ബസ് കസ്റ്റഡിയിലെടുത്തു; കണ്ടക്ടറും ഡ്രൈവറും അറസ്റ്റില്‍

തേഞ്ഞിപ്പലം: സ്ഥിരമായി ദേശീയപാതയില്‍ റോഡിന് മധ്യത്തില്‍ നിര്‍ത്തി യാത്രക്കാരെ കയറ്റുന്നത് ചോദ്യം ചെയ്ത ഹോംഗാര്‍ഡിന് ബസ് ജീവനക്കാരുടെ ഭീഷണി. ഇതോടെ, നിറയെ യാത്രക്കാരുമായി പോവുകയായിരുന്ന ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. കാലിക്കറ്റ് സര്‍വകലാശാല ബസ്സ്റ്റോപ്പിലാണ് സംഭവം. ശനിയാഴ്ച വൈകീട്ടോടെയാണ് തേഞ്ഞിപ്പലം എസ്.ഐയത്തെി ബസ് കസ്റ്റഡിയിലെടുത്തത്. കോഴിക്കോട്ടുനിന്ന് തൃശൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ത്രയംബകന്‍ ബസിലെ ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. പൊലീസ് പറയുന്നത് ഇങ്ങനെ: ദേശീയപാത ഇടിമൂഴിക്കലില്‍ ബസ് നടുറോഡില്‍ നിര്‍ത്തി യാത്രക്കാരെ കയറ്റുന്നത് നിത്യസംഭവമാണ്. മാത്രമല്ല വിദ്യാര്‍ഥികളെ ബസില്‍ കയറ്റാറുമില്ല. സ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോംഗാര്‍ഡ് ബസ് ജീവനക്കാരോട് ഇക്കാര്യം പറഞ്ഞപ്പോള്‍ ബസ് ദേഹത്തേക്ക് കയറ്റുമെന്നായിരുന്നു ഭീഷണി. വെള്ളിയാഴ്ച ബസ് പൊലീസ് സ്റ്റേഷന് മുന്നില്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും ജീവനക്കാര്‍ വഴങ്ങിയില്ല. ശനിയാഴ്ചയും ബസ് നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവര്‍ നിര്‍ത്താതെ പോയി. ഇതോടെ കാലിക്കറ്റ് സര്‍വകലാശാല സ്റ്റോപ്പില്‍ ബസ് എത്തിയ ഉടന്‍ പൊലീസത്തെി സ്റ്റേഷനിലേക്ക് മാറ്റാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ കണ്ടക്ടര്‍ യാത്രക്കാര്‍ക്ക് പണം തിരികെ നല്‍കി. ബസ് ഡ്രൈവര്‍ ബാലുശ്ശേരി സ്വദേശി ജോണ്‍ പി. പീറ്റര്‍ (36), കണ്ടക്ടര്‍ തിരൂര്‍ സ്വദേശി വജീഷ് (27) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് തേഞ്ഞിപ്പലം എസ്.ഐ എ. അഭിലാഷ് പറഞ്ഞു. ബസ് യാത്ര പാതിവഴിയില്‍ നിര്‍ത്തിയതോടെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള നിരവധി യാത്രക്കാരാണ് പെരുവഴിയിലായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.