പാലക്കാട് നഗരസഭയിലെ അഴിമതി ആരോപണം; എങ്ങുമെത്താതെ ബി.ജെ.പിയുടെ അന്വേഷണ കമീഷൻ

പാലക്കാട്: ബി.ജെ.പി സംസ്ഥാന സെക്രട്ടറി സി. കൃഷ്ണകുമാർ വൈസ് ചെയർമാനായ പാലക്കാട് നഗരസഭയിൽ ഭരണസമിതിയിലെ ചില കൗൺസിലർമാർ ഉന്നയിച്ച അഴിമതി ആരോപണം അന്വേഷിക്കാൻ ബി.ജെ.പി സംസ്ഥാന നേതൃത്വം ചുമതലപ്പെടുത്തിയ അന്വേഷണകമീഷൻ പ്രവർത്തനം എങ്ങുമെത്തിയില്ല. പരാതി ഉന്നയിച്ചവരിൽ നിന്ന് മൊഴിയെടുക്കാൻ കമീഷൻ അംഗങ്ങൾ എത്തിയെങ്കിലും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് നടന്നില്ല. നടപടി നീളുന്നതിൽ പാർട്ടിയിൽ തന്നെ ഒരു വിഭാഗം പ്രതിഷേധത്തിലാണ്. മുൻ സംസ്ഥാന പ്രസിഡൻറ് അഡ്വ. പി.എസ്. ശ്രീധരൻപിള്ള, മധ്യമേഖല പ്രസിഡൻറ് അഡ്വ. നാരായണൻ നമ്പൂതിരി എന്നിവർ അംഗങ്ങളായ കമ്മിറ്റിയെയാണ് സംസ്ഥാന നേതൃത്വം റിപ്പോർട്ട് സമർപ്പിക്കാൻ നിയോഗിച്ചിരുന്നത്. പരാതിക്കാരുടെ മൊഴിയെടുക്കൽ പോലും ഇതുവരെയും നടന്നിട്ടില്ല. ഒരിക്കൽ എത്തിയെങ്കിലും വിശദമായ മൊഴിയെടുക്കേണ്ടതിനാൽ പിന്നീട് വരാമെന്ന് പറഞ്ഞ് പോവുകയാണ് ചെയ്തതെന്ന് പരാതിക്കാരിലൊരാൾ പറഞ്ഞു. വിഷയം ഒതുക്കിത്തീർക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്നും ആരോപണമുണ്ട്. നഗരസഭയിലെ ചില വികസന പ്രവർത്തനങ്ങളിൽ അഴിമതി നടക്കുന്നുണ്ടെന്ന് കാണിച്ച് ഭരണസമിതി കൗൺസിലർമാർ കൗൺസിലിൽ ആരോപണം ഉന്നയിച്ചതോടെയാണ് വിഷയത്തി‍​െൻറ തുടക്കം. പാർട്ടിയെ പ്രതിരോധത്തിലാക്കി കൗൺസിലർമാർ നടത്തിയ ആരോപണത്തിൽ അഞ്ച് പേർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇതിന് കൗൺസിലർമാർ നൽകിയ മറുപടിയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന നേതൃത്വം കമീഷനെ നിയോഗിച്ചത്. പാർട്ടിക്ക് പ്രധാനമായി ഫണ്ട് ലഭിക്കുന്ന കഞ്ചിക്കോട് വ്യവസായമേഖല ഉൾപ്പെടുന്ന ജില്ലയിലെ നേതൃത്വത്തിനെതിരെ നടപടി കൈക്കൊള്ളുന്നതിനുള്ള മടിയാണ് നടപടി വൈകാൻ കാരണമെന്ന് ഒരു വിഭാഗം ആരോപിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.