറിറ്റിക്കില്ല. വെള്ളം വ്യാപകമായി പാഴാകുന്നത് കണ്ട് സമീപവാസികൾ വിളിച്ചു പറഞ്ഞാലും നടപടിയുണ്ടാകുന്നില്ല. നഗരസഭാംഗങ്ങളടക്കമുള്ളവർ നേരിട്ടെത്തി പരാതി പറഞ്ഞാലും നടപടിയെടുക്കാത്തത് പ്രശ്നത്തി​െൻറ ഗൗരവം കൂട്ടുന്നു. ഷൊർണൂരിൽ ജല അതോറിറ്റി ജലവിതരണം നടത്തുന്ന എല്ലാ മേഖലയിലും വെള്ളം പാഴാകുന്നുണ്ട്. ജനങ്ങൾക്ക് വെള്ളം കിട്ടാത്തതിനൊപ്പം പൈപ്പ് പൊട്ടി വെള്ളം റോഡിൽ കെട്ടി നിൽക്കുന്നതും പരന്നൊഴുകുന്നതും കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ടാകുന്നു. പലയിടത്തും ചളിവെള്ളത്തിൽ ചവിട്ടാതെ മുന്നോട്ടുപോകാനാകില്ലെന്ന സ്ഥിതിയാണ്. ചെറുവാഹനയാത്രക്കാരും ഇതിനാൽ വല്ലാതെ വലയുന്നു. കുളപ്പുള്ളി ചിന്താമണി ജങ്ഷനടുത്ത് എടക്കാട് റോഡിൽ പൈപ്പ് പൊട്ടി വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. കണയം, കയിലിയാട്, കളപ്പാറ, നെടുങ്ങോട്ടൂർ, പരുത്തിപ്ര, വാടാനാംകുറുശ്ശി റോഡുകളിലും പ്രധാന റോഡുകളിലും സ്ഥിതി മറിച്ചല്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.