കെട്ടിടം ഒഴിഞ്ഞുകൊടുക്കണമെന്ന് അഗ്​നിശമനസേനക്ക്​ നഗരസഭയുടെ നോട്ടീസ്

നിലമ്പൂര്‍: വീട്ടിക്കുത്ത് റോഡിലെ നഗരസഭയുടെ കെട്ടിടത്തില്‍ പ്രവർത്തിക്കുന്ന ഫയർ ആൻഡ് റസ്ക‍്യു സ്റ്റേഷൻ കെട്ടിടം ഒഴിഞ്ഞു കൊടുക്കാൻ നഗരസഭയുടെ നോട്ടീസ്. 15 ദിവസത്തിനകം കെട്ടിടം ഒഴിയണമെന്നാണ് നഗരസഭ സെക്രട്ടറി നൽകിയ നോട്ടീസിൽ പറയുന്നത്. വെള്ളിയാഴ്ചയാണ് നോട്ടീസ് സ്റ്റേഷൻ മാസ്റ്റർക്ക് ലഭിച്ചത്. നഗരസഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടമായതിനാല്‍ കഴിഞ്ഞ 11 വര്‍ഷത്തെ വാടക കുടിശ്ശിക നല്‍കാനും നോട്ടീസില്‍ നിര്‍ദേശമുണ്ട്. 2005 ഡിസംബര്‍ 16ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് വീട്ടിക്കുത്തിലെ പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ ഫയര്‍ സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്തത്. പുതിയ സ്ഥലം കണ്ടെത്തി നല്‍കുംവരെ പ്രവര്‍ത്തിക്കാനായിരുന്നു അനുമതി. 11 വര്‍ഷം കഴിഞ്ഞിട്ടും നഗരസഭക്ക് ഫയര്‍ സ്റ്റേഷന് ആവശ്യമായ സ്ഥലം കണ്ടെത്തി നല്‍കാനായില്ല. അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ് ഫയര്‍ സ്റ്റേഷന് സ്ഥലം കണ്ടെത്തേണ്ടത്. നിലവില്‍ ഫയര്‍ സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്ന സ്ഥലത്ത് നഗരസഭ ഓഫിസിന് വേണ്ടിയുള്ള പുതിയ കെട്ടിടത്തി‍​െൻറ നിര്‍മാണം നടന്നുവരികയാണ്. ഈ കെട്ടിടത്തി‍​െൻറ വിപുലീകരണത്തിനുവേണ്ടിയാണ് അഗ്നിശമനസേന‍യുടെ പ്രവർത്തനം ഒഴിവാകാൻ നോട്ടീസ് നൽകിയതെന്നാണ് സൂചന. മലയോര മേഖലക്ക് ഫയർസ്റ്റേഷൻ നഷ്ടപ്പെടാൻ സാധ്യത നിലമ്പൂർ: നഗരസഭയുടെ കടുത്ത നിലപാട് കാരണം നിലമ്പൂരിൽ വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന അഗ്നിശമനസേന മലയോര മേഖലക്ക് നഷ്ടമായേക്കും. നിലമ്പൂരിലേതുൾെപ്പടെ ജില്ലയില്‍ നാല് ഫയര്‍ സ്റ്റേഷനുകളാണുള്ളത്. കെട്ടിടം ഒഴിയണമെന്ന നഗരസഭയുടെ നോട്ടീസി‍​െൻറ അടിസ്ഥാനത്തില്‍ ഫയർഫോഴ്സ് മറ്റൊരിടത്തേക്ക് മാറ്റേണ്ടി വരും. തിരുവാലിയിൽ അഗ്നിശമന സേനക്ക് സ്ഥലവും കെട്ടിടവും നൽകാമെന്ന് പഞ്ചായത്ത് അധികൃതരുടെ വർഷങ്ങളായുള്ള വാഗ്ദാനം നിലവിലുണ്ട്. മഞ്ചേരിയിലേക്കോ ജില്ല ഓഫിസായ മലപ്പുറത്തേക്കോ നിലമ്പൂരിലെ ഫയര്‍ എൻജിന്‍ അടക്കമുള്ള സംവിധാനങ്ങള്‍ മാറ്റുന്ന കാര‍്യവും ആലോചിക്കുന്നുണ്ട്. നിലമ്പൂരിൽ നിന്ന് ഫയർഫോഴ്സ് മാറ്റുന്നത് മലയോരമേഖലക്ക് ഏറെ തിരിച്ചടിയാവും. പുഴകളും തോട്ടങ്ങളും വനവും