കോളറ, അതിസാരം; കച്ചവടം മുട്ടി കുറ്റിപ്പുറം

കുറ്റിപ്പുറം: കുറ്റിപ്പുറത്ത് കോളറ റിപോർട്ട് ചെയ്തത് വ്യാപാരം പകുതിയായി കുറച്ചു. അടിക്കടി കോളറ സ്ഥിരീകരിക്കുന്ന വാർത്തകൾ വരുന്നതും അഴുക്ക് ചാൽ വിഷയവുമായി ബന്ധപ്പെട്ട് സമരങ്ങളും ശുചിത്വ പരിശോധനയെ തുടർന്ന് കടയടപ്പിക്കലുമാണ് കച്ചവടം കുറയാൻ കാരണം. കഴിഞ്ഞ വർഷം കോളറ ബാധിച്ച് നിരവധി പേർ ചികിത്സ തേടുകയും അതിസാരം ബാധിച്ച് അഞ്ച് പേർ മരിക്കുകയും ചെയ്തിരുന്നു. പിന്നീട് മാലിന്യം നീക്കം ചെയ്യുന്ന കാര്യത്തിലും മാലിന്യം അഴുക്ക് ചാലിലേക്ക് തള്ളിവിടുന്ന കച്ചവട സ്ഥാപനങ്ങൾ പൂട്ടുന്ന കാര്യത്തിലും സമര വേലിയേറ്റമായിരുന്നു. ഇതോടെ കുറ്റിപ്പുറം സംസ്ഥാനത്തെ തന്നെ ശ്രദ്ധാകേന്ദ്രമായി. ആരോഗ്യമന്ത്രിയും തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രിയും കുറ്റിപ്പുറത്തെത്തി ചർച്ച നടത്തുകയും പ്രതിരോധ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ നിർദേശിക്കുകയും ചെയ്തിരുന്നു. അഴുക്കുചാലിന് മുകളിലുള്ള ബങ്കുകൾ അടക്കണമെന്ന് യു.ഡി.എഫും പാവപ്പെട്ടവ‍​െൻറ കഞ്ഞികുടി മുട്ടിക്കുന്ന രീതിയിൽ ബങ്കുകൾ മാത്രം അടപ്പിക്കുന്നതിനെതിരെ സി.പി.എമ്മും രംഗത്തെത്തി. ഇതിനിടെ ജില്ലാ ലീഗൽ സർവിസ് സെക്രട്ടറിയും ഡി.എം.ഒയും കുറ്റിപ്പുറത്തെത്തി പരിശോധന നടത്തി. പ്രതിഷേധങ്ങളും പരിശോധനയും കച്ചവടത്തെ സാരമായി ബാധിച്ചു. റെയിൽവേ സ്റ്റേഷനിലെത്തുന്ന നൂറുകണക്കിന് യാത്രക്കാരും വിവിധ ഉദ്യോഗസ്ഥരും കുറ്റിപ്പുറത്ത് നിന്ന് ഭക്ഷണവും അവശ്യസാധനങ്ങളും വാങ്ങാതെയായി. പച്ചക്കറി മുതൽ പലചരക്ക് കച്ചവടം വരെ കുറഞ്ഞുവരികയാണ്. ഇതിനിടെയാണ് കഴിഞ്ഞ ദിവസം വീണ്ടും കോളറ ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയത്. ഹോട്ടലുകൾക്ക് വെള്ളമെടുക്കുന്ന കിണറുകളിലാണ് ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയത്. ഇതിനിടയിൽ തദ്ദേശീയ മലമ്പനിയും സ്ഥിരീകരിച്ചു. ആരോഗ്യവകുപ്പും പഞ്ചായത്ത് അധികൃതരും രാഷ്ട്രീയ നേതൃത്വവും പരസ്പരം കരിവാരിത്തേക്കുമ്പോൾ പലരുടെയും കച്ചവടം വഴിമുട്ടിയിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.