മഴവെള്ളം ഒഴുകിപ്പോകാനിടമില്ല; പിടിച്ചുകെട്ടി നിവാസികൾ രോഗഭീഷണിയിൽ

തിരൂരങ്ങാടി: ഒഴുകിപ്പോകാനിടമില്ലാതെ വീടുകൾക്ക് ചുറ്റും മഴവെള്ളം കെട്ടിക്കിടക്കുന്നത് ജനങ്ങൾക്ക് ദുരിതമാകുന്നു. തിരൂരങ്ങാടി നഗരസഭ രണ്ടാം ഡിവിഷനിൽ പതിനാറുങ്ങൽ പിടിച്ചുകെട്ടി നിവാസികളാണ് വെള്ളക്കെട്ട് കാരണം പ്രയാസപ്പെടുന്നത്. മുപ്പതോളം കുടുംബങ്ങൾ താമസിക്കുന്ന ഈ പ്രദേശത്ത് മഴ പെയ്താൽ വീടുകൾക്ക് ചുറ്റും വെള്ളം നിറയും. ഒഴുകിപ്പോവാൻ വഴിയില്ലാതെ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ ഈ വെള്ളവും സെപ്റ്റിക് ടാങ്കും കിണർവെള്ളവും ഒരേ നിരപ്പിലാവുന്നു. കക്കൂസ് ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയാണ്. കക്കൂസ് മാലിന്യം പുറത്തേക്കൊഴുകുന്ന അവസ്ഥയുമുണ്ട്. വർഷങ്ങളായി പ്രദേശവാസികൾ മഴക്കാലത്ത് ദുരിതമനുഭവിക്കുന്നുണ്ട്. ശക്തമായി മഴ പെയ്താൽ കോളനി പോെല അടുത്തടുത്തായി നിലകൊള്ളുന്ന വീടുകളിൽ വെള്ളം കയറും. െഡങ്കിപ്പനിയും വയറിളക്കവുമുൾപ്പെടെ രോഗങ്ങൾ പ്രദേശത്ത് പലരെയും ബാധിച്ചിട്ടുണ്ട്. ഓവുചാൽ സ്ഥാപിക്കുകയോ, പൈപ്പ് സ്ഥാപിച്ച് സമീപത്തെ തോട്ടിലേക്ക് വെള്ളം ഒഴുക്കി വിടാൻ സംവിധാനമൊരുക്കുകയോ ചെയ്യണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. വർഷങ്ങളായി നിരവധി തവണ പരാതിപ്പെട്ടിട്ടും കൗൺസിലറുൾപ്പെടെ അധികൃതർ തിരിഞ്ഞു നോക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. അതേസമയം, പ്രദേശത്ത് നേരത്തേ വെള്ളം ഒഴുകിപ്പോയിരുന്ന ചാൽ അടച്ചതും ഓരോ വീട്ടുകാരും മതിൽ കെട്ടിയതും മിക്കയിടങ്ങളിലും മണ്ണിട്ട് ഉയർത്തിയതുമാണ് വെള്ളം കെട്ടിക്കിടക്കാനിടയാക്കുന്നതെന്ന് ഡിവിഷൻ കൗൺസിലർ സി.പി. ഹബീബ പറഞ്ഞു. ഡ്രൈനേജ് നിർമിക്കാൻ 10 ലക്ഷം രൂപയുടെ എസ്റ്റിമേറ്റാണുള്ളത്. എന്നാൽ, ഫണ്ടില്ലാത്തതാണ് തടസ്സം. ഓരോ വാർഡിനും മൂന്നുലക്ഷം രൂപ വീതം മാത്രമേ ലഭിക്കുന്നുള്ളൂവെന്നും കൗൺസിലർ പറഞ്ഞു. അതേസമയം, ലഭ്യമായ തുക ഉപയോഗിച്ച് ഘട്ടംഘട്ടമായി ഓട നിർമിക്കാൻ കൗൺസിലർ ആവശ്യപ്പെടുന്നപക്ഷം നടപടിയെടുക്കുമെന്ന് നഗരസഭാധ്യക്ഷ കെ.ടി. റഹീദ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.