മർച്ചൻറ്സ് അസോ. യൂനിറ്റ്​ വൈസ് പ്രസിഡൻറ് രാജിക്കത്ത്​ നൽകി

പരപ്പനങ്ങാടി: മർച്ചൻറ്സ് അസോസിയേഷൻ പരപ്പനങ്ങാടി യൂനിറ്റ് വൈസ് പ്രസിഡൻറ് അശ്റഫ് ജന്നാത്ത് രാജിക്കത്ത് നൽകി. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല സെക്രട്ടറി നിയമനവുമായി ബന്ധപ്പെട്ട ഭിന്നതകളെത്തുടർന്നാണ് രാജിനീക്കമെന്ന് സൂചനയുണ്ട്. പി. കുഞ്ഞാവു ഹാജിയെ ജില്ല അധ്യക്ഷസ്ഥാനത്തേക്ക് പരപ്പനങ്ങാടിയിലെ അംഗങ്ങൾ ഒറ്റക്കെട്ടായി പിന്തുണക്കാൻ തെരഞ്ഞെടുപ്പിന് മുമ്പ് ധാരണയുണ്ടായിരുന്നു. തുടർന്ന്, പരപ്പനങ്ങാടിക്ക് ലഭ്യമാകുന്ന ജില്ല സെക്രട്ടറി പദവിയിൽ പരപ്പനങ്ങാടി മർച്ചൻറ്സ് അസോ. പ്രസിഡൻറ് എം.വി. മുഹമ്മദലിയുടെ പേരാണ് ജില്ല നേതൃത്വത്തിന് മുമ്പാകെ വെച്ചത്. എന്നാൽ, ജില്ല നേതൃത്വം വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കൗൺസിലർ കൂടിയായ മലബാർ ബാവ ഹാജിയെ ജില്ല സെക്രട്ടറിയായി പ്രഖ്യാപിച്ചെന്നാണ് ആക്ഷേപം. സംഘടനക്കകത്ത് ജനാധിപത്യ ധ്വംസനമാണ് നടന്നതെന്ന് രാജിവെച്ച അശ്റഫ് ജന്നാത്ത് പറഞ്ഞു. എന്നാൽ, കാൽനൂറ്റാണ്ടായി സംഘടനയുടെ സംസ്ഥാന, ജില്ല തലങ്ങളിൽ പ്രവർത്തിക്കുന്ന ആളാണ് താനെന്നും നേതൃത്വം ആവശ്യപ്പെടുന്ന ഏത് പദവിയും ഏറ്റെടുക്കുമെന്നും ജില്ല സെക്രട്ടറി മലബാർ ബാവ ഹാജി പറഞ്ഞു. രാജിക്കത്തുൾപ്പെടെയുള്ള കാര്യങ്ങൾ ചൊവ്വാഴ്ച ചേരുന്ന സെക്രേട്ടറിയറ്റിൽ ചർച്ച ചെയ്ത ശേഷം അടുത്തുചേരുന്ന പ്രവർത്തക സമിതിയിൽ ഉചിതമായ തീരുമാനമെടുക്കുമെന്ന് മർച്ചൻറ്സ് അസോ. സെക്രട്ടറിമാരായ അശ്റഫ് കുഞ്ഞാവാസ്, മുജീബ് ദിൽദാർ എന്നിവർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.