കാക്കാ, മെസിയുടെ നമ്പറുണ്ടോ?

മലപ്പുറം: സാക്ഷാല്‍ മെസിയും ക്രിസ്റ്റ്യനോയുമെല്ലാം പന്തുതട്ടി കളിക്കുന്ന ലാലിഗാ മൈതാനങ്ങളിലെ കാല്‍പ്പന്തുനുഭവങ്ങളുമായി ജന്മനാട്ടിലത്തെിയ ആഷിഖ് കുരുണിയനെ കണ്ടപാടെ മലപ്പുറത്തെ കുട്ടിത്താരങ്ങള്‍ ചോദിച്ചു, കാക്കാ, മെസിയുടെ നമ്പര്‍ തരുമോ... മലപ്പുറം കിഴക്കേതല യൂത്ത്സ് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ളബ് കിഴക്കേതല മിനി സ്റ്റേഡിയത്തില്‍ കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന ഫുട്ബാള്‍ പരിശീലനം ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു ഐ.എസ്.എലിലെ പുണെ സിറ്റി എഫ്.സിയുടെ താരമായ മലപ്പുറം പട്ടര്‍കടവ് സ്വദേശി ആഷിഖ് കുരുണിയന്‍. എഫ്.സി പുണെ സിറ്റി മൂന്നര മാസത്തെ ട്രയല്‍ കം ട്രെയിനിങ്ങിന് സ്പെയിനിലേക്ക് അയച്ച ആഷിഖ് ആദ്യഘട്ട പരിശീലനം കഴിഞ്ഞ് കഴിഞ്ഞ ആഴ്ചയാണ് നാട്ടിലത്തെിയത്. ലാലിഗയിലെ മുന്‍നിര ക്ളബായ വിയ്യ റയലിന് വേണ്ടി കളത്തിലിറങ്ങി മിന്നും പ്രകടനം കാഴ്ചവെച്ച ആഷിഖിന്‍െറ സ്പാനിഷ് മൈതാനത്തിലെ അരങ്ങേറ്റംതന്നെ ഗോളോടെ ആയിരുന്നു. പരിശീലകരുടെയും വിയ്യ റയല്‍ ക്ളബ് അധികൃതരുടെയും മനം കവര്‍ന്ന പ്രകടനത്തെ തുടര്‍ന്ന് ആഷിഖിന് സ്പെയിനില്‍തന്നെ പരിശീലനം തുടരാന്‍ അവസരവും ലഭിച്ചു. അണ്ടര്‍ 19 ഇന്ത്യന്‍ ടീം അംഗം കൂടിയാണ് ആഷിഖ്. രണ്ട് സീസണില്‍ അണ്ടര്‍ 18 ഐ ലീഗില്‍ പുണെ എഫ്.സിയുടെ ജഴ്സിയണിഞ്ഞു. മലപ്പുറം എം.എസ്.പി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍നിന്നാണ് പുണെ എഫ്.സിയുടെ അക്കാദമിയിലത്തെിയത്. ഇവിടെനിന്ന് എഫ്.സി പുണെ സിറ്റിയിലും. ക്യാമ്പംഗങ്ങളുമായി ഏറെനേരം സംവദിച്ച ആഷിഖ് കുട്ടികള്‍ക്കൊപ്പം അല്‍പനേരം പന്തുതട്ടിയാണ് മടങ്ങിയത്. മുന്‍ ടാറ്റ ടീ ഗോള്‍കീപ്പര്‍ ഷക്കീല്‍ പുതുശ്ശേരിയാണ് ക്യാമ്പിലെ പരിശീലകന്‍. ഉപ്പൂടന്‍ ഷൗക്കത്ത്, ക്ളബ് പ്രസിഡന്‍റ് സമീര്‍ പണ്ടാറക്കല്‍, ട്രഷറര്‍ സാഹിര്‍ പന്തക്കലകത്ത്, നജ്മുദ്ദീന്‍ കല്ലാമൂല, ഷാഫി പാലക്കന്‍, മുസ്തഫ പള്ളിത്തൊടി, സലീം ചിറക്കല്‍, ഒൗലന്‍ ബഷീര്‍, ഫായിസ്, സല്‍മാന്‍, റഫീഖ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.