മദ്യപിച്ച്​ അവശരായവർ അപകടനില തരണം ചെയ്തു

ചിറ്റൂർ (പാലക്കാട്): വിദേശമദ്യം കഴിച്ച് ഒരാൾ മരിച്ച സംഭവത്തിൽ, അവശനിലയിൽ ചികിത്സയിലുള്ള മൂന്നുപേർ അപകടനില തരണം ചെയ്തു. ജില്ല ആശുപത്രിയിൽ നിന്ന് വിദഗ്ധ ചികിത്സക്കായി തൃശൂർ മെഡിക്കൽ കോളജാശുപത്രിയിലേക്ക് മാറ്റിയ മൂന്നുപേരും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. വെള്ളിയാഴ്ചയാണ് പെയിൻറ് നേർപ്പിക്കാനുപയോഗിക്കുന്ന തിന്നർ മദ്യത്തിൽ കലർത്തി കഴിച്ച നാലുപേരെ അവശനിലയിൽ കണ്ടെത്തിയത്. അഞ്ചാംമൈൽ സ്വദേശി കാർത്തികേയനാണ് (36) വെള്ളിയാഴ്ച രാവിലെ ജില്ല ആശുപത്രിയിൽ മരിച്ചത്. കൊഴിഞ്ഞാമ്പാറ പെരുമ്പാറച്ചള്ള സ്വദേശി ആനന്ദ് (36), മണിമുത്തുനഗർ സ്വദേശി ജഗദീഷ് (36), ഗോപാലപുരം താവളം സ്വദേശി മുരുകൻ (40) എന്നിവരാണ് ചികിത്സയിലുള്ളത്. വടക്കാഞ്ചേരി ജുഡീഷ്യൽ മജിസ്ട്രേറ്റ് ആശുപത്രിയിലെത്തി ഇവരുടെ മൊഴി രേഖപ്പെടുത്തി. രണ്ട് ദിവസത്തിനകം പോസ്റ്റ്മോർട്ടം റിപ്പോർട്ടും ആന്തരാവയവ പരിശോധനഫലവും ലഭിക്കുമെന്ന് പൊലീസ് പറഞ്ഞു. ദുരൂഹതയില്ലെന്നും മദ്യത്തിൽ തിന്നർ കലർത്തിയതാണ് മരണകാരണമെന്നുമാണ് ചികിത്സയിലുള്ളവർ മൊഴി നൽകിയിരിക്കുന്നത്. ചിറ്റൂർ സി.ഐ വി. ഹംസക്കാണ് അന്വേഷണച്ചുമതല. കാർത്തികേയ‍​െൻറ മൃതദേഹം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. ആന്തരികാവയവങ്ങൾ കാക്കനാട്ടെ ഫോറൻസിക്ക് ലബോറട്ടറിയിലേക്ക് പരിശോധനക്കയച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.