തിരൂര്‍–മലപ്പുറം റോഡിലെ കുടിവെള്ള പൈപ്പ് മാറ്റല്‍ വൈകും

മലപ്പുറം: കോട്ടപ്പടി വലിയവരമ്പ് റോഡ് ജങ്ഷന്‍ മുതല്‍ നൂറാടിപാലം വരെ പലയിടത്തായി ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പില്‍ വന്ന ചോര്‍ച്ച പരിഹരിക്കാന്‍ ഇനിയും സമയമെടുക്കും. നിലവില്‍ റോഡ് കീറി പൈപ്പ് മാറ്റുന്നതടക്കമുള്ള പ്രവൃത്തികള്‍ക്ക് പൊതുമരാമത്ത് റോഡ്സ് വിഭാഗത്തിന്‍െറ അനുമതി ലഭിച്ചിട്ടില്ല. റോഡ് നവീകരണം നടന്ന് മാസങ്ങള്‍ പിന്നിടുന്നതേയുള്ളൂ. അതിനാല്‍തന്നെ പുതിയ റോഡ് പൊളിക്കുന്നതിന് അനുമതി നല്‍കാന്‍ പൊതുമരാമത്ത് വിഭാഗത്തിന് താല്‍പര്യമില്ല. എന്നാല്‍, റോഡ് പൊളിക്കാതെ ജല അതോറിറ്റിയുടെ പൈപ്പ് അറ്റകുറ്റപ്പണി നടത്താനുമാവില്ല. നവീകരണത്തിന് പിന്നാലെ റോഡ് പൊളിക്കരുതെന്ന ജനപ്രതിനിധികള്‍ നല്‍കിയ നിര്‍ദേശം ചില ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം ലംഘിക്കപ്പെടുമെന്ന സ്ഥിതിയാണ്. നവീകരണം കഴിഞ്ഞ റോഡ് കീറാതെതന്നെ പുറത്ത് ആവശ്യമുള്ള ജി.ഐ പൈപ്പ് സ്ഥാപിക്കാനാണ് പൊതുമരാമത്ത് പറയുന്നത്. മാത്രമല്ല മൂന്ന് വര്‍ഷമാണ് റോഡ് നവീകരിച്ചതിന് ശേഷം കരാറുകാരന് നല്‍കുന്ന കാലാവധി. ഇതിനിടയില്‍ പൈപ്പിടാനായി കീറുന്നത് കരാറുകാരന് ഉത്തരവാദിത്തമൊഴിയാന്‍ പഴുതുണ്ടാക്കും. പലയിടത്തായി പൈപ്പ്ലൈനില്‍ വന്ന ചോര്‍ച്ച കാരണം വെള്ളിയാഴ്ച മുതല്‍ കുടിവെള്ള വിതരണം നിയന്ത്രിക്കുമെന്ന് കഴിഞ്ഞദിവസം ജല അതോറിറ്റി അറിയിച്ചിരുന്നു. റോഡ് വെട്ടി പൊളിക്കാനുള്ള അനുമതി ലഭിക്കാത്തതിനാല്‍ പൈപ്പുകള്‍ മാറ്റിയിടാനോ ചോര്‍ച്ച അടക്കാനോ ആകുന്നില്ളെന്നായിരുന്നു ജലഅതോറിറ്റി അസിസ്റ്റന്‍റ് എന്‍ജിനീയറുടെ പരാതി. ബി.എസ്.എന്‍.എല്‍, ജല അതോറിറ്റി, പൊതുമരാമത്ത് വിഭാഗങ്ങളിലെ ഉന്നത ഉദ്യോഗസ്ഥര്‍ മാസം തോറും യോഗം ചേരാറുണ്ട്. റോഡുകളുടെ നവീകരണവും കേബിള്‍, പൈപ്പ് എന്നിവ സ്ഥാപിക്കലടക്കമുള്ള പ്രവൃത്തികളും ഇത്തരം യോഗങ്ങളില്‍ ചര്‍ച്ച ചെയ്യാറുണ്ട്. റോഡ് നവീകരണത്തിന് മുമ്പ് തന്നെ വെട്ടി പൊളിക്കല്‍ നടത്താനാണ് ഇത്തരം യോഗങ്ങള്‍ ചേരുന്നത്. എന്നാല്‍ തിരൂര്‍-മലപ്പുറം റോഡിലെ പുതിയ ടാറിങ് പൊളിക്കണമെന്നുള്ള ജല അതോറിറ്റിയുടെ ആവശ്യം യോഗം ചേര്‍ന്നിട്ടും വകുപ്പുകള്‍ തമ്മില്‍ ഏകോപനമില്ളെന്നതിന് തെളിവായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.