മണ്ഡലംതല സമ്പൂര്‍ണ വൈദ്യുതീകരണം ഫെബ്രുവരി 28നകം പൂര്‍ത്തിയാക്കണം –മന്ത്രി

മലപ്പുറം: ജില്ലയില്‍ നിയമസഭ മണ്ഡലാടിസ്ഥാനത്തില്‍ സമ്പൂര്‍ണ വൈദ്യുതീകരണം ഫെബ്രുവരി 28നകം പൂര്‍ത്തിയാക്കണമെന്ന് വൈദ്യുതി മന്ത്രി എം.എം. മണി നിര്‍ദേശിച്ചു. മലപ്പുറത്ത് നിയോജകമണ്ഡലംതല വൈദ്യുതീകരണ പദ്ധതി അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. എല്ലാ വീടുകളും അംഗന്‍വാടികളും വൈദ്യുതീകരിച്ചെന്ന് ഉറപ്പാക്കിയ ശേഷമേ നിയോജക മണ്ഡലം തലത്തില്‍ സമ്പൂര്‍ണ പ്രഖ്യാപനം നടത്താവൂവെന്നും മന്ത്രി പറഞ്ഞു. സാങ്കേതിക പ്രശ്നങ്ങള്‍ ഉന്നയിക്കാതെ മാര്‍ച്ച് 31നകം സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതി പൂര്‍ത്തിയാക്കാന്‍ ഉദ്യോഗസ്ഥര്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ജില്ലയിലെ എം.എല്‍.എമാര്‍ പദ്ധതിയോട് നല്ല സഹകരണമാണ് കാണിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ആദിവാസി കോളനികളില്‍ വൈദ്യുതീകരണത്തിന് വനം വകുപ്പിന്‍െറ തടസ്സമുണ്ടെങ്കില്‍ അത് സര്‍ക്കാറിനെ അറിയിക്കണം. ജീവനക്കാരുടെ കുറവുണ്ടെങ്കിലും പലയിടത്തും പദ്ധതി കാര്യക്ഷമമായി നടപ്പാക്കുന്നുണ്ട്. പദ്ധതിക്ക് എ.പി.എല്‍, ബി.പി.എല്‍ വ്യത്യാസമില്ല. ഉപകരണങ്ങളുടെ കുറവ് ബോര്‍ഡ് പരിഹരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ജില്ലയില്‍ സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതിയില്‍ 9991 അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ 38 ശതമാനം കണക്ഷന്‍ നല്‍കിക്കഴിഞ്ഞു. ഇനിയും പുതിയ അപേക്ഷകള്‍ വരുന്നുണ്ട്. വയറിങ്ങും കംപ്ളീഷനും ഉറപ്പാക്കാന്‍ ഓരോ ദിവസവും സെക്ഷന്‍ തലത്തില്‍ ഉദ്യോഗസ്ഥര്‍ കുറഞ്ഞത് മൂന്ന് വീടുകളെങ്കിലും സന്ദര്‍ശിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. ഫണ്ടില്ലാത്തതിനാല്‍ വര്‍ക്ക് എടുക്കില്ളെന്ന നിലപാട് ഈ പദ്ധതിയില്‍ ഉണ്ടാവരുത്. ഉദ്യോഗസ്ഥ കുറവ് പരിഹരിക്കാന്‍ സ്ഥലം മാറ്റത്തിലൂടെ ശ്രമിക്കും. ഫെബ്രുവരി 15ന് വീണ്ടും അവലോകന യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു. യോഗത്തില്‍ ഡിസ്ട്രിബ്യൂഷന്‍ ഡയറക്ടര്‍ കെ. വേണുഗോപാല്‍, കോഴിക്കോട് മേഖല ചീഫ് എന്‍ജിനീയര്‍ സി. കുമാരന്‍, ജില്ലയിലെ കെ.എസ്.ഇ.ബി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.