മാല്‍കോ ടെക്സ് എം.ഡിക്കെതിരെ വിജിലന്‍സ് റിപ്പോര്‍ട്ട് ഉടന്‍

മലപ്പുറം: വ്യവസായ വകുപ്പിന് കീഴില്‍ കുറ്റിപ്പുറം കാര്‍ത്തല ചുങ്കത്ത് പ്രവര്‍ത്തിക്കുന്ന മലബാര്‍ കോഓപറേറ്റിവ് ടെക്സ്റ്റൈല്‍സ് ലിമിറ്റഡ് (മാല്‍കോ ടെക്സ്) എം.ഡി കെ. ശശീന്ദ്രനെതിരെ നടക്കുന്ന വിജിലന്‍സ് അന്വേഷണത്തില്‍ ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കോയമ്പത്തൂരിലെ പരുത്തി ഏജന്‍റ് രംഗനാഥന്‍ നല്‍കിയ പരാതിയില്‍ അന്വേഷണം ഏറക്കുറെ പൂര്‍ത്തിയായിട്ടുണ്ട്. അടുത്തയാഴ്ചതന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാകുമെന്ന് വിജിലന്‍സ് സൂചിപ്പിച്ചു. മാല്‍കോ ടെക്സിന്‍െറ അസംസ്കൃത വസ്തുവായ പരുത്തി മറ്റ് ഏജന്‍സികളെക്കാളും കുറഞ്ഞ വിലയില്‍ നല്‍കാന്‍ തയാറായിട്ടും തന്‍െറ ടെന്‍ഡര്‍ പരിഗണിച്ചില്ളെന്നും മുമ്പ് നല്‍കിയ പരുത്തിയുടെ വില നല്‍കാന്‍ തയാറായില്ളെന്നുമായിരുന്നു രംഗനാഥന്‍െറ പരാതി. മില്ലിലേക്ക് ആവശ്യമായ ഓട്ടോ കോണര്‍ മെഷീന്‍ ന്യായവിലയില്‍ ലഭ്യമാക്കാമെന്നും രംഗനാഥന്‍ അറിയിച്ചിരുന്നു. എന്നാല്‍, ഈ ടെന്‍ഡര്‍ പരിഗണിക്കാതെ സര്‍ക്കാറിന് നഷ്ടമുണ്ടാക്കുന്ന തരത്തില്‍ കൂടിയ വിലയിലാണ് മെഷീനുകള്‍ മറ്റു ഏജന്‍സികളില്‍നിന്ന് വാങ്ങിയതെന്നും രംഗനാഥന്‍ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം, യൂത്ത് കോണ്‍ഗ്രസ് നേതാവ് ഇഫ്തിഖാറുദ്ദീനും മാല്‍കോ ടെക്സ് ജീവനക്കാരുടെ കൂട്ടായ്മയും നല്‍കിയ പരാതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതായും വിജിലന്‍സ് അറിയിച്ചു. തൃശൂര്‍ കോഓപറേറ്റിവ് സ്പിന്നിങ് മില്ലിന്‍െറ എം.ഡി കൂടിയായ ശശീന്ദ്രനെതിരെ തൃശൂര്‍ വിജിലന്‍സ് കോടതി ത്വരിത പരിശോധനക്ക് ഉത്തരവിട്ടിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.