അന്തര്‍സര്‍വകലാശാല സാഹിത്യോത്സവം: കവിതയും നാടകവും ചര്‍ച്ച ചെയ്ത് രണ്ടാംദിനം

തിരൂര്‍: മലയാള സര്‍വകലാശാലയില്‍ നടക്കുന്ന അന്തര്‍സര്‍വകലാശാല സാഹിത്യോത്സവത്തിന്‍െറ രണ്ടാം ദിനം ചര്‍ച്ചകളുടെ വേദിയായി. നിരൂപണ രംഗത്തെ അപചയം മുതല്‍ പെണ്ണെഴുത്തും നോവലും എഴുത്തുകാരുടെ ജീവിതവും തമ്മിലുള്ള ബന്ധംവരെ സജീവമാക്കി. ‘നോവലിലെ പെണ്‍വഴികള്‍’ ചര്‍ച്ചയില്‍ വിയോജിപ്പുകളുമായി എഴുത്തുകാരികള്‍ കൊമ്പ് കോര്‍ത്തു. സ്വകാര്യ കാവ്യാനുഭവങ്ങള്‍ പങ്കിട്ട് കല്‍പ്പറ്റ നാരായണനും ടി.പി. രാജീവനും വിദ്യാര്‍ഥികളോട് സംവദിച്ചു. എഴുത്തില്‍ പെണ്‍വഴികളില്ളെന്നും മനുഷ്യന്‍െറ അടിസ്ഥാന വികാരങ്ങള്‍ മാറുന്നില്ളെന്നും കഥാകാരി ലിസി അഭിപ്രായപ്പെട്ടു. എന്നാല്‍, എഴുത്തിന് പെണ്‍വഴികളുണ്ടെന്നും ലോകസാഹിത്യത്തില്‍ പെണ്ണെഴുത്തിന് ഒട്ടേറെ വിഭാഗങ്ങള്‍ തന്നെയുണ്ടെന്നുമായിരുന്നു രതീദേവിയുടെ അഭിപ്രായം. ഇരയാക്കപ്പെട്ടവന്‍െറ ശബ്ദം കണ്ടുനിന്നവന് കൃത്യമായി ആവിഷ്കരിക്കാന്‍ സാധിക്കാത്തതുപോലെ സ്ത്രീ അനുഭവം പുരുഷന് ആവിഷ്കരിക്കാന്‍ കഴിയില്ളെന്ന് സംഗീത ശ്രീനിവാസന്‍ പറഞ്ഞു. സ്ത്രീയും പുരുഷനും അടിസ്ഥാനപരമായി വ്യത്യസ്ത സംജ്ഞകളല്ലാത്ത കാലം വരെ പെണ്ണെഴുത്ത് തുടരുമെന്നും അവര്‍ വ്യക്തമാക്കി. ‘സാഹിത്യ നിരൂപണത്തിന് എന്ത് സംഭവിച്ചു’ എന്ന ചര്‍ച്ചയില്‍ കെ.വി. സജയ്, ഡോ. സി.ആര്‍. പ്രസാദ് എന്നിവര്‍ സാഹിത്യനിരൂപണത്തിന്‍െറ സമകാലീനമുഖം ചര്‍ച്ച ചെയ്തു. ‘എഴുത്തിലെ ജലഭൂപടങ്ങള്‍’ ചര്‍ച്ചയില്‍ കെ.എ. സെബാസ്റ്റ്യന്‍, ജോണി മിറാന്‍ഡ എന്നിവര്‍ പങ്കെടുത്തു. സാഹിത്യപ്രശ്നോത്തരിക്ക് ഡോ. അശോക് ഡിക്രൂസ് നേതൃത്വം നല്‍കി. കവി സമ്മേളനത്തില്‍ ഗിരീഷ് പുലിയൂര്‍, അനില്‍ പനച്ചൂരാന്‍, പി. രാമന്‍, ദിവാകരന്‍ വിഷ്ണുമംഗലം, ഡോ. രോഷ്നി സ്വപ്ന, എസ്. കമലേഷ് എന്നിവര്‍ പങ്കെടുത്തു. ആറ്റൂര്‍ രവിവര്‍മ്മയെക്കുറിച്ച് ഡോ. ഇ. രാധാകൃഷ്ണന്‍ സംവിധാനം ചെയ്ത ‘നേര്‍കാണല്‍’ ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിച്ചു. സര്‍വകലാശാല തിയറ്റര്‍ ക്ളബ് അവതരിപ്പിച്ച ‘വെയിലിന് അന്ന് ചൂടായിരുന്നു’ നാടകം ശ്രദ്ധേയമായി. കാവ്യസന്ധ്യയും അരങ്ങേറി. സാഹിതിക്ക് ഇന്ന് തിരശ്ശീല തിരൂര്‍: മൂന്നുനാള്‍ സാഹിത്യത്തിന്‍െറ വര്‍ത്തമാനം ചര്‍ച്ചയാക്കുന്ന സാഹിതിക്ക് വ്യാഴാഴ്ച തിരശ്ശീല. രാവിലെ പത്തിന് ജീവിതം കേട്ടെഴുതുമ്പോള്‍ ചര്‍ച്ചയില്‍ ശ്രീജിത്ത് പെരുന്തച്ചന്‍, താഹാ മാടായി, പി.ടി. മുഹമ്മദ് സാദിഖ് എന്നിവര്‍ പങ്കെടുക്കും. ‘വാക്കും വരയും’ ചര്‍ച്ചക്ക് സുധീഷ് കോട്ടേമ്പ്രം, കവിത ബാലകൃഷ്ണന്‍, എം.പി. പ്രതീഷ്, ബിജു കാഞ്ഞങ്ങാട് എന്നിവര്‍ നേതൃത്വം നല്‍കും. 12ന് സി. രാധാകൃഷ്ണനെ കുറിച്ചുള്ള ‘പുഴ മുതല്‍ പുഴ വരെ’ ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിക്കും. 2.30ന് സമാപന സമ്മേളനത്തില്‍ ഖദീജ മുംതാസ് സംസാരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.