ചേരിയംമലയില്‍ പുലിയെ നേരില്‍കണ്ട ഭീതിയില്‍ ഉണ്ണിപ്പോയി

മങ്കട: ചേരിയംമലയില്‍ പുലിയുടെ സാന്നിധ്യം ഉറപ്പാക്കി നാട്ടുകാര്‍. മങ്കട വേരുംപുലാക്കല്‍ സ്വദേശി പള്ളിയാലില്‍ ഉണ്ണിപ്പോയിയാണ് കഴിഞ്ഞദിവസം പുലിയെ നേരിട്ട് കണ്ടതായി പറഞ്ഞത്. മങ്കട വേരുംപുലാക്കലില്‍ ചേരിയം മലയുടെ താഴ്വാരമായ മുക്കില്‍ ചേരിയത്ത് കുമാരഗിരി എസ്റ്റേറ്റിന് സമീപമാണ് പുലിയെ കണ്ടതെന്ന് ഉണ്ണിപ്പോയി പറയുന്നു. കഴിഞ്ഞദിവസം രാവിലെ 11ഓടെയാണ് ഉണ്ണിപ്പോയി വിറക് ശേഖരിക്കാന്‍ കാട്ടിലേക്ക് പോയത്. അല്‍പനേരം വിശ്രമിക്കായി കല്ലിന്‍ മുകളിലിരിക്കുമ്പോഴാണ് തൊട്ടടുത്ത വലിയ പാറക്ക് മുകളില്‍ പുലിയെ കണ്ടത്. ഭയന്നുവിറച്ച ഉണ്ണിപ്പോയിക്ക് ഓടി രക്ഷപ്പെടാനായില്ല. അല്‍പസമയത്തിനുശേഷം പുലി പതിയെ പാറയില്‍നിന്ന് ഇറങ്ങി എതിര്‍ ദിശയിലേക്ക് നടന്നുപോയെന്ന് ഉണ്ണിപ്പോയി പറയുന്നു. കന്നുകാലികളെ വളര്‍ത്തുന്നത് ശീലമാക്കിയ ഉണ്ണിപ്പോയി ആടുകളെ മേക്കാനായി കാട്ടിലേക്ക് വിടാറുണ്ട്. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ 17 ആടുകളെ ഈ കാട്ടില്‍ വെച്ച് നഷ്ടപ്പെട്ടിട്ടുണ്ട്. പലതിനെയും കാണാതായിരിക്കുകയാണ്. അടുത്ത മാസങ്ങളിലാണ് ഏഴ് ആടുകളെ കൊന്നിട്ട നിലയില്‍ കാണപ്പെട്ടത്. എന്നാല്‍, അന്ന് നായ്ക്കളാണ് കൊലപ്പെടുത്തിയതെന്നാണ് ഉണ്ണിപ്പോയിയുടെ വാദം. അതിനിടെയാണ് കഴിഞ്ഞദിവസം പുലിയെ നേരില്‍ കാണുന്നത്. കഴിഞ്ഞ ആഴ്ചയില്‍ കൂട്ടില്‍ പ്രദേശത്ത് രണ്ട് പുലികളെ നേരില്‍ കണ്ടതായി കുമാരഗിരി എസ്റ്റേറ്റിലെ റബര്‍ ടാപ്പിങ് തൊഴിലാളികള്‍ പറഞ്ഞിരുന്നു. വണ്ടൂര്‍ സ്വദേശി രാജേഷ് ചെമ്പയില്‍ വെച്ചും ഗൂഡല്ലൂര്‍ സ്വദേശികളായ രണ്ടുപേര്‍ പൂക്കോടംകുന്നില്‍ വെച്ചുമാണ് ഇവയെ കണ്ടതത്രെ. ഒരാഴ്ച മുമ്പ് കടന്നമണ്ണയിലും മുള്ള്യാകുര്‍ശ്ശിലും പുലിയെ കണ്ടതായി നാട്ടുകാര്‍ പറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം കൂട്ടില്‍ സ്കൂള്‍പടിയിലും പുലിയെ കണ്ടിരുന്നു. അതിനുശേഷം ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് മുള്ള്യാകുര്‍ശ്ശിയില്‍ പുള്ളിപുലിയെ കെണിയില്‍ വീഴ്ത്തിയത്. വീണ്ടും പുലിയെ കണ്ടതോടെ ചേരിയം മലയുടെ താഴ്വാരത്തുള്ളവര്‍ ഭീതിയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.