മലപ്പുറത്തിനെന്തൊരു തിളക്കം !

മലപ്പുറം: ജില്ല പഞ്ചായത്തിന് നാലാമതും സ്വരാജ് ട്രോഫി. മാതൃക പദ്ധതികള്‍, മികവുറ്റ ആസൂത്രണം, സമയബന്ധിത പദ്ധതി നിര്‍വഹണം തുടങ്ങിയവ പരിഗണിച്ചാണ് ജില്ല പഞ്ചായത്തിനെ തെരഞ്ഞെടുത്തത്. മികച്ച ജില്ല പഞ്ചായത്തുകളില്‍ രണ്ടാം സ്ഥാനമാണ് 2015-16ല്‍ മലപ്പുറത്തിന് ലഭിച്ചത്. ഒരു പോയന്‍റ് വ്യത്യാസത്തില്‍ കൊല്ലം ജില്ല പഞ്ചായത്താണ് ഒന്നാമത്. 2003-04ല്‍ മലപ്പുറത്തിന് ഒന്നാം സ്ഥാനം ലഭിച്ചിരുന്നു. 2013-14, 2014-15 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി രണ്ടാം സ്ഥാനത്തിനുള്ള ട്രോഫികളും ലഭിച്ചു. മുന്‍ ഭരണസമിതിയുടെ കാലത്തെ പ്രവര്‍ത്തനങ്ങള്‍ക്കാണ് മൂന്ന് പ്രാവശ്യം തുടര്‍ച്ചയായി ജില്ല പഞ്ചായത്തിന് സ്വരാജ് ട്രോഫി ലഭിക്കുന്നത്. വിദ്യാഭ്യാസ രംഗത്തെ വളര്‍ച്ചക്ക് വഴിയൊരുക്കിയ വിജയഭേരി, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ വൃക്ക രോഗികളെ സഹായിക്കുന്ന സംരംഭം, സാന്ത്വന പരിചരണ പ്രവര്‍ത്തനങ്ങളായ പരിരക്ഷ, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കായുള്ള പ്രതീക്ഷ, വനിത ശാക്തീകരണത്തിന് സ്വയം തൊഴില്‍ സംരംഭങ്ങള്‍, സാമൂഹിക പ്രതിബദ്ധതയുള്ള വിദ്യാര്‍ഥി സമൂഹത്തെ വാര്‍ത്തെടുക്കുന്നതിന് തണല്‍ക്കൂട്ട്, ഗവ. ഹൈസ്കൂളുകളില്‍ നടത്തിയ ഇടപെടലുകള്‍, ജില്ല ആശുപത്രികളില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍, പട്ടികജാതി വിഭാഗത്തിന്‍െറ സാമൂഹിക സാമ്പത്തിക അഭിവൃദ്ധിക്കായി നടപ്പാക്കിയ നൂതന പദ്ധതികള്‍ തുടങ്ങിയവയാണ് അംഗീകാരത്തിന് അവസരമൊരുക്കിയത്. പട്ടികവര്‍ഗ വിഭാഗത്തിന് ലഭിച്ച ഫണ്ട് 100 ശതമാനവും പട്ടികജാതി വിഭാഗത്തിനും മറ്റു പൊതു വിഭാഗത്തിന് ലഭിച്ച ഫണ്ടുകള്‍ 80 ശതമാനവും ചെലവഴിച്ച് മികച്ച പദ്ധതി നിര്‍വഹണമാണ് 2015-16ല്‍ ജില്ല പഞ്ചായത്ത് കാഴ്ചവെച്ചത്. ജില്ല പഞ്ചായത്ത് ഓഫിസിനെ പൂര്‍ണമായും സി.സി.ടി.വി കാമറയുടെ നിരീക്ഷണത്തിലാക്കുക വഴി ഓഫിസ് സംവിധാനം സുതാര്യമാക്കിയത് കഴിഞ്ഞ വര്‍ഷമായിരുന്നു. ഒരേസമയം നാല് സമ്മേളനങ്ങള്‍ നടത്താവുന്ന വിധത്തില്‍ ഓഫിസ് സംവിധാനം പരിഷ്കരിക്കുകയും പാരമ്പര്യേതര ഊര്‍ജം ഉപയോഗിക്കാന്‍ സോളാര്‍ പവര്‍ പ്ളാന്‍റ് സ്ഥാപിക്കുകയും ചെയ്തു. വിജയഭേരി പദ്ധതി വഴി സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കുട്ടികള്‍ എ പ്ളസ് ലഭിച്ച് ജില്ല ഒന്നാം സ്ഥാനത്തത്തെിയതും കഴിഞ്ഞ വര്‍ഷമായിരുന്നു. കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടയില്‍ വൃക്ക രോഗികളെ സഹായിക്കുന്ന ജില്ല പഞ്ചായത്ത് സംരംഭത്തിലേക്ക് വിദ്യാര്‍ഥികളില്‍നിന്ന് 2.88 കോടി രൂപയുടെ സഹായം ലഭിച്ചതും കഴിഞ്ഞ വര്‍ഷമായിരുന്നു. ഇപ്രകാരം നാല് കോടി രൂപയാണ് ശേഖരിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.