കുടിവെള്ളത്തിനും സംവിധാനമായി; ചേനപ്പാടി ആദിവാസികളുടെ ദുരിതം തീരുന്നു

കോളനിയിലേക്കുള്ള റോഡും ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യം കാളികാവ്: ചോക്കാട് ചേനപ്പാടി ആദിവാസികള്‍ താമസിക്കുന്ന കളക്കുന്ന് കോളനിയുടെ ദുരിതത്തിന് പരിഹാരമാവുന്നു. കോളനിയിലെ കുടുംബങ്ങള്‍ക്കുവേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ത്തിയായതോടെയാണിത്. രണ്ടുവര്‍ഷം മുമ്പ് ചേനപ്പാടി കോളനിയില്‍നിന്ന് പുനധിവസിപ്പിച്ച ഇവർക്ക് അടിസ്ഥാന സൗകര്യങ്ങള്‍ തയാറായി വരികയാണ്. പുല്ലങ്കോട് എസ്‌റ്റേറ്റിനോട് ചേര്‍ന്ന് ഉള്‍വനത്തിലാണ് ചേനപ്പാടിക്കാര്‍ കഴിഞ്ഞിരുന്നത്. മരം വീണ് ആദിവാസി ബാലന്‍ മരിച്ചതോടെയാണ് ഇവരെ കളക്കുന്ന് കോളനിയിൽ പുനരധിവസിപ്പിച്ചത്. ആദ്യം പുല്ലങ്കോട് ലേബര്‍ വെല്‍ഫെയര്‍ കേന്ദ്രത്തില്‍ താൽക്കാലികമായി താമസിപ്പിച്ചു. പിന്നീടാണ് കളക്കുന്ന് കോളനിയിലേക്ക് പത്ത് കുടുംബങ്ങളെയും മാറ്റിത്താമസിപ്പിച്ചത്. 'ആശിച്ച ഭൂമി ആദിവാസിക്ക് സ്വന്തം' പദ്ധതയില്‍ ഭൂമി നല്‍കിയാണ് കുടിയിരുത്തിയത്. പട്ടികവര്‍ഗ വികസന വകുപ്പ് ഐ.ടി.ഡി.പി കോര്‍പസ് ഫണ്ട് ഉപയോഗിച്ചാണ് കോളനിക്കകത്ത് നടപ്പാത നിര്‍മിച്ചത്. കോര്‍പസ് ഫണ്ടില്‍ നിന്ന് 4,95,000 രൂപ വകയിരുത്തി നടപ്പാത ടൈല്‍സ് വിരിച്ചു. വാഹനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ പറ്റുന്ന തരത്തിലാണ് ടൈല്‍സ് പതിച്ചിരിക്കുന്നത്. അവശേഷിക്കുന്ന ഭാഗം കോൺക്രീറ്റ് കൂടി കഴിഞ്ഞാല്‍ മഴക്കാലത്തും ഇവിടേക്ക് വാഹന ഗതാഗതം സാധ്യമാവും. പെടയന്താളില്‍നിന്ന് കോളനിയിലേക്ക് എത്തിപ്പെടാന്‍ എളുപ്പമാണ്. എന്നാല്‍, രണ്ട് തോടുകള്‍ക്ക് കുറുകെ ചെറു പാലങ്ങള്‍ കൂടി പണിതാല്‍ യാത്ര ഏളുപ്പമാവും. പരുത്തിപ്പറ്റയിലൂടെ കോളനിയിലേക്ക് എത്തിപ്പെടാനുള്ള റോഡ് ഗതാഗതം ദുഷ്‌കരമാണെങ്കിലും കോളനിയില്‍ എത്തിയാല്‍ സഞ്ചാരം സുഗമമാണ്. കോളനിയിലേക്കുള്ള റോഡും ഗതാഗത യോഗ്യമാക്കണമെന്ന ആവശ്യവും ആദിവാസികള്‍ ഉന്നയിക്കുന്നു. കോളനിക്കാരുടെ ഏറ്റവും വലിയ പ്രശ്‌നം കുടിവെള്ളത്തിന് സംവിധാനമില്ലാത്തതായിരുന്നു. ഇതിന് പരിഹാരമായി ആഴത്തിലുള്ള കിണറും ടാങ്കും സ്ഥാപിച്ചു. വെള്ളം ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. പമ്പ് ഹൗസിന് വൈദ്യുതി കണക്ഷന്‍ കൂടി കിട്ടിക്കഴിഞ്ഞാല്‍ കുടിവെള്ള പ്രശ്‌നം പൂര്‍ണമായി പരിഹരിക്കപ്പെടും. പടം- 1. ചോക്കാട് ചേനപ്പാടി കളക്കുന്ന് കോളനിയിലെ പുതിയ നടപ്പാത 2. -കോളനിയിലെ കിണറും പമ്പ് ഹൗസും
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.