ഉള്‍ക്കൊള്ളുന്ന പ്രദേശത്ത് പ്രകൃതി ദുരന്തങ്ങള്‍ ഏറെയാണ് സംഭവിക്കാറുള്ളത്. ജില്ലയിൽ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ ഉണ്ടായ മേഖലയും നിലമ്പൂരാണ്. നാടുകാണി ചുരത്തിൽ മണ്ണിടിഞ്ഞും കൂറ്റൻ മരങ്ങൾ വീണും ഇടക്കിടെയുണ്ടാകുന്ന ഗതാഗത തടസ്സം ഫയർഫോഴ്സി‍​െൻറ സഹായത്തോടെയാണ് നീക്കം ചെയ്യാറുള്ളത്. രാജ‍്യത്ത് ഉരുൾപൊട്ടൽ തീവ്രമേഖലയായി ജി.എസ്.ഐ പ്രഖ‍്യാപിച്ച മേഖലകൂടിയാണ് നാടുകാണി ചുരം. കഴിഞ്ഞ വർഷങ്ങളിൽ ചുരത്തിലുണ്ടായ ഉരുൾപൊട്ടലിലും ഭൂമി നിരങ്ങി നീങ്ങൽ പ്രതിഭാസത്തിലും ചുരത്തിൽ അകപ്പെട്ട യാത്രക്കാരെ അദ്ഭുതകരമായി രക്ഷപ്പെടുത്തിയ നിലമ്പൂർ ഫയർഫോഴ്സിനെ മന്ത്രിയും ജില്ല ഭരണകൂടവും ഏറെ പ്രശംസിച്ചിരുന്നു. ഫയർ ആൻഡ് റെസ്ക‍്യൂ സ്റ്റേഷന് വേണ്ടി പഞ്ചായത്തുകളടക്കം മുറവിളി കൂട്ടുമ്പോഴാണ് നിലമ്പൂരിലെ ഫയർസ്റ്റേഷൻ ഒഴിഞ്ഞു കൊടുക്കാൻ നഗരസഭ നോട്ടീസ് നൽകിയിരിക്കുന്നത്. ദുരന്ത സമയങ്ങളിൽ എളുപ്പത്തിൽ രക്ഷപ്രവർത്തനം സാധ‍്യമാക്കുന്നതിന് പ്രാദേശിക തലത്തിൽ ഫയർഫോഴ്സി‍​െൻറ മേൽനോട്ടത്തിൽ നാട്ടുകാരുടെ ഇടയിൽ നിന്ന് തെരഞ്ഞെടുത്ത സേനക്ക് രൂപം നൽകി ഇവർക്ക് ഫയർഫോഴ്സ് പരിശീലനം നൽകിവരുന്ന തിനിടെയാണ് ഒഴിഞ്ഞുപോകാൻ നഗരസഭ നോട്ടീസ് നൽകിയിട്ടുള്ളത്. പി.വി. അൻവർ എം.എൽ.എയുടെ ഇടപെടൽ മൂലം നിലമ്പൂരില്‍ ഫയര്‍ സ്റ്റേഷന്‍ നിര്‍മിക്കാന്‍ കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ അഞ്ചുകോടി രൂപ അനുവദിച്ചിരുന്നു. കരിമ്പുഴ പാലത്തിന് സമീപം പൊതുമരാമത്തി‍​െൻറ അധീനതയിലുള്ള ഭൂമി ലഭ‍്യമാക്കാനുള്ള നടപടി പുരോഗമിക്കുകയുമാണ്. കരിമ്പുഴയില്‍ കെ.എൻ.ജി റോഡി‍​െൻറ ഇരുവശങ്ങളിലുമായി കിടക്കുന്ന 42 സ​െൻറ് സ്ഥലമാണ് വിട്ടുകിട്ടാൻ ശ്രമം നടത്തിവരുന്നത്. വില്ലേജ് ഓഫിസറുടെ നേതൃത്വത്തില്‍ ഇവിടെ സര്‍വേ നടത്തുകയും ചെയ്തിരുന്നു. ഫയര്‍ സ്റ്റേഷന് സ്വന്തമായി സ്ഥലം കണ്ടെത്താന്‍ വകുപ്പ് തലത്തില്‍ നടത്തിയ ശ്രമവും നടന്നുവരുന്നുണ്ട്. ഒരു സ്റ്റേഷന്‍ ഓഫിസര്‍, അസി. സ്േറ്റഷന്‍ ഓഫിസര്‍, നാല് ലീഡിങ് ഫയര്‍മാന്‍മാര്‍, ഒരു മെക്കാനിക്ക്, ഏഴ് ഡ്രൈവര്‍മാര്‍, 24 ഫയര്‍മാന്‍മാര്‍, ഒരു പാര്‍ട് ടൈം സ്വീപര്‍ ഉള്‍പ്പെടെ 40ഓളം ജീവനക്കാരുടെ സേവനമാണ് നിലമ്പൂര്‍ ഫയര്‍ സ്റ്റേഷനിലുള്ളത്. പടം:2 നഗരസഭയുടെ പഴയ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന നിലമ്പൂരിലെ ഫയർസ്റ്റേഷൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.