തേങ്ങാച്ചോറും കപ്പബിരിയാണിയുമെല്ലാം റെഡി; വരൂ, കുടുംബശ്രീയുടെ ഹോട്ടലിലേക്ക്

മഞ്ചേരി: തേങ്ങാച്ചോറും നെയ്ച്ചോറും ദം ബിരിയാണിയും കിഴിബിരിയാണിയുമടക്കം മലബാറിന്‍െറ രുചിവിഭവങ്ങള്‍ മിക്കതും ആസ്വദിച്ച് കഴിക്കാന്‍ വരൂ, ഒമ്പത് സ്ത്രീകള്‍ ചേര്‍ന്നാരംഭിച്ച ‘കഫേശ്രീ’യിലേക്ക്. പെണ്‍കൂട്ടായ്മയില്‍ കുടുംബശ്രീയുടെ തണലില്‍ ആരംഭിച്ച ഈ ഹോട്ടല്‍ കച്ചേരിപ്പടി ഇന്ദിരാഗാന്ധി സ്മാരക ബസ് ടെര്‍മിനലിന് എതിര്‍വശത്തെ എ.സി കെട്ടിടത്തിലാണ്. മഞ്ചേരി കുടുംബശ്രീ സി.ഡി.എസിലെ സുഹ്റയും രാധയുമടങ്ങുന്ന ഒമ്പതുപേരാണ് സംരംഭത്തിന് പിന്നില്‍. മായം ചേരാതെ തനി നാടന്‍വിഭവങ്ങളാണ് ലക്ഷ്യമെന്നും ഇവയുടെ പാചകം മുതല്‍ മുഴുവന്‍ കാര്യങ്ങളും സ്ത്രീകള്‍ തന്നെയാണ് ചെയ്യുന്നതെന്നും പദ്ധതിക്ക് നേതൃത്വം നല്‍കുന്ന സുഹ്റ പറയുന്നു. പൊതുവിപണിയെ അപേക്ഷിച്ച് മിതമായ വിലയില്‍ ഗുണനിലവാരത്തോടെ ഭക്ഷണം വിളമ്പാനാവുമെന്നാണ് പ്രതീക്ഷ. പാലപ്പം, തട്ടില്‍കുട്ടി ദോശ, പൂവട, കപ്പ ബിരിയാണി, കലത്തപ്പം, ഇറച്ചിപ്പത്തിരി, നാടന്‍ ഊണ്, വിവിധ സസ്യാഹാരങ്ങള്‍ തുടങ്ങിയവയുമുണ്ടാവും. രാവിലെ ആറുമുതല്‍ വൈകീട്ട് ഒമ്പതുവരെ പ്രവര്‍ത്തിക്കും. കുടുംബശ്രീ ജില്ല മിഷനും നഗരസഭയിലെ കുടുംബശ്രീ യൂനിറ്റുമാണ് മുഴുവന്‍ സഹായവും നല്‍കിയത്. മഞ്ചേരിയിലെ സര്‍ക്കാര്‍ ഓഫിസുകളും കോടതികളും മിനി സിവില്‍ സ്റ്റേഷനുമടക്കം പ്രവര്‍ത്തിക്കുന്നതിനടുത്താണ് പുതിയ ഭക്ഷ്യകേന്ദ്രം. എം. ഉമ്മര്‍ എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ വി.എം. സുബൈദ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹരികിഷോര്‍, സി.ഡി.എസ് അധ്യക്ഷരായ എം.ടി. ഫാത്തിമ, ഷാഹിന, കുടുംബശ്രീ മെമ്പര്‍ സെക്രട്ടറി മാധവന്‍, നിഷാം എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.