മലപ്പുറം വനിത കോളജ് ഇല്ലാതാക്കാന്‍ ശ്രമം –പി. ഉബൈദുല്ല എം.എല്‍.എ

മലപ്പുറം: ഗവ. വനിത ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി പി. ഉബൈദുല്ല എം.എല്‍.എ ആരോപിച്ചു. സാങ്കേതികത്വം പറഞ്ഞ് എല്‍.ഡി.എഫ് സര്‍ക്കാര്‍ ഭൂമി കൈമാറ്റ നടപടികള്‍ വൈകിപ്പിക്കുകയാണ്. സ്ഥാപനത്തിന്‍െറ തലപ്പത്തുള്ളവര്‍ തന്നെ കുട്ടികളോട് ടി.സി വാങ്ങിപ്പോവാന്‍ നിര്‍ദേശിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഇക്കാര്യം വിദ്യാഭ്യാസമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും എം.എല്‍.എ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. യു.ഡി.എഫ് സര്‍ക്കാര്‍ രണ്ട് വര്‍ഷം മുമ്പ് അനുവദിച്ച കോളജ് കോട്ടപ്പടി ഗവ. ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ താല്‍ക്കാലിക കെട്ടിടങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. സ്ഥിരം കെട്ടിടം നിര്‍മിക്കുന്നതിന് വ്യവസായ വകുപ്പിന്‍െറ ഉടമസ്ഥതയിലുള്ള പാണക്കാട്ടെ ഇന്‍കെല്‍ എജുസിറ്റിയില്‍ അഞ്ച് ഏക്കര്‍ അനുവദിച്ചിരുന്നു. കെട്ടിട നിര്‍മാണത്തിനായി എം.എല്‍.എ ഫണ്ടില്‍ നിന്ന് മൂന്നു കോടി രൂപയും അനുവദിച്ചു. എന്നാല്‍ ഭൂമി കൈമാറുന്ന നടപടികളാവാത്തതാണ് നിര്‍മാണം അനിശ്ചിതത്വത്തിലാക്കുന്നത്. റവന്യൂ വകുപ്പ് സര്‍വേ നടത്തി അളന്ന് തിട്ടപ്പെടുത്തി ജില്ല കലക്ടര്‍ മുഖേന സര്‍ക്കാറിലേക്ക് റിപ്പോര്‍ട്ട് ചെയ്യണം. യു.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്ത് ഫയലുകള്‍ വേഗത്തില്‍ നീങ്ങിയിരുന്നെങ്കിലും എല്‍.ഡി.എഫ് അധികാരത്തില്‍ വന്ന് ഒരു വര്‍ഷമായിട്ടും തുടര്‍ നടപടികളുണ്ടായില്ളെന്ന് എം.എല്‍.എ കുറ്റപ്പെടുത്തി. വിദ്യാഭ്യാസ വകുപ്പിന് ഭൂമി കൈമാറിയാല്‍ മാത്രമേ കെട്ടിട നിര്‍മാണം തുടങ്ങാനാവൂ. എം.എല്‍.എ ഫണ്ടിന്‍െറ എസ്റ്റിമേറ്റും തയാറാക്കിയിട്ടില്ല. താല്‍ക്കാലിക കാമ്പസ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ബോയ്സ് സ്കൂളിന് പുതിയ കെട്ടിട നിര്‍മാണം നടക്കാനിരിക്കുകയാണ്. വനിത കോളജ് പൊളിച്ചുമാറ്റിയാണ് ഇത് നടത്തേണ്ടത്. ഈ സാഹചര്യത്തില്‍ മറ്റൊരു താല്‍ക്കാലിക സ്ഥലം കണ്ടെത്തേണ്ട അവസ്ഥയാണ്. കെട്ടിടം കണ്ടത്തൊമെന്നും വാടക നല്‍കാമെന്നും നഗരസഭ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, ഉന്നത വിദ്യാഭ്യാസം നഗരസഭയുടെ പരിധിയില്‍ വരാത്തതായതിനാല്‍ അവര്‍ വാടക നല്‍കണമെങ്കില്‍ സര്‍ക്കാറിന്‍െറ അനുമതി ലഭിക്കണം. കുട്ടികളുടെ ഭാവി സര്‍ക്കാറിന്‍െറ കൈയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.