ക​ർ​ണാ​ട​ക​ക്ക് സ്വ​ന്ത​മാ​യി പ​താ​ക; ഭ​ര​ണ​ഘ​ട​ന​വി​രു​ദ്ധ​മ​െല്ലന്ന്​ മു​ഖ്യ​മ​ന്ത്രി

കർണാടകക്ക് സ്വന്തമായി പതാക; ഭരണഘടനവിരുദ്ധമെല്ലന്ന് മുഖ്യമന്ത്രി ബംഗളൂരു: സംസ്ഥാനത്തിന് സ്വന്തമായി ഒരു പതാക രൂപകൽപന ചെയ്യാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമായതോടെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ന്യായീകരണവുമായി രംഗത്തെത്തി. സംസ്ഥാനത്തിന് സ്വന്തമായി പതാകയുണ്ടാകുന്നതിൽ ഭരണഘടനവിരുദ്ധമായി ഒന്നുമില്ലെന്നും അടുത്ത വർഷം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടല്ല സർക്കാറി​െൻറ നീക്കമെന്നും അദ്ദേഹം പറഞ്ഞു. ബംഗളൂരുവിൽ സിവിൽ സർവിസ് പരീക്ഷയിലെ മുതിർന്ന റാങ്കുകാരെ ആദരിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിനു മാത്രമായി ഒരു പതാക സാധ്യമാണോയെന്ന് പരിശോധിക്കാൻ കർണാടക സർക്കാർ ഒമ്പതംഗ സമിതിയെ നിയോഗിച്ചതാണ് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയത്. കോൺഗ്രസ് സർക്കാറി​െൻറ നീക്കം ദേശവിരുദ്ധമാണെന്നാണ് ബി.ജെ.പിയുടെ ആരോപണം. വ്യാപകമായി ഉപയോഗിക്കുന്ന ചുവപ്പും മഞ്ഞയും നിറമുള്ള പതാകക്ക് ഔദ്യോഗിക പദവി നൽകുന്നതിന് നിയമപരമായ സാധ്യതയുണ്ടോ എന്ന കാര്യം പരിശോധിക്കാനാണ് സമിതിയെ നിയോഗിച്ചത്. സമിതിയുടെ റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിലായിരിക്കും വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനങ്ങൾക്ക് സ്വന്തമായി പതാകയുണ്ടാകുന്നതിൽ ദേശവിരുദ്ധമായി ഒന്നുമില്ല. സംസ്ഥാനത്തിനു സ്വന്തമായി ഒരു ഗാനമുണ്ട്. അതുകൊണ്ട് ദേശീയഗാനത്തോടുള്ള ആദരവ് കുറഞ്ഞിട്ടില്ല. ബി.ജെ.പിയും ജനതാദൾഎസും ഭരണഘടനയിൽ ഇല്ലാത്ത ഉപവാക്യങ്ങൾ എടുത്തുപറഞ്ഞാണ് നീക്കത്തെ എതിർക്കുന്നത്. രാജ്യത്തി​െൻറ ദേശീയചിഹ്നങ്ങളെ ഒരിക്കലും അവമതിക്കില്ല. തീരുമാനം രാഷ്ട്രീയനേട്ടങ്ങൾക്കുവേണ്ടിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